Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഎല്ലാ സീസണിലും...

എല്ലാ സീസണിലും ‘അൺസോൾഡ്’; ട്രയൽസിൽ പന്തെറിഞ്ഞത് കടം വാങ്ങിയ ഷൂസുമായി; ഇന്ന് മൂല്യം 8.40 കോടി; താരലേലത്തി​ലെ പാവം കോടീശ്വരൻ ആക്വിബ്

text_fields
bookmark_border
auqib nabi
cancel
camera_alt

ആക്വിബ് നബി

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ വലംകൈയൻ മീഡിയം പേസ് ബൗളർ ആക്വിബ് നബിക്ക് വയസ് 29 ആയി. ആഭ്യന്തര ക്രിക്കറ്റിൽ ഫസ്റ്റ് ക്ലാസിലും ട്വന്റി20യിലുമായി കഴിഞ്ഞ ഏഴ് വർഷമായി സ്ഥിരതയാർന്ന പ്രകടനം. ലിസ്റ്റ് എയും, രഞ്ജിയും, ട്വന്റി20യും ഉൾപ്പെടെ 100ൽ ഏറെ മത്സരങ്ങൾ. എന്നിട്ടും, കഴിഞ്ഞ സീസൺ വരെ ഐ.പി.എൽ താരലേലത്തിൽ ആർക്കും വേണ്ടാത്ത ‘അൺസോൾഡ്’ താരമായിരുന്നു കശ്മീരിലെ മഞ്ഞുപുതഞ്ഞു നിൽക്കുന്ന ബാരമുള്ളയിൽ നിന്നുള്ള ഈ യുവതാരം. എന്നാൽ, ഇതെല്ലാം ഇനി പഴങ്കഥകളാണ്. ജമ്മു കശ്മീരിലും ഹിമാലയൻ താഴ്വരയിലും മാത്രമൊതുങ്ങിയ ആക്വിബ് നബി ദറിന്റെ പോരാട്ടകഥകൾ രാജ്യമൊന്നാകെ അറിഞ്ഞുതുടുങ്ങി. ചൊവ്വാഴ്ച അബുദബിയിൽ നടന്ന ഐ.പി.എൽ താരലേലമേശയിൽ നിന്നാണ് കശ്മീരുകാരന്റെ ക്രിക്കറ്റ് കരിയറിന്റെ രണ്ടാം അധ്യായം ആരംഭിക്കുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഐ.പി.എൽ താരലേലത്തിന് ലിസ്റ്റ് ചെയ്യുന്നവരുടെ പട്ടികയിൽ ആക്വിബിനും ഇടമുണ്ടായിരുന്നു. എന്നാൽ, ആ പേര് എടുക്കുമ്പോഴേക്കും എല്ലാ ഫ്രാഞ്ചൈസികളും തങ്ങളുടെ ടാർഗറ്റ് പൂർത്തിയാക്കി ലേലവിളി നിർത്തി മടങ്ങും. അങ്ങനെ ഐ.പി.എല്ലിലെ അൺസോൾഡ് താരമെന്ന മേൽവിലാസം ആക്വിബിന് പുത്തരിയല്ലാതായി മാറി. ടൂർണമെന്റിൽ കളിക്കുന്ന ഹാഫ് ഡസൻ ടീമുകളെങ്കിലും ആക്വിബിനെ ട്രയൽസിന് വിളിച്ചിട്ടുണ്ട്. ടീം പ്രഖ്യാപനം എന്ന കാര്യത്തോടടുക്കുമ്പോൾ അവർക്കും വേണ്ടാതാവും. അനുഭവങ്ങളിൽ പാകപ്പെട്ട മനസ്സുമായി തന്നെയാണ് ഇത്തവണയും ലേ​ല മേശയിൽ ആക്വിബ് എത്തിയത്. എന്നാൽ, ഇന്നലെ ആ ചരിത്രം മാറിമറിഞ്ഞു.

