ബിജു ഹീറോയാടാ! അവസാന ഓവറിൽ രണ്ടു സിക്സുകൾ; കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ഒരു വിക്കറ്റിന് കീഴടക്കി കൊല്ലം സെയ്ലേഴ്സ്
text_fieldsതിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിന് നാടകീയ ജയം. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ ഒരുവിക്കറ്റിനാണ് നിലവിലെ ജേതാക്കളായ കൊല്ലം കീഴടക്കിയത്.
അവസാന ഓവറിൽ തുടര്‍ച്ചയായി രണ്ട് സിക്സുകൾ നേടി ബിജു നാരായണനാണ് ടീമിനെ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് 18 ഓവറിൽ 138 റൺസിന് എല്ലാവരും പുറത്തായി. ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്ലത്തിന് അവസാന ഓവറിൽ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ ജയിക്കാന്‍ 14 റണ്‍സ് വേണ്ടിയിരുന്നു. രണ്ടു സിക്സുകൾ നേടി ബിജു നാരായണൻ ടീമിന്‍റെ രക്ഷകനായി അവതരിച്ചു. 19ാം ഓവറിൽ ഏദൻ ആപ്പിൾ ടോം നേടിയ സിക്സും നിർണായകമായി.
ഒരു പന്ത് ബാക്കി നിൽക്കെയാണ് കൊല്ലത്തിന്‍റെ ജയം. പിരിയാത്ത പത്താം വിക്കറ്റിൽ ഇരുവരും 13 പന്തിൽ നേടിയ 24 റൺസാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ബിജു നാരായണൻ ഏഴു പന്തിൽ രണ്ടു സിക്സുകൾ സഹിതം 15 റൺസെടുത്തും ആപ്പിൾ ടോം ആറു പന്തിൽ ഒരു സിക്സ് സഹിതം 10 റൺസെടുത്തും പുറത്താകാതെ നിന്നു. 31 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 41 റൺസെടുത്ത വത്സൽ ഗോവിന്ദാണ് കൊല്ലത്തിന്റെ ടോപ് സ്കോറർ. സച്ചിൻ ബേബി (21 പന്തിൽ 24), ഓപ്പണർ അഭിഷേക് നായർ (20 പന്തിൽ 21), എ.ജി. അമൽ (18 പന്തിൽ 14) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ വിഷ്ണു വിനോദിനെ നഷ്ടമായ കൊല്ലം തോൽവിയുടെ വക്കിൽനിന്നാണ് ജയം പിടിച്ചെടുത്തത്. കാലിക്കറ്റിനായി നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി അഖിൽ സ്കറിയ നാലു വിക്കറ്റെടുത്തു. എസ്. മിഥുൻ മൂന്നും എം.യു. ഹരികൃഷ്ണൻ, മനു കൃഷ്ണൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തേ, ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ അര്‍ധ സെഞ്ച്വറിയാണ് കാലിക്കറ്റിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 22 പന്തില്‍ നിന്ന് ആറ് സിക്സും മൂന്ന് ഫോറുമടക്കം രോഹന്‍ 54 റണ്‍സെടുത്തു. സുരേഷ് സച്ചിന്‍ (10), അഖില്‍ സ്‌കറിയ (7), എം. അജിനാസ് (3), പി. അന്‍ഫല്‍ (9) എന്നിവരെല്ലാം നിരാശപ്പെടുത്തി. 18 പന്തില്‍ 21 റണ്‍സെടുത്ത സല്‍മാന്‍ നിസാറിന്റെയും 14 പന്തില്‍ 25 റണ്‍സെടുത്ത മനു കൃഷ്ണന്റെയും ഇന്നിങ്സുകളാണ് കാലിക്കറ്റിനെ പൊരുതാനുള്ള സ്കോറിൽ എത്തിച്ചത്.
മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഷറഫുദ്ദീനും നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ അമല്‍ എ.ജിയുമാണ് കാലിക്കറ്റിനെ ചെറിയ സ്കോറിലൊതുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

