കരുൺ നായരുടെ ടെസ്റ്റ് കരിയറിന് അവസാനമോ? ആസ്ട്രേലിയക്കെതിരായ ചതുർദിന മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിൽ താരമില്ല
text_fieldsകരുൺ നായർ
മുംബൈ: ആസ്ട്രേലിയ എ ടീമിനെതിരായ ചതുർദിന മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിനെ അന്താരാഷ്ട്ര ബാറ്റർ ശ്രേയസ് അയ്യരാണ് നയിക്കുന്നത്. ലഖ്നോയിൽ സെപ്റ്റംബർ 16നും 23നുമാണ് മത്സരങ്ങൾ.
എന്നാൽ, സ്ക്വാഡിൽ മലയാളി താരം കരുൺ നായരെ ഉൾപ്പെടുത്താത്തത് പല അഭ്യൂഹങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്. 33കാരനായ കരുണിന്‍റെ ടെസ്റ്റ് കരിയറിന് അവസാനമായെന്നാണ് ക്രിക്കറ്റ് വിദഗ്ധർ പറയുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പര കരുണിന്‍റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരമാണെന്നും സെലക്ടർമാരുടെ റഡാറിൽനിന്ന് താരം പുറത്തുപോയെന്നതിന് തെളിവാണ് ഇന്ത്യ എ ടീമിൽനിന്ന് ഒഴിവാക്കിയതെന്നും വിലയിരുത്തുന്നു.
എട്ടുവർഷത്തിന് ശേഷമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ കരുൺ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നത്. പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചെങ്കിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആറു ഇന്നിങ്സുകളിൽ ഒരു അർധ സെഞ്ച്വറി മാത്രമാണ് എടുത്തുപറയാവുന്ന പ്രകടനം. അതും അവസാന ടെസ്റ്റിൽ. 2016ൽ ഇംഗ്ലണ്ടിനെതിരെ ട്രിപ്പ്ൾ സെഞ്ച്വറി നേടിയ താരം, ഹോം ടെസ്റ്റ് സീസണു മുന്നോടിയായി ടീം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ എ ടീമിൽ ഇടംപിടിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. സ്ക്വാഡിൽനിന്ന് തഴഞ്ഞതോടെ താരത്തിന്‍റെ അന്താരാഷ്ട്ര കരിയർ അനൗദ്യോഗികമായി അവസാനിച്ചെന്നാണ് ക്രിക്കറ്റ് പണ്ഡിറ്റുകൾ പറയുന്നത്.
ധ്രുവ് ജുറലാണ് ഇന്ത്യ എ ടീമിന്‍റെ വൈസ് ക്യാപ്റ്റൻ. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ യുവ വിക്കറ്റ് കീപ്പർ മികച്ച പ്രകടനം നടത്തിയിരുന്നു. റെഡ് ബാൾ ക്രിക്കറ്റിൽ ഇന്ത്യക്ക് ദീർഘകാലത്തേക്ക് ആശ്രയിക്കാവുന്ന താരമായാണ് ജുറലിനെ വിലയിരുത്തുന്നത്. കെ.എൽ. രാഹുൽ, മുഹമ്മദ് സിറാജ് എന്നിവർ രണ്ടാം മത്സരത്തിൽ ടീമിനൊപ്പം ചേരും. കാൽമുട്ടിനേറ്റ പരിക്കിൽനിന്ന് മുക്തനായ നിതീഷ് കുമാർ റെഡ്ഡി ടീമിൽ മടങ്ങിയെത്തി.
ഇന്ത്യ എ സ്‌ക്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ, എൻ. ജഗദീശൻ, സായ് സുദർശൻ, ധ്രുവ് ജുറൽ, ദേവ്ദത്ത് പടിക്കൽ, ഹർഷ് ദുബെ, ആയുഷ് ബദോനി, നിതീഷ് കുമാർ റെഡ്ഡി, തനുഷ് കോടിയൻ, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ഖലീൽ അഹ്മദ്, മാനവ് സുത്തർ, യാഷ് താക്കൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

