'ദുബെക്ക് പകരം റാണയെ കളിപ്പിച്ചത് അനീതി' ഇന്ത്യയുടെ സബ്ബിൽ വിശദീകരണം തേടുമെന്ന് ബട്ലർ
text_fieldsഇന്ത്യ-ഇംഗ്ലണ്ട് ട്വന്‍റി-20 പരമ്പര നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇന്ത്യ സ്വന്തമാക്കി. നാലാം മത്സരത്തിൽ 15 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 19.4 ഓവറിൽ 166 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.
മത്സരത്തിൽ ഓൾറൗണ്ടർ ശിവം ദുബൈക്ക് പരിക്കേറ്റതിനാൽ പേസ് ബൗളർ ഹർഷിത് റാണ കൺകഷൻ സബ്‌സ്റ്റിറ്റിയൂട്ടായി കളത്തിലെത്തിയിരുന്നു. ഇതാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ബാറ്റ് ചെയ്യുമ്പോൾ തുടർച്ചയായി ഹെൽമെറ്റിന് ഏറ് കിട്ടിയാണ് ദുബെക്ക് തലക്ക് പരിക്കേൽക്കുന്നത്. ഇത് കൺകഷൻ സബ്ബിലേക്കും നീങ്ങി. പകരമെത്തിയ ഹർഷിത് റാണ മൂന്ന് ഇംഗ്ലണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
ഒരേ രീതിയിലുള്ള താരങ്ങളെയാണ് കൺകഷൻ സബ്ബിൽ കളിപ്പിക്കേണ്ടതെന്നാണ് നിയമം. ട്വന്‍റി-20 ക്രിക്കറ്റിൽ അധികം ബൗൾ ചെയ്യാതെ ദുബെക്ക് പകരം ഹർഷിത് റാണ കളിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇംഗ്ലണ്ട് നായകൻ ബട്ലർ പറഞ്ഞു.
'ബാറ്റിങ്ങിനായി വരുമ്പോൾ ഹർഷിത് റാണയെ കണ്ട് ആർക്ക് പകരമാണ് ഫീൽഡിങ്ങിന് എത്തിയതെന്ന് ഞാൻ ആലോചിക്കുകയായിരുന്നു. അപ്പോഴാണ് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടാണ് എന്ന് അറിയുന്നത്.ഇത് ഞങ്ങൾ ജയിക്കേണ്ടിയിരുന്ന മത്സരമായിരുന്നു . ഇതൊക്കെ മത്സരത്തിന്റെ ഭാഗമാണെന്ന് അറിയാം. എന്നാലും ഈ തീരുമാനത്തോട് ഞങ്ങൾ ശക്തമായി വിയോജിക്കുന്നു
തുല്യരായ കളിക്കാരല്ല ഇരുവരും. മാച്ച് റഫറിയാണ് ഇത് അംഗീകരിച്ചതെന്നാണ് അറിഞ്ഞത്. ഇക്കാര്യത്തിൽ ഞങ്ങളോട് അഭിപ്രായം ചോദിച്ചിട്ടില്ല. എന്തായാലും മാച്ച് റഫറി ജവഗൽ ശ്രീനാഥിനോട് വ്യക്തത തേടും’ ബട്‍ലർ കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ട് മധ്യനിരയിൽ മൂന്ന് പ്രധാന വിക്കറ്റുകളാണ് റാണ പിഴുതത്. വെടിക്കെട്ട് ബാറ്റർ ലിയാം ലിവിങ്സ്റ്റൺ, ജേക്കബ് ബെതെൽ, ജെയ്മി ഓവർടൺ എന്നിവരെയാണ് റാണ പറഞ്ഞയച്ചത്. നാല് ഓവറിൽ 33 റൺസ് വഴങ്ങിയാണ് റാണയുടെ നിർണായക പ്രകടനം. ബാറ്റിങ്ങിൽ 53 റൺസ് നേടി ദുബെയാണ് മത്സരത്തിലെ താരമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

