കേരള ക്രിക്കറ്റ് ലീഗ്: കിരീടം തൂക്കാൻ ആലപ്പി റിപ്പിൾസ്
text_fieldsആലപ്പി റിപ്പിൾസ് സ്ക്വാഡ്
സീസണിന് മുമ്പുതന്നെ കെ.സി.എല്ലിനുള്ള തയാറെടുപ്പ് തുടങ്ങി. അതിന്റെ ഫലം ലേലത്തിൽ കണ്ടു. വിചാരിച്ച എല്ലാ താരങ്ങളെയും ടീമിലെത്തിക്കാനായി. ചെന്നൈയിലും ആലപ്പുഴയിലുമായിരുന്നു പരിശീലനം. ഇനി ഗ്രൗണ്ടിൽ കാണാം. -സോണി ചെറുവത്തൂർ (മുഖ്യ പരിശീലകൻ)
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ വമ്പൻ മത്സരങ്ങൾക്ക് ഓളം തീർക്കാൻ ആലപ്പുഴയുടെ ചുണ്ടൻമാർ വരുന്നു. ആദ്യ സീസണിൽ കാര്യവട്ടത്ത് പെയ്തിറങ്ങിയ റൺമഴയിൽ തുഴമറന്ന് മുങ്ങിപ്പോയ ടീം ഇത്തവണ രണ്ടും കൽപ്പിച്ചാണ്. കഴിഞ്ഞവർഷം വെടിക്കെട്ട് ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ റിപ്പിൾസ് 10 കളികളിൽ ഏഴും തോറ്റ് പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു.
അസ്ഹറുദ്ദീൻ തന്നെയാണ് ഇത്തവണയും നായകൻ. ആദ്യ സീസണിൽ റൺ വേട്ടക്കാരിൽ നാലാമനായ അസ്ഹർ 10 കളികളിൽനിന്ന് 410 റൺസാണ് അടിച്ചുകൂട്ടിയത്. അസ്ഹറിനുശേഷം മധ്യനിരയിൽനിന്ന് ആർക്കും സ്കോർ ബോർഡിലേക്ക് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ പുതുക്കിപ്പണിത ടീമിനെയാണ് കളത്തിലിറക്കുന്നത്. അസറുദ്ദീന് പുറമെ ചൈനമാൻ ബൗളറും ഐ.പി.എല്ലിലെ മുംബൈ ഇന്ത്യൻസ് താരവുമായ വിഘ്നേഷ് പുത്തൂർ, ആൾ റൗണ്ടറും ഇടംകൈയൻ സ്പിന്നറുമായ അക്ഷയ് ചന്ദ്രൻ, അസ്ഹറുദ്ദീൻ കഴിഞ്ഞാൽ കഴിഞ്ഞ സീസണിൽ ടീമിനായി കൂടുതൽ റൺസ് സംഭാവന ചെയ്ത അക്ഷയ് ടി.കെ എന്നിവരെ മാത്രമാണ് നിലനിർത്തിയത്.
12.40 ലക്ഷത്തിന് ടീമിലെത്തിച്ച ജലജ് സക്സേനയിൽ ടീം വലിയ സ്വപ്നങ്ങളാണ് കാണുന്നത്. ജലജിന്റെ ആദ്യ കെ.സി.എൽ സീസണാണ് ഇത്തവണത്തേത്. കഴിഞ്ഞ എൻ.എസ്.കെ ട്രോഫിയിലടക്കം കൂറ്റൻ ഷോട്ടുകളുമായി തിളങ്ങിയ താരം കെ.എ. അരുൺ, വിക്കറ്റ് കീപ്പർ ബാറ്റർമാരായ ആകാശ് പിള്ള, മുഹമ്മദ് കൈഫ്, ആൾ റൗണ്ടർമാരായ ശ്രീരൂപ്, അഭിഷേക് നായർ, ബാലു ബാബുവുമൊക്കെയാണ് ഇത്തവണ ആലപ്പുഴ ചുണ്ടന്റെ പ്രധാന തുഴക്കാർ.
ഫോമിലുള്ള എൻ.പി. ബേസിലായിരിക്കും ബൗളിങ് നിരയെ നയിക്കുക. കഴിഞ്ഞ സീസണിൽ കൊല്ലത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ബേസിൽ രഞ്ജി ട്രോഫിയിലടക്കം തിളങ്ങിയിരുന്നു. രാഹുൽ ചന്ദ്രനും മുഹമ്മദ് നസീലും ആദിത്യ ബൈജുവുമാണ് മറ്റ് പേസർമാർ. കെ.സി.എല്ലിന്റെ അവസാനഘട്ടത്തിൽ അസ്ഹറുദ്ദീനും ബേസിലും ദുലീപ് ട്രോഫി സൗത്ത് സോണിനുവേണ്ടി കളിക്കാൻ പോകുന്നതാണ് ടീം നേരിടുന്ന വെല്ലുവിളി. ലീഗിലെ ആദ്യ എട്ട് മത്സരങ്ങളും വിജയിച്ച് നോക്കൗട്ട് ഉറപ്പാക്കാനാവും ടീം ലക്ഷ്യമിടുന്നത്. അസ്ഹറിന്റെ അഭാവത്തിൽ അക്ഷയ് ചന്ദ്രൻ ടീമിനെ നയിക്കും. മുൻ കേരള രഞ്ജി ക്യാപ്റ്റർ സോണി ചെറുവത്തൂരാണ് രണ്ടാം സീസണിൽ ടീമിന്റെ മുഖ്യ പരീശീലകൻ.
ആലപ്പി റിപ്പിൾസ് സ്ക്വാഡ്: മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), അക്ഷയ് ചന്ദ്രൻ (വൈസ് ക്യാപ്റ്റൻ), വിഘ്നേഷ് പുത്തൂർ, രാഹുൽ ചന്ദ്രൻ, അഭിഷേക് പി. നായർ. ആദിത്യ ബിജു, ആകാശ് സി. പിള്ള, അക്ഷയ് ടി.കെ, അനുജ് ജോട്ടിൻ, അർജുൻ നമ്പ്യാർ, അരുൺ കെ.എ, ബാലു ബാബു, ജലജ് സക്സേന, എം.പി. ശ്രീരൂപ്, മുഹമ്മദ് കൈഫ്, മുഹമ്മദ് നസീൽ, എൻ.പി ബേസിൽ, രാഹുൽ ചന്ദ്രൻ, ശ്രീഹരി എസ്. നായർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

