കരുണിന്‍റെ പോരാട്ടം വിഫലം; തുടർച്ചയായി മൂന്ന് റണ്ണൗട്ട്, ജയിച്ച കളി കൈവിട്ട് ഡൽഹി; മുംബൈ ജയം 12 റൺസിന്
text_fieldsന്യൂഡൽഹി: ജയിച്ച കളി കൈവിട്ട് ഡൽഹി, മുംബൈക്ക് അവിശ്വസനീയ ജയം! ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ 12 റൺസിനാണ് മുംബൈ ഇന്ത്യൻസ് വീഴ്ത്തിയത്.
ഇംപാക്ട് പ്ലെയറായി ഇറങ്ങി ശരിക്കും ഇപാക്ട് കാണിച്ച കരുൺ നായരുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയും വിഫലമായി. മുംബൈ കുറിച്ച 206 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹി 19 ഓവറിൽ 193 റൺസിന് ഓൾ ഔട്ടായി. അവസാന രണ്ടു ഓവറിൽ ഡൽഹിക്ക് 23 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്, കൈയിൽ മൂന്നു വിക്കറ്റും. ബുംറ എറിഞ്ഞ 19ാം ഓവറിലെ രണ്ടും മൂന്നു പന്തുകൾ ബൗണ്ടറി കടത്തി അശുതോഷ് ശർമ ടീമിന് വിജയപ്രതീക്ഷ നൽകിയെങ്കിലും നാലാം പന്തിൽ താരം റണ്ണൗട്ടായി മടങ്ങിയത് തിരിച്ചടിയായി. തൊട്ടടുത്ത പന്തിൽ കുൽദീപും ആറാം പന്തിൽ മോഹിത് ശർമയും സമാനരീതിയിൽ റണ്ണൗട്ടായതോടെ ഡൽഹിക്ക് സീസണിലെ ആദ്യ തോൽവി.
40 പന്തിൽ അഞ്ചു സിക്സും 12 ഫോറുമടക്കം 89 റൺസെടുത്താണ് കരുൺ പുറത്തായത്. അഭിഷേക് പോറെൽ 25 പന്തിൽ 33 റൺസെടുത്തു. മറ്റു താരങ്ങൾക്കൊന്നും തിളങ്ങാനായില്ല.
തിരിച്ചടിയോടെയാണ് ഡൽഹി ബാറ്റിങ് തുടങ്ങിയത്. ദീപക് ചഹർ എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഒപ്പണർ ജാക് ഫ്രേസർ മഗുർകിനെ ഡൽഹിക്ക് നഷ്ടമായി. രണ്ടാം വിക്കറ്റിൽ അഭിഷേക് പോറെലും കരുൺ നായരും ക്രീസിൽ നിലയുറപ്പിച്ചതോടെ ടീം സ്കോർ നൂറു കടന്നു. ഇരുവരും 61 പന്തിൽ 119 റൺസാണ് അടിച്ചുകൂട്ടിയത്. കരുൺ നായർ ഔട്ടാകുമ്പോൾ ടീം 11.4 ഓവറിൽ 135 റൺസെടുത്ത് വിജയപ്രതീക്ഷയിലായിരുന്നു. എന്നാൽ, പിന്നീട് വന്നവർക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല. 13 പന്തിൽ 15 റൺസെടുത്ത കെ.എൽ. രാഹുൽ കാൺ ശർമയുടെ പന്തിൽ ക്യാച്ച് നൽകി പുറത്തായി. നായകൻ അക്സർ പട്ടേൽ (ആറു പന്തിൽ ഒമ്പത്), ട്രിസ്റ്റൻ സ്റ്റബ്സ് (നാലു പന്തിൽ ഒന്ന്), വിപ്രാജ് നിഗം (എട്ടു പന്തിൽ 14), കുൽദീപ് യാദവ് (ഒന്ന്), മോഹിത് ശർമ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
മുംബൈക്കായി കാൺ ശർമ മൂന്നു വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റിന് 205 റൺസെടുത്തു. 33 പന്തിൽ 59 റൺസ് നേടിയ തിലക് വർമയാണ് ടോപ് സ്കോറർ. 17 പന്തിൽ 38 റൺസുമായി നമൻ ധിർ പുറത്താവാതെ നിന്നു. ഓപണർ റയാൻ റിക്കിൾട്ടൻ 25 പന്തിൽ 41ഉം സൂര്യകുമാർ യാദവ് 28 പന്തിൽ 40ഉം റൺസ് ചേർത്തു.
ടോസ് നേടിയ ഡൽഹി ഫീൽഡിങ് തെരഞ്ഞെടുത്തു. അഞ്ച് ഓവർ പൂർത്തിയാകവെ മുംബൈ ഓപണർ രോഹിത് ശർമയെ (12 പന്തിൽ 18) വിപ്രജ് നിഗം വിക്കറ്റിന് മുന്നിൽ കുടുക്കി. സ്കോർ ബോർഡിൽ അപ്പോൾ 47. തുടർന്ന് റിക്കിൾട്ടനും സൂര്യയും തിലകും ധിറും നടത്തിയ പോരാട്ടമാണ് ടീമിനെ 200 കടത്തിയത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ രണ്ട് റൺസിന് പുറത്തായി. ഡൽഹിക്കായി വിപ്രജും കുൽദീപ് യാദവും രണ്ട് വീതവും മുകേഷ് കുമാർ ഒരു വിക്കറ്റും വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.