Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിക്കറ്റിലെ പറക്കും മനുഷ്യൻ! ഫീൽഡിങ്ങിന് ചിറക് നൽകിയ 'ജോണ്ടി മാജിക്'

text_fields
bookmark_border
ഇന്നും ഒഴിഞ്ഞുകിടക്കുന്ന സിംഹാസനം!
ക്രിക്കറ്റിലെ പറക്കും മനുഷ്യൻ! ഫീൽഡിങ്ങിന് ചിറക് നൽകിയ ജോണ