കേരള ക്രിക്കറ്റ് ലീഗ്: തൃശൂർ ടൈറ്റൻസിന് ജയം
text_fieldsതൃശൂർ ക്യാപ്റ്റൻ വരുൺ നായനാറിന്റെ ബാറ്റിങ്
തിരുവനന്തപുരം: പച്ചപ്പാടത്ത് ഇരപിടിക്കാനിറങ്ങിയ നീലക്കടുവകളെ വരുണാസ്ത്രം കൊണ്ട് തുരത്തി തൃശൂർ. കേരള ക്രിക്കറ്റ് ലീഗിൽ കരുത്തരായ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ഏഴ് വിക്കറ്റിന് തകർത്താണ് ടൈറ്റൻസ് വിജയം സ്വന്തമാക്കിയത്. മഴമൂലം 16 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചി നാല് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തപ്പോൾ ഓരോവർ ബാക്കി നിൽക്കെ, മൂന്ന് വിക്കറ്റ് നഷ്ടത്തിൽ തൃശൂർ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ക്യാപ്റ്റൻ വരുൺ നായനാറിന്റെ അർധ സെഞ്ച്വറിയാണ് (38 പന്തിൽ പുറത്താകാതെ 64 റൺസ്) വിജയം അനായാസമാക്കിയത്.
ടോസ് നേടിയ തൃശൂർ ക്യാപ്റ്റൻ വരുൺ നായനാർ കൊച്ചിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ, കളിയുടെ മൂന്നാം ഓവറിൽ തന്നെ മഴ കളി മുടക്കി. എന്നാൽ, 15 മിനിറ്റിനുള്ളിൽ മഴ തോർന്നതോടെ പുനരാരംഭിച്ചു. ഇടക്ക് വീണ്ടും കളി മുടങ്ങിയതോടെ വി.ജെ.ഡി നിയപ്രകാരം 16 ഓവറായി വെട്ടിച്ചുരുക്കുകയായിരുന്നു. 23 പന്തിൽ 47 റൺസടിച്ച നിഖിൽ തോട്ടത്താണ് കൊച്ചിയുടെ ടോപ് സ്കോറർ. 16 ഓവറിൽ 130 റൺസടിച്ച കൊച്ചിക്കെതിരെ വി.ജെ.ഡി നിയപ്രകാരം വിജയലക്ഷ്യം തൃശൂരിന് 16 ഓവറിൽ 136 റൺസായിരുന്നു. വരുണിനൊപ്പം വിഷ്ണുവിനോദിന്റെയും (46) തകർപ്പൻ ഇന്നിങ്സിലൂടെ കടുവകളെ കൂട്ടിലടക്കുകയായിരുന്നു.

