ക്ഷമയോടെ ബാറ്റുവീശി കേരളം; അസ്ഹറുദ്ദീന് അർധ സെഞ്ച്വറി; സചിൻ പുറത്ത്; സ്കോർ 250 കടന്നു
text_fieldsഅഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിൽ കരുത്തരായ ഗുജറാത്തിനെതിരെ രണ്ടാംദിനവും ബാറ്റിങ്ങിൽ ക്ഷമ കൈവിടാതെ കേരളം. നിലവിൽ ഒന്നാം ഇന്നിങ്സിൽ 104 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ കേരളം 257 റൺസെടുത്തിട്ടുണ്ട്.
അർധ സെഞ്ച്വറിയുമായി മുഹമ്മദ് അസ്ഹറുദ്ദീനും (110 പന്തിൽ 59 റൺസ്) സൽമാൻ നിസാറുമാണ് (50 പന്തിൽ 18) ക്രീസിൽ. രണ്ടാംദിനം നായകൻ സചിൻ ബേബിയുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. രണ്ടാംദിനം അർസാൻ നഗ്വാസ്വല്ലയെറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ആര്യൻ ദേശായിക്ക് ക്യാച്ച് നൽകിയാണ് സചിൻ പുറത്തായത്. 195 പന്തിൽ എട്ടു ഫോറടക്കം 69 റൺസാണ് സമ്പാദ്യം. ആദ്യ ഫൈനൽ സ്വപ്നം കാണുന്ന കേരളം, ആതിഥേയർക്കെതിരെ കരുതലോടെ കളിച്ചാണ് സ്കോർ ഉയർത്തുന്നത്.
മൂന്നാംദിനം മുതൽ ബൗളർമാർക്ക് അനുകൂലമാകുന്നതാണ് പിച്ച്. അതുകൊണ്ടുതന്നെ വലിയ ലീഡ് നേടിയാൽ ഗുജറാത്തിനെ പ്രതിരോധത്തിലാക്കാമെന്നാണ് ടീമിന്‍റെ കണക്കുകൂട്ടൽ. നാല് വിക്കറ്റിന് 206 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് ഒരു റൺ കൂട്ടിചേർക്കുന്നതിനു മുമ്പേ സചിനെ നഷ്ടമായി. നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപണർമാരായ രോഹൻ കുന്നുമ്മലും (30) അക്ഷയ് ചന്ദ്രനും (30) കരുതലോടെ ബാറ്റ് വീശി മികച്ച തുടക്കം നൽകി. എന്നാൽ ഇടവേളകളിൽ വിക്കറ്റെടുത്ത ആതിഥേയ ബൗളർമാർ കേരളത്തിന്റെ മുൻനിര ബാറ്റർമാർക്ക് മികച്ച ഇന്നിങ്ങ്സിന് അവസരം നൽകിയില്ല. ഓപണർമാർക്ക് പിന്നാലെ വന്ന വരുൺ നായനാറും (10) ജലജ് സക്സേനയും (30) ചെറിയ സ്കോറിന് പുറത്തായി. എതിരാളികളുടെ വിക്കറ്റുകൾ എളുപ്പം വീഴ്ത്തി മൽസരത്തിൽ പിടിമുറുക്കുകയാവും ഗുജറാത്തിന്റെ ലക്ഷ്യം.
മൽസരം സന്തുലിതമായ ആദ്യ ദിവസം വേഗത്തിൽ സ്കോർ ചെയ്യുന്നതിന് പകരം ക്രീസിൽ അടിയുറച്ച് കളിക്കാനുറച്ച കേരളം കളിച്ച 89 ഓവറുകളിൽ 470 പന്തും റണ്ണെടുക്കാതെ വിടുകയായിരുന്നു. നേടിയ 206 റൺസിനിടെ ആകെ പിറന്നത് 25 ബൗണ്ടറികളും.
