കെ.സി.എൽ: സെമി ഉറപ്പിച്ച് തൃശൂർ ടൈറ്റൻസ്; കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോൽപിച്ചു
text_fieldsതിരുവനന്തപുരം: കെ.സി.എൽ മൂന്നാംസീസണിൽ സെമി ഉറപ്പിച്ച് തൃശൂർ ടൈറ്റൻസ്. അവസാന ഓവറുകളിലെ ആവേശത്തിലേക്ക് നീണ്ട പോരാട്ടത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോല്പിച്ചാണ് തൃശൂർ അവസാന നാലിൽ ഇടംപിടിക്കുന്ന ആദ്യ ടീമായത്. ആദ്യം ബാറ്റ് ചെയ്ത സെയിലേഴ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. ടൈറ്റൻസ് നാല് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം കൈവരിച്ചു. സെമി ബെർത്തിനായി ജയം അനിവാര്യമായ മത്സരത്തിൽ സെയിലേഴ്സിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. ഫോമിലുള്ള അഭിഷേക് ജെ. നായരെ (1) പുറത്താക്കി ശരത്ചന്ദ്രപ്രസാദ് തുടർച്ചയായ മൂന്നാം മത്സരത്തിലും തൃശൂരിന് മികച്ച തുടക്കം നൽകി. അടുത്ത ഓവറിൽ സെയിലേഴ്സിന്റെ ക്യാപ്റ്റൻ വത്സൽ ഗോവിന്ദിനെയും (6) ശരത് മടക്കി.
എന്നാൽ മറുവശത്ത് ഉറച്ചുനിന്ന ആനന്ദ് കൃഷ്ണന്‍റെ ഇന്നിങ്സ് സെയിലേഴ്സിന് തുണയായി. അജിനാസിനും അജു പൗലോസിനുമൊപ്പം ചേർന്ന് ആനന്ദ് മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തി. മൈതാനത്തിന്റെ നാനാഭാഗത്തേക്കും തകർപ്പൻ ഷോട്ടുകൾ പായിച്ച ആനന്ദ് 65 റൺസ് നേടി. തുടരെ വിക്കറ്റുകൾ വീണപ്പോഴും ഒരു വശത്ത് ഉറച്ചുനിന്ന അർജുൻ വേണുഗോപാലിന്‍റെ ഇന്നിങ്സാണ് സെയിലേഴ്സിന്‍റെ സ്കോർ 150 കടത്തിയത്. അർജുൻ 31 റൺസെടുത്തു. ടൈറ്റൻസിന് വേണ്ടി ശരത്ചന്ദ്രപ്രസാദും ബിജു നാരായണനും മൂന്ന് വിക്കറ്റ് വീതവും മുഹമ്മദ് ഇനാൻ രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് സ്കോർ 32ൽ നിൽക്കെ കെ.ആർ. രോഹിതിന്റെ (27) വിക്കറ്റ് നഷ്ടമായി. പത്ത് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അഹമ്മദ് ഇമ്രാനും (6) മടങ്ങി.
15 റൺസെടുത്ത എം.എസ്. അഖിൽ കൂടി മടങ്ങുമ്പോൾ അഞ്ച് വിക്കറ്റിന് 96 റൺസെന്ന നിലയിലായിരുന്നു ടൈറ്റൻസ്. അഞ്ച് വിക്കറ്റുകൾ ശേഷിക്കെ 35 പന്തുകളിൽ നിന്ന് 65 റൺസായിരുന്നു ടൈറ്റൻസിന് ജയിക്കാൻ വേണ്ടിയിരുന്നത്. സെയിലേഴ്സ് പിടിമുറുക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ മനഃസാന്നിധ്യത്തോടെ ബാറ്റ് വീശിയ നിഖിൽ തോട്ടത്തിലിന്‍റെയും എസ്. ഷാരോണിന്‍റെയും ഇന്നിങ്സാണ് ടീമിന് വിജയമൊരുക്കിയത്.
ഷറഫുദ്ദീൻ എറിഞ്ഞ 17-ാം ഓവറിൽ 21 റൺസ് നേടിയതാണ് കളിയുടെ ഗതി മാറ്റിയത്. തൊട്ടടുത്ത ഓവറിൽ കെ.ജി. അഖിലിനെതിരെ നിഖിൽ തോട്ടത്ത് തുടരെ ഫോറും സിക്സും നേടി. ഓവറിലെ അവസാന പന്തിൽ ഷാരോൺ പുറത്തായെങ്കിലും തുടർന്നെത്തിയ മുഹമ്മദ് ഇനാൻ നിഖിലിന് മികച്ച പിന്തുണയായി. അവസാന ഓവറിലെ രണ്ടാം പന്ത് സിക്സർ പറത്തി ഇനാൻ ടീമിനെ വിജയത്തിലെത്തിച്ചു. നിഖിൽ 22 പന്തുകളിൽ നിന്ന് 41ഉം ഇനാൻ അഞ്ച് പന്തുകളിൽ നിന്ന് 17ഉം റൺസ് നേടി പുറത്താകാതെ നിന്നു. സെയിലേഴ്സിന് വേണ്ടി മുഹമ്മദ് ഇഷാഖ് രണ്ട് വിക്കറ്റ് വീഴ്ത്തി. പോയന്‍റ് പട്ടികയിൽ ഒന്നാമതെത്തിയാണ് തൃശൂർ സെമി ബെർത്ത് ഉറപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

