കെ.സി.എ പ്രസിഡന്റ്സ് ട്രോഫി: റോയൽസിനും ലയൺസിനും ജയം
text_fieldsആലപ്പുഴ: കെ.സി.എ പ്രസിഡന്റ്സ് ട്രോഫിയിൽ റോയൽസിനും ലയൺസിനും ജയം. റോയൽസ് ഈഗിൾസിനെ ഒമ്പത് വിക്കറ്റിനും ലയൺസ് പാന്തേഴ്സിനെ ആറ് വിക്കറ്റിനുമാണ് തോല്പിച്ചത്. റോയൽസ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും ലയൺസ് രണ്ടാം സ്ഥാനത്തുമാണ്. ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. വത്സൽ ഗോവിന്ദ് 57 പന്തിൽ 73ഉം അബ്ദുൽ ബാസിത് 13 പന്തിൽ 30 റൺസും നേടി. ലയൺസിനുവേണ്ടി ഹരികൃഷ്ണൻ മൂന്നും ഷറഫുദ്ദീൻ രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലയൺസിനായി ആൽഫി ഫ്രാൻസിസ് 22 പന്തിൽ 59 റൺസ് നേടി. ഗോവിന്ദ് പൈ 49 റൺസുമായി പുറത്താകാതെ നിന്നു. നാല് ഓവർ ബാക്കിനിൽക്കെ ലയൺസ് ലക്ഷ്യത്തിലെത്തി.
രണ്ടാം മത്സരത്തിൽ ജോബിൻ ജോബിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് റോയൽസിന് അനായാസ വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഈഗിൾസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. വിഷ്ണുരാജ് 36 പന്തിൽ 50 റൺസടിച്ചു. സ്കോർ ബോർഡ് തുറക്കും മുമ്പെ രോഹിത് കെ.ആർ പുറത്തായെങ്കിലും വിപുൽ ശക്തി - ജോബിൻ ജോബി കൂട്ടുകെട്ട് റോയൽസിന് കരുത്തായി. ഇരുവരും ചേർന്നുള്ള 176 റൺസിന്റെ അപരാജിത സഖ്യം 15.4 ഓവറിൽ റോയൽസിനെ വിജയത്തിലെത്തിച്ചു. ജോബിൻ 52 പന്തിൽ ആറ് ഫോറും 11 സിക്സുമടക്കം 107 റൺസുമായി പുറത്താകാതെ നിന്നു. വിപുൽ ശക്തി പുറത്താകാതെ 58 റൺസ് നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.