30 ലക്ഷം വിലയിട്ട കശ്മീരി താരത്തിനായി ടീമുകൾ വാശിയോടെ വിളി തുടങ്ങി. ​രാജസ്ഥാൻ റോയൽസാണ് ആദ്യം രംഗ​ത്തിറങ്ങിയത്. പിന്നാലെ, നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു റോയൽ ചലഞ്ചേഴ്സും കച്ചമുറുക്കിയിറങ്ങി. ഡൽഹി കാപിറ്റൽസും, സൺറൈസേഴ്സ് ഹൈദരാബാദും കൂടി പ്രവേശിച്ചതോടെ ആക്വിബിനായുള്ള യുദ്ധം മുറുകി. ഒടുവിൽ അടിസ്ഥാന തുകയേക്കാൾ 28 മടങ്ങുമായി 8.40 കോടിക്ക് ഡൽഹി കാപിറ്റൽസ് തന്നെ സ്വന്തമാക്കി.

കഴിഞ്ഞ വർഷം ട്രയൽസിനായി ക്ഷണിച്ച് ടീമിൽ ഉൾപ്പെടുത്താൻ താൽപര്യം കാണിച്ച ഡൽഹി തന്നെയാണ് ആക്വിബിനെ കോടികൾ എറിഞ്ഞ് പിടിച്ചതെന്നത് മധുര പ്രതികാരം പോലെയായിരുന്നു. ​ക്രിക്കറ്റ് ആരാധകരെ പോലും ഞെട്ടിച്ച മൂല്യവുമായാണ് കശ്മീരി താരം ഐ.പി.എല്ലിൽ അരങ്ങേറാൻ ഒരുങ്ങുന്നത്.

തന്റെ സ്വപ്നസാക്ഷാത്കാര നിമിഷം പങ്കുവെച്ചുകൊണ്ട് ആക്വിബിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു ‘അവസാനം ആ നിമിഷം വന്നെത്തി. ഒന്നും സംഭവിച്ചില്ലായിരുന്നുവെങ്കിലും എന്നെ ഇതൊന്നും ബാധിക്കില്ലായിരുന്നു. ഒഴിവാക്കലുകളോ​ട് നേരത്തെ പൊരുത്തപ്പെട്ടിരുന്നു. കൂടുതൽ കഠിനാധ്വാനത്തോടെ തന്നെ ഞാൻ വീണ്ടും കളിക്കും’ -കഴിഞ്ഞ വർഷങ്ങളിലും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഐ.പി.എല്ലിലേക്ക് വാതിൽ തുറക്കാതിരുന്നതിന്റെ സങ്കടം താരം പറഞ്ഞുവെക്കുന്നു.

സയ്ദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിൽ ഉജ്വല പ്രകടനവുമായാണ് ഇത്തവണ ഐ.പി.എൽ വാതിൽ തള്ളിത്തുറന്നത്. ഏഴ് മത്സരങ്ങളിൽ നിന്നായി 15 വിക്കറ്റുകൾ. മധ്യപ്രദേശിനെതിരായ മത്സരത്തിൽ 21 പന്തിൽ 32 റൺസുമായി നിർണായക ഇന്നിങ്സ്. രഞ്ജി ട്രോഫി സീസണിൽ ഒമ്പത് ഇന്നിങ്സുകളിൽ നിന്നായി 29 വിക്കറ്റുമായി പട്ടികയിൽ രണ്ടാമൻ. രാജസ്ഥാനെതിരെ 24 റൺസ് വഴങ്ങി നേടിയ ഏഴ് വിക്കറ്റ് ഉൾപ്പെടെ മൂന്ന് അഞ്ച് വിക്കറ്റ് പ്രകടനങ്ങൾ. ഇതൊക്കെ തന്നെ ധാരളമായിരുന്നു ആക്വിബിനായി ടീമുകൾക്ക് പണമെറിയാൻ.

2024-25 രഞ്ജി സീസണിൽ 44 വിക്കറ്റും, ദുലീപ് ട്രോഫിയിൽ നോർത് സോണിനായി മിന്നും പ്രകടനവുമെല്ലാം ആക്വിബ് പുറത്തെടുത്തിരുന്നു.

