തകർപ്പൻ ഫോം തുടർന്ന് കെയ്ൻ വില്യംസൺ; സെഞ്ച്വറി നേട്ടത്തിൽ ബ്രാഡ്മാനൊപ്പം
text_fieldsദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്സിലും സെഞ്ച്വറി നേടിയതോടെ ന്യൂസിലാൻഡ് ബാറ്റർ കെയ്ൻ വില്യംസൺ ചരിത്ര നേട്ടത്തിൽ. സ്വന്തം നാട്ടിൽ കൂടുതൽ സെഞ്ച്വറി നേടിയവരുടെ പട്ടികയിൽ ആസ്ട്രേലിയക്കാരനായ ഇതിഹാസ താരം ഡോൺ ബ്രാഡ്മാനും മുൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനും ഒപ്പമെത്തിയിരിക്കുകയാണ് മുൻ ന്യൂസിലാൻഡ് നായകൻ. 18 സെഞ്ച്വറികൾ വീതമാണ് മൂവരും സ്വന്തം നാട്ടിൽ നേടിയത്.
എന്നാൽ, 23 സെഞ്ച്വറികൾ വീതം നേടിയ മഹേല ജയവർധനെ (ശ്രീലങ്ക), ജാക്ക് കാലിസ് (ദക്ഷിണാഫ്രിക്ക), റിക്കി പോണ്ടിങ് (ആസ്ട്രേലിയ) എന്നിവരുടെ പേരിലാണ് ഇക്കാര്യത്തിൽ റെക്കോഡ്. ന്യൂസിലാൻഡിൽ 46 ടെസ്റ്റുകൾ കളിച്ച വില്യംസൺ 69.03 ശരാശരിയിൽ 4487 റൺസ് നേടിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ഇന്നിങ്സിൽ 132 പന്തിൽ 109 റൺസെടുത്ത വില്യംസൺ രണ്ടാം ഇന്നിങ്സിൽ 289 പന്തിൽ 118 റൺസെടുത്തതോടെ രണ്ടിന്നിങ്സിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ന്യൂസിലാൻഡുകാരനുമായി. ടെസ്റ്റിൽ 31 സെഞ്ച്വറികളാണ് വില്യംസന്റെ ഇതുവരെയുള്ള സമ്പാദ്യം. ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ 31 സെഞ്ച്വറി നേടിയവരിൽ സ്റ്റീവ് സ്മിത്തിനൊപ്പം രണ്ടാമതാണ് വില്യംസൺ. 168 ഇന്നിങ്സുകളാണ് ഇരുവർക്കും വേണ്ടിവന്നത്. 165 ഇന്നിങ്സിൽ ഇത്രയും സെഞ്ച്വറി നേടിയ സചിൻ ടെണ്ടുൽകറുടെ പേരിലാണ് ഇക്കാര്യത്തിൽ റെക്കോഡ്.
ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറി നേടിയ രചിൻ രവീന്ദ്രയുടെയും (240) സെഞ്ച്വറി നേടിയ വില്യംസന്റെയും മികവിൽ 511 റൺസ് അടിച്ചുകൂട്ടിയ ന്യൂസിലാൻഡിനെതിരെ ദക്ഷിണാഫ്രിക്ക 162 റൺസിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സ് ആരംഭിച്ച കിവീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെന്ന നിലയിലാണ്. ഇതോടെ രണ്ട് ദിവസം ശേഷിക്കെ ഏഴ് വിക്കറ്റ് കൈയിലുള്ള ന്യൂസിലാൻഡിന്റെ ലീഡ് 528 റൺസിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

