'ഒരോ റണ്ണിനും 1000രൂപ വീതം'; അസ്ഹറുദ്ദീന് പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയഷൻ
text_fieldsകൊച്ചി: മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിലെ അവിസ്മരണീയ പ്രകടനത്തോടെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ അസ്ഹറുദ്ദീന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ വക പാരിതോഷികം. അസ്ഹറുദ്ദീന്റെ ഓരോ റൺസിനും 1000രൂപ വീതം നൽകാനാണ് തീരുമാനം. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശ്രീജിത്ത് വി.നായറാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
137 റൺസെടുത്ത അസ്ഹറുദ്ദീന് ഇതോടെ 1,37,000രൂപയാണ് ലഭിക്കുക. വാംഖഡെ സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ അസ്ഹറുദ്ദീന്റെ ഉജ്ജ്വലപ്രകടനത്തിന്റെ കരുത്തിൽ കേരളം മുംബൈയെ എട്ട് വിക്കറ്റിന് തകർത്തിരുന്നു.
ഓപ്പണറായിറങ്ങിയ മുഹമ്മദ് അസ്ഹറുദ്ദീന് 54 പന്തില്‍ ഒന്‍പത് ഫോറും 11 സിക്സും സഹിതം 137 റണ്‍സുമായി കേരളത്തെ വിജയത്തിലെത്തിച്ചിരുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ ഒരു കേരള താരം സെഞ്ചുറി നേടുന്നത് ഇതാദ്യമായാണ്. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്, കമേന്ററ്റർ ഹർഷ ഭോഗ്ലെ അടക്കമുള്ളവർ അസ്ഹറുദ്ദീന് അഭിനന്ദനവുമായി എത്തിയിരുന്നു.