‘നിങ്ങളെ തേടി അർഹമായ അംഗീകാരമെത്താതിരിക്കുമ്പോഴും, പ്രകടനം അതേ നിലയിൽ തുടരുകയെന്നത് കഠിനമാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാൽ, ഇത് അവഗണയിലും മാനസികമായി ക​രുത്തോടെ തുടരാൻ എനിക്ക് ആവശേമായി. ടീമിന്റെ ഭാഗമായെങ്കിലും കളിക്കാനാകുമോ ഇല്ലേ, മത്സരഫലമെന്താവും എന്നതിനെ കുറിച്ചൊന്നും ഞാൻ ആലോചിക്കുന്നില്ല. എന്റെ ശ്രദ്ധ ഓരോ മത്സരത്തിലുമാണ്. ആ നിമഷത്തിൽ ഏറ്റവും നല്ല പ്രകടനം പുറത്തെടുക്കുക. ഭാവിയിലോ, കഴിഞ്ഞതിലോ അല്ല ജീവിക്കുന്നത് -അവഗണനകൾ പാകം വരുത്തിയ മനസ്സുമായി ഒരു തത്വജ്ഞാനിയെ പോലെ ആക്വിബ് സംസാരിക്കുന്നു.

​നാട്ടിലൊരു അക്കാദമി; ആക്വിബ് സ്വപ്നം കാണുന്നു

ഐ.പി.എല്ലിൽ വൻ തുക പ്രതിഫലമായി ലഭിച്ചതോടെ തന്റെ ജന്മനാടായ ബാരമുള്ളയിൽ ഒരു ക്രിക്കറ്റ് അക്കാദമി ആരംഭിക്കുന്നതിനെ കുറിച്ചാണ് താരത്തിന്റെ ചിന്ത. ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിച്ച കാലത്ത് മെച്ചപ്പെട്ട കോച്ചിങ് തേടി ബംഗളൂരുവിൽ പോയി പരിശീലനം നടത്തിതിന്റെ ഓർമയിലാണ് ആക്വിബ് വരും തലമുറക്കായി സ്വന്തം നാട്ടിൽ ഒരു അക്കാദമിയെ കുറിച്ച് ചിന്തിക്കുന്നത്.

ബാരമുള്ളയിലെ സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ പിതാവ് ഗുലാം നബി ദറിന് പഠിക്കാൻ മിടുക്കനായ മകനെ ഡോക്ടർ ആകാനായിരുന്നു സ്വപ്നം. ‘ടെന്നിസ് ബാളിലായിരുന്നു ഞാൻ കളി തുടങ്ങിയത്. സുഹൃത്ത് ജമ്മു കശ്മീർ ക്രിക്കറ്റ് അകാദമി സെലക്ഷന് പോയപ്പോഴാണ് അത്തരമൊരു സാധ്യതയെ കുറിച്ച് ഞാനും ചിന്തിക്കുന്നത്. അവൻ പറഞ്ഞതു വഴി ക്യാമ്പിലെ സൗകര്യങ്ങൾ അറിഞ്ഞു. അങ്ങനെ ഞാനും ട്രയൽസിന് പോയി. പക്ഷേ, രണ്ട് മൂന്നു വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടില്ല’ -ആക്വിബ് പറയുന്നു.

2016ൽ അണ്ടർ 19 വിഭാഗത്തിലേക്കാണ് ആദ്യമായി സെലക്ഷൻ ലഭിക്കുന്നത്. കൂച്ച് ബിഹാർ ട്രോഫി ടീമിലേക്കായിരുന്നു ആ അവസരമെത്തിയത്. ശേഷം, അണ്ടർ 23 ടീമും മൂന്നു വർഷം വരെ കളിച്ചു. 2020ൽ രഞ്ജി ട്രോഫി ടീമിലും ഇടം നേടി.

