സചിനല്ല! 36കാരനായ ഈ ബാറ്ററാണ് ‘ഇതിഹാസങ്ങളുടെ ഇതിഹാസം’; ധോണിയേക്കാൾ കേമനെന്നും കപിൽ
text_fieldsമുംബൈ: ചാമ്പ്യൻസ് ട്രോഫിയിൽ ആധികാരിക പ്രകടനത്തോടെയാണ് ഇന്ത്യ ഫൈനലിൽ എത്തിയിരിക്കുന്നത്. സെമിയിൽ കരുത്തരായ ആസ്ട്രേലിയയെ നാലു വിക്കറ്റിനാണ് രോഹിത് ശർമയും സംഘവും മുട്ടുകുത്തിച്ചത്. ‘ചേസ് മാസ്റ്റർ’ വിരാട് കോഹ്ലിയുടെ ബാറ്റിങ്ങാണ് വിജയത്തിൽ നിർണായകമായത്.
വമ്പൻ ടീമുകൾക്കെതിരെ, പ്രത്യേകിച്ചും ചേസ് ചെയ്യുമ്പോൾ തന്റെ പ്രതിഭയുടെ പൂർണതയിലേക്ക് എത്താറുള്ള കോഹ്ലി ഒരിക്കൽ കൂടി അത് തെളിയിച്ചു. 98 പന്തിൽ 84 റൺസുമായി കോഹ്ലി കളിയിലെ താരമായി. ഏകദിനത്തിൽ ചേസ് ചെയ്ത് 8000 റൺസ് പൂർത്തിയാക്കുകയും ചെയ്തു. ഇന്ത്യയുടെ പേസ് ഇതിഹാസവും മുൻ നായകനുമായ കപിൽ ദേവ് കോഹ്ലിയെ വാനോളം പുകഴ്ത്തി രംഗത്തെത്തി. ഇതിഹാസങ്ങളുടെ ഇതിഹാസം എന്നാണ് കപിൽ താരത്തെ വിശേഷിപ്പിച്ചത്.
മത്സരങ്ങൾ ജയിപ്പിക്കാനുള്ള കോഹ്ലിയുടെ കഴിവിനെ പ്രശംസിച്ച കപിൽ, മുൻ നായകൻ എം.എസ്. ധോണിയേക്കാൾ ഒരുപടി മുന്നിലാണ് കോഹ്ലിക്ക് നൽകുന്ന സ്ഥാനം. ‘വലിയ വെല്ലുവിളി ഏറ്റെടുക്കാനുള്ള ഗുണവിശേഷങ്ങൾ അദ്ദേഹത്തിനുണ്ടെന്ന് ഞാൻ കരുതുന്നു, അതാണ് അദ്ദേഹത്തിന്‍റെ ഊർജവും. അത്തരത്തിൽ കളിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം, വളരെ കുറച്ച് ക്രിക്കറ്റ് താരങ്ങൾക്കേ ആ സ്വഭാവം ഉള്ളൂ. മത്സരങ്ങൾ എങ്ങനെ ജയിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള മികവും ക്ലാസും അദ്ദേഹത്തിനുണ്ട്. ധോണിയും അത്തരത്തിലൊരു താരമായിരുന്നു, പക്ഷേ അവരേക്കാളൊക്കെ മുന്നിലാണ് കോഹ്ലിയുടെ സ്ഥാനം’ -ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ കപിൽ പറഞ്ഞു.
ഒന്നര വർഷം മുമ്പ് നടന്ന ലോകകപ്പ് ഫൈനലിൽ സ്വന്തം നാട്ടിലേറ്റ പരാജയത്തിന്‍റെ കണക്കുകൂടിയാണ് ദുബൈയിൽ ഇന്ത്യ തീർത്തത്. ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ട്രോഫി ഫൈനലാണിത്. സ്കോർ: ആസ്ട്രേലിയ - 49.3 ഓവറിൽ 264ന് പുറത്ത്, ഇന്ത്യ - 48.1 ഓവറിൽ ആറിന് 267. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് എതിരാളികൾ. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ 50 റൺസിന് തകർത്താണ് കീവീസ് ഫൈനലിന് യോഗ്യത നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