രാവിലെ മുതൽ കൃത്യതയോടെ പന്തെറിഞ്ഞ ഗുജറാത്ത് ബൗളർമാർക്ക് തുടക്കത്തിൽ കേരളത്തിന്റെ ഓപണർമാർ അവസരങ്ങൾ നൽകിയില്ല. എന്നാൽ സ്കോർ 60 റൺസിലെത്തി നിൽക്കെ അനാവശ്യമായ റണ്ണൗട്ട് ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. ഫീൽഡറുടെ നേരെ പന്തടിച്ച് ഇല്ലാത്ത റണ്ണിനോടിയ രോഹൻ കുന്നുമ്മലിന്റെ വിളി കേട്ട് ക്രീസ് വിട്ട അക്ഷയ് ചന്ദ്രന് വിക്കറ്റ് ത്യജിക്കേണ്ടി വന്നു. തെറ്റിന് പരിഹാരം കാണാൻ രോഹന് അവസരവുമുണ്ടായില്ല. സമ്മർദ്ദത്തിലായ രോഹൻ തൊട്ടു പിറകെ രവി ബിഷ്ണോയിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. തുടർന്നെത്തിയ അരങ്ങേറ്റക്കാരനായ വരുൺ നായനാരും പ്രതിരോധത്തിന്റെ വഴിയാണ് സ്വീകരിച്ചത്. 55 പന്തിൽ വെറും പത്ത് റൺസ് മാത്രമെടുത്ത വരുണിനെ പ്രിയജിത് സിങ് ജഡേജയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഉർവ്വിൽ പട്ടേൽ പിടിച്ച് പുറത്താക്കുമ്പോൾ കേരളം മൂന്നിന് 86.
നല്ല തുടക്കത്തിന് ശേഷം പ്രതിസന്ധിയിലേക്ക് നീങ്ങിയ ടീമിന്റെ ഭാരം ചുമലിലേറ്റിയ നായകൻ സചിൻബേബിക്ക് പരിചയ സമ്പന്നനായ ജലജ് സക്സേന കൂട്ടിനെത്തിയതോടെ വൻ അപകടം ഒഴിവായി. മോശം പന്തുകൾ തെരഞ്ഞെടുത്ത് മാത്രം ശിക്ഷിച്ച ഇരുവരും സ്കോർ പതുക്കെ മുന്നോട്ട് നയിച്ചു. നാലാം വിക്കറ്റിൽ ഇരുവരും തമ്മിലെ കൂട്ടുക്കെട്ട് 71 റൺസിലെത്തി നിൽക്കെ അർസൻ നഗ്വാസ്വെല്ല 30 റൺസെടുത്ത ജലജ് സക്സേനയുടെ കുറ്റിയിളക്കി. തുടർന്നെത്തിയ മുഹമ്മദ് അസ്ഹറുദ്ദീൻ കഴിഞ്ഞ മൽസരത്തിലെ ഫോം തുടർന്നു. അസ്ഹറിന്റെ പിന്തുണയിൽ ശ്രദ്ധയോടെ ബാറ്റ് വീശിയ ക്യാപ്റ്റൻ സച്ചിൻ ബേബി സീസണിലെ നാലാമത്തെ അർധശതകവും പിന്നിട്ടു. 193 പന്തുകൾ നേരിട്ട സചിന്റെ ഇന്നിങ്സിൽ എട്ട് ബൌണ്ടറികൾ പിറന്നു. അവസാന ഓവറുകളിൽ പുതിയ പന്തെടുത്ത ഗുജറാത്തിന്റെ ചിന്തൻ ഗജ എറിഞ്ഞ അവസാന പന്തിൽ അസ്ഹറുദ്ദീനെ അമ്പയർ വിക്കറ്റിന് മുന്നിൽ കുരുങ്ങിയതായി വിധിച്ചെങ്കിലും റിവ്യൂവിൽ ജീവൻ രക്ഷിച്ചെടുക്കാനായത് കേരളത്തിന് വൻ ആശ്വാസമായി.
ജമ്മുവിനെതിരായ ക്വാർട്ടർ കളിച്ച ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. ഷോൺ റോജർക്ക് പകരം വരുൺ നായനാർക്കും പേസർ ബേസിൽ തമ്പിക്ക് പകരം സ്പിന്നറായ അഹ്മദ് ഇമ്രാനും രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മൽസരത്തിന് അവസരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

