അപരാജിതിന് അഞ്ച് വിക്കറ്റ്, ത്രിപുര 203ന് പുറത്ത്; കേരളത്തിന് 145 റൺസിന്‍റെ വമ്പൻ ജയം
text_fieldsമത്സരത്തിൽ സെഞ്ച്വറി നേടിയ വിഷ്ണു വിനോദ്
അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ത്രിപുരക്കെതിരം 145 റൺസിനാണ് കേരളം ജയിച്ചത്. 349 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ത്രിപുര 2013 റൺസിന് പുറത്തായി. 67 റൺസ് നേടിയ ശ്രിദം പോളാണ് അവരുടെ ടോപ് സ്കോറർ. നേരത്തെ അർധ സെഞ്ച്വറി നേടിയ ബാബ അപരാജിത്, അഞ്ച് വിക്കറ്റ് നേടി ത്രിപുരയുടെ ബാറ്റിങ് നിരയെ കൂടാരം കയറ്റുന്നതിലും നിർണായക പങ്കുവഹിച്ചു. ആറ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. സ്കോർ: കേരളം -50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 348, ത്രിപുര -36.5 ഓവറിൽ 203ന് പുറത്ത്.
ഓപണർമാർ നൽകിയ മികച്ച തുടക്കം മുതലാക്കാനാകാതെയാണ് ത്രിപുരയുടെ ബാറ്റിങ് നിര തകർന്നടിഞ്ഞത്. ഒന്നാം വിക്കറ്റിൽ 60 റൺസ് പിറന്നെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു. ശ്രിദം പോളിന് പുറമെ തേജസ്വി ജയ്സ്വാൾ (40), ഉദിയൻ ബോസ് (29), രജത് ദേയ് (21) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റർമാർ. കേരളത്തിനായി തുടക്കത്തിൽ അങ്കിത് ശർമ, വിഗ്നേഷ് പുത്തൂർ, എം.ഡി. നിതീഷ്, കെ.എം. ആസിഫ് എന്നിവർ വിക്കറ്റുകൾ നേടിയപ്പോൾ, മധ്യനിരയേയും വാലറ്റത്തേയും അപരാജിത് കൂടാരം കയറ്റി. വെള്ളിയാഴ്ച കർണാടകക്കെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.
ആദ്യം ബാറ്റു ചെയ്ത കേരളം വിഷ്ണു വിനോദിന്റെ സെഞ്ച്വറിയുടെയും (102 നോട്ടൗട്ട്), ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെ മിന്നുന്ന തുടക്കത്തിന്റെയും (94) ബലത്തിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 348 റൺസെടുത്തു. ഇന്ത്യൻ താരം സഞ്ജു സാംസൺ ഇല്ലാതെയാണ് കേരളം കളിക്കാനിറങ്ങിയത്. അഭിഷേക് നായർ (21), അഹമ്മദ് ഇംറാൻ (0), ബാബ അപരാജിത് (64), അങ്കിത് ശർമ (28), മുഹമ്മദ് അസ്ഹറുദ്ദീൻ (1), അഖിൽ സ്കറിയ (18), എം.ഡി നിധീഷ് (0) എന്നിങ്ങനെയാണ് മറ്റു കേരള താരങ്ങളുടെ സംഭാവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

