വിജയ് ഹസാരെ ഫൈനൽ ശനിയാഴ്ച; മത്സരം കരുൺ നായരുടെ വിദർഭയും കരുത്തരായ കർണാടകയും തമ്മിൽ
text_fieldsവഡോദര: കരുത്തർ മുഖാമുഖം വരുന്ന വിജയ് ഹസാരെ ട്രോഫി ഫൈനൽ ഇന്ന്. റൺ മെഷീനായി മാറിയ കരുൺ നായർ നയിക്കുന്ന വിദർഭയും കരുത്തരായ കർണാടകയും തമ്മിലാണ് മത്സരം. ഏഴ് ഇന്നിങ്സുകളിൽ 112, 44, 163, 111, 112, 122, 88 എന്നിങ്ങനെ റണ്ണെടുത്ത കരുൺ നായർ ഒരു തവണ മാത്രമാണ് പുറത്തായത്- ശരാശരിയാകട്ടെ, 752ഉം. 2022-23 സീസണിൽ മഹാരാഷ്ട്ര ക്യാപ്റ്റനായിരുന്ന ഋതുരാജ് ഗെയ്ക്വാദ് നേടിയ 660 റൺസ് എന്ന വിജയ് ഹസാരെ ട്രോഫി റെക്കോഡ് കൂടിയാണ് ക്യാപ്റ്റനെന്ന നിലയിൽ കരുൺ നായർ തന്റെതാക്കിയത്.
ഇന്ന് 79 റൺസ് കൂടി നേടിയാൽ ഒറ്റ സീസണിൽ ഏറ്റവും കൂടുതൽ റൺസ് എന്ന നാരായൺ ജഗദീഷന്റെ റെക്കോഡും താരം മറികടന്നേക്കാം. കണ്ണഞ്ചും പ്രകടനവുമായി ടൂർണമെന്റിലുടനീളം നിറഞ്ഞുനിന്ന കരുൺ നായർക്ക് ദേശീയ ടീമിൽ ഇടം തിരിച്ചുപിടിക്കാനുള്ള അവസരം കൂടിയാണിത്.
ദേശീയ ടീം ഇപ്പോഴും സ്വപ്നം -കരുൺ നായർ
ബംഗളൂരു: അഞ്ചു സെഞ്ച്വറികളും 756 റൺസ് സമ്പാദ്യവുമായി വിജയ് ഹസാരെ ട്രോഫിയെ പുളകിതമാക്കിയ കരുൺ നായരാണിപ്പോൾ താരം. എട്ടു വർഷത്തിനുമുമ്പ് ദേശീയ ടീമിലെ വലിയ പേരായെത്തി അതിവേഗം ഇടം നഷ്ടപ്പെട്ട താരത്തിന് പ്രായം 33 എത്തിയെങ്കിലും ദേശീയ ജഴ്സി വീണ്ടും അണിയണമെന്നാണ് മോഹം. ‘‘രാജ്യത്തിനായി കളിക്കൽതന്നെ എപ്പോഴും എനിക്ക് സ്വപ്നം. അതിപ്പോഴുമുണ്ട്. അതിനായാണ് കളി തുടരുന്നത്. ഇതെന്റെ മൂന്നാം തിരിച്ചുവരവാണ്. പരമാവധി റൺ അടിച്ചുകൂട്ടണം. അതുമാത്രമേ എന്റെ പരിധിയിലുള്ളൂ. അതിനിപ്പോഴും സാധിക്കുന്നതിനാൽ സ്വപ്നം നിലനിൽക്കുന്നു.
പുതിയ മാറ്റത്തിന് വേറിട്ടതൊന്നും ചെയ്തിട്ടില്ല. വർഷങ്ങളുടെ കഠിനാധ്വാനമാകണം. കളിക്കുന്ന ഓരോ ഇന്നിങ്സിനെയും ഞാൻ ബഹുമാനിക്കുന്നു. വിദർഭ ടീമിനൊപ്പം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാൻ അവസരം ലഭിച്ചതിൽ നന്ദിയുണ്ട്. കുടുംബത്തോടെന്നപോലെയാണ് അവർ പെരുമാറുന്നത്. വർഷങ്ങൾ കൂടെ കളിച്ച ഒരാളെന്ന പോലെ’’- കരുൺ നായരുടെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