മകനെ ഡോക്ടറായി കാണാൻ ​ആഗ്രഹിച്ച് പിതാവ്, ആക്വിബ് ക്രിക്കറ്റിലേക്ക് തിരിഞ്ഞപ്പോൾ ഞെട്ടി. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. എന്നാൽ, സ്വപ്നത്തിനു പിന്നാലെ തന്നെയായി മകൻ. അണ്ടർ 19 ടീമിൽ തെരഞ്ഞെടുത്തതോടെ പിതാവ് പിന്തുണ നൽകി. അധികം വൈകാതെ തന്നെ അദ്ദേഹം മക​ന്റെ ആരാധകനുമായി മാറി.

കടം വാങ്ങിയ സ്പൈക്കിൽ തുടങ്ങിയ സ്വപ്നയാത്ര

ക്രിക്കറ്ററാവാനുള്ള മോഹത്തിനിടെ സ്വപ്നതുല്യമായ യാത്രക്കിടയിലെ ദുരിത യാത്ര ഫലപ്രാപ്തിയിലെത്തിയതിന്റെ സന്തോഷത്തിലാണ് ആക്വിബ്. ആ യാത്രയെ അദ്ദേഹം ഓർക്കുന്നത് ഇങ്ങനെ. ‘അന്ന് ആദ്യമായി ജമ്മുവിൽ ട്രയൽസിൽ പ​ങ്കെടുക്കാൻ പോയപ്പോഴാണ് അറിഞ്ഞത് പന്തെറിയണമെങ്കിൽ സ്പൈക് വേണമെന്ന്. അന്ന് അണിഞ്ഞത് 500 രൂപയുടെ സ്​പോർട്സ് ഷൂ മാത്രമായിരുന്നു. സീനിയർ താരത്തിൽ നിന്ന് ഒരു ജോടി സ്പൈക് കടംവാങ്ങിയാണ് പന്തെറിഞ്ഞത്. അണ്ടർ 19 ടീം മിൽ ഇടം നേടിയപ്പോഴും അണിയാൻ സ്വന്തമായി സ്പൈക് ഇല്ലായിരുന്നു. അന്നും, സുഹൃത്തായ മറ്റൊരു താരമായിരുന്നു അവന്റെ ഒരു ജോടി സ്പൈക്ക് നൽകിയത്. അങ്ങനെ, കടംവാങ്ങിയ സ്പൈകുമായി കളിച്ച നേടിയ ആദ്യ മാച്ച് ഫീയിൽ നിന്നും സ്വന്തമായൊരു സ്പൈക്ക് വാങ്ങിയ സംഭവം ആക്വിബ് അഭിമാനത്തോടെ ഓർത്തെടുക്കുന്നു.

വലിയ സ്വപ്നങ്ങളിലേക്ക് ആദ്യ ചുവടായി മാറിയ ആ സ്പൈക്കുകൾ ബാരാമുള്ളയിലെ തന്റെ വീട്ടിൽ നിധിപോലെ സൂക്ഷിച്ചുവെച്ചതായി താരം പറയുന്നു. ഐ.പി.എൽ എന്ന സ്വപ്നസാക്ഷാത്കാരത്തിന്റെ വലിയ കടമ്പയും പൂർത്തിയാക്കിയ ആക്വിബിന്റെ അടുത്ത ലക്ഷ്യം ഇന്ത്യ കുപ്പായമാണ്. ആക്വിബ് ഇന്ത്യൻ കുപ്പായമണിയുന്നത് സ്വപ്നം കാണുന്ന നാട്ടുകാർക്ക് അവൻ ബാരമുള്ള ഡെയിൽ സ്റ്റെയിൻ ആണ്. ദുലീപ് ട്രോഫിയിൽ നോർത് സോൺ ടീമിൽ സഹതാരങ്ങളായിരുന്ന അർഷ്ദീപ് സിങും, ഹർഷിദ് റാണയും കൂട്ടുകാരന് ആത്മവിശ്വാസം പകർന്ന് ഒപ്പമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu KashmirIPL AuctionCricket NewsIndian Premier LeagueDelhi CapitalsAuqib Nabi
News Summary - Kashmir jubilant after Baramulla pacer picked up for ₹8.4 crore
Next Story