ടെസ്റ്റ് റാങ്കിങ്: കെയിൻ വില്യംസൺ ഒന്നാമത്, കോഹ്ലി നാലാമത്
text_fieldsദുബൈ: ഐ.സി.സി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ മികച്ച പ്രകടനത്തോടെ കിവി നായകൻ കെയ്ൻ വില്യംസൺ ടെസ്റ്റ് ബാറ്റിങ് റാങ്കിൽ ഒന്നാമതെത്തി. 901 റേറ്റിങ് പോയൻറാണ് വില്യംസണുള്ളത്. 891 പോയൻറുള്ള ആസ്ട്രലിയയുടെ സ്റ്റീവ് സ്മിത് രണ്ടാമതും 878 പോയൻറുള്ള മാർണസ് ലാബുഷെയ്ൻ മൂന്നാമതുമാണ്. 812 പോയൻറുമായി നാലാമതുള്ള വിരാട് കോഹ്ലിയാണ് ഇന്ത്യൻ താരങ്ങളിൽ മുന്നിൽ.
ഇംഗ്ലീഷ് നായകൻ ജോ റൂട്ട് അഞ്ചാമതും രോഹിത് ശർമ ആറാമതും റിഷഭ് പന്ത് ഏഴാമതും നിൽക്കുന്നു. ഏകദിനത്തിൽ പാകിസ്താൻ താരം ബാബർ അസം ഒന്നാം സ്ഥാനത്ത് തുടരുേമ്പാൾ കോഹ്ലി രണ്ടാമതും രോഹിത് മൂന്നാമതുമാണ്. ട്വൻറി 20യിൽ ഇംഗ്ലീഷ് താരം ഡേവിഡ് മലാൻ ഒന്നാംസ്ഥാനത്ത് തുടരുന്നു.
ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ ഓസീസ് താരം പാറ്റ് കമ്മിൻസാണ് ഒന്നാമത്. ആർ.അശ്വിൻ രണ്ടാമതും ടിം സൗത്തി മൂന്നാമതുമുണ്ട്. ഏകദിന ബൗളിങ് റാങ്കിങ്ങിൽ ട്രെൻറ് ബോൾട്ട് ഒന്നാമതും ബംഗ്ലാ താരം മെഹ്ദി ഹസൻ രണ്ടാമതുമാണ്. ട്വൻറി 20 റാങ്കിങ്ങിൽ ദക്ഷിണാഫ്രിക്കൻ താരം തബ്രീസ് ഷംസിയാണ് ഒന്നാമത്.

