കേരള ക്രിക്കറ്റ് ലീഗ്: ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടികയായി
text_fieldsതിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലം ജൂലൈ അഞ്ചിന് നടക്കാനിരിക്കെ, ഓരോ ടീമും നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഏരീസ് കൊല്ലം സെയിലേഴ്സും ആലപ്പി റിപ്പിൾസും കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സും നാല് താരങ്ങളെ വീതവും ട്രിവാൻട്രം റോയൽസ് മൂന്ന് താരങ്ങളെയും നിലനിർത്തി.
പരമാവധി നാല് താരങ്ങളെയാണ് ടീമിന് നിലനിർത്താനാവുക. കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ് ടീമുകൾ ഒരു താരത്തെയും നിലനിർത്തിയില്ല. എ കാറ്റഗറിയിൽപെട്ട സച്ചിൻ ബേബിയെയും എൻ.എം. ഷറഫുദ്ദീനെയും ബി വിഭാഗത്തിൽപെട്ട അഭിഷേക് ജെ. നായരെയും സി വിഭാഗത്തിൽപെട്ട ബിജു നാരായണനെയുമാണ് നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സ് നിലനിർത്തിയത്. ആദ്യ സീസണിൽ, ടീമിന്റെ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച താരങ്ങളാണ് ഇവരെല്ലാം.
സച്ചിനെ ഏഴര ലക്ഷം രൂപ നൽകിയാണ് ടീം നിലനിർത്തിയത്. മറുവശത്ത് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ താരമായിരുന്നു ഷറഫുദ്ദീൻ. കഴിഞ്ഞ സീസണിൽ കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരമായ ഷറഫുദ്ദീനെ അഞ്ചു ലക്ഷം രൂപക്കാണ് നിലനിർത്തിയത്. കഴിഞ്ഞ സീസണിലാകെ 328 റൺസ് നേടിയ അഭിഷേക് ജെ. നായർക്കും 17 വിക്കറ്റുകൾ നേടിയ ബിജു നാരായണനും ഒന്നര ലക്ഷം വീതമാണ് ലഭിക്കുക. എ കാറ്റഗറിയിൽപെട്ട മുഹമ്മദ് അസ്ഹറുദ്ദീൻ, അക്ഷയ് ചന്ദ്രൻ, വിഘ്നേഷ് പുത്തൂർ, ബി കാറ്റഗറിയിൽപെട്ട അക്ഷയ് ടി.കെ എന്നിവരെയാണ് ആലപ്പി റിപ്പിൾസ് നിലനിർത്തിയത്. നാല് അർധ സെഞ്ച്വറികളടക്കം 410 റൺസ് അടിച്ചുകൂട്ടിയ അസ്ഹറുദ്ദീനെ ഏഴര ലക്ഷം നൽകിയാണ് ടീം നിലനിർത്തിയത്. മുംബൈ ഇന്ത്യൻസിലൂടെ ഐ.പി.എല്ലിൽ ശ്രദ്ധേയനായ വിഘ്നേഷ് പുത്തൂരിന് 3.75 ലക്ഷവും ഓൾ റൗണ്ടർമാരായ അക്ഷയ് ചന്ദ്രന് അഞ്ചു ലക്ഷവും അക്ഷയ് ടി.കെക്ക് ഒന്നര ലക്ഷവും ലഭിക്കും.
എ കാറ്റഗറിയിൽപെട്ട രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, അഖിൽ സ്കറിയ എന്നിവരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ് നിലനിർത്തി. സൽമാൻ നിസാറിന് അഞ്ചു ലക്ഷവും ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന് ഏഴര ലക്ഷം രൂപയുമാണ് ഗ്ലോബ്സ്റ്റേഴ്സ് ചെലവഴിച്ചത്. കഴിഞ്ഞ സീസണിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തുകയും ഓൾ റൗണ്ട് മികവുമായി കളംനിറയുകയും ചെയ്ത അഖിൽ സ്കറിയക്ക് 3.75 ലക്ഷം രൂപ ലഭിക്കും. അൻഫലിനെ ഒന്നര ലക്ഷത്തിനാണ് നിലനിർത്തിയത്. ബി കാറ്റഗറിയിൽപെട്ട ഗോവിന്ദ് ദേവ് പൈ, സി കാറ്റഗറിയിൽപെട്ട എസ്. സുബിൻ, വിനിൽ ടി.എസ് എന്നിവരെയാണ് ട്രിവാൻട്രം റോയൽസ് റീട്ടെയിൻ ചെയ്തത്. മൂവർക്കും ഒന്നര ലക്ഷം രൂപ വീതമാണ് ലഭിക്കുക. ആകെ 50 ലക്ഷം രൂപയാണ് ഓരോ ടീമിനും ലേലത്തിൽ ചെലവഴിക്കാനാവുക.
ഐ.പി.എല്‍ താരലേലമുള്പ്പെടെ നിയന്ത്രിച്ച ചാരു ശര്‍മയുടെ നേതൃത്വത്തിലാകും ലേലം നടക്കുക. മൂന്ന് വിഭാഗങ്ങളിലായി ഇന്ത്യൻ താരം സഞ്ജു സാംസൺ അടക്കം 170 താരങ്ങളെയാണ് ലേലത്തിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറുവരെയാണ് രണ്ടാം സീസൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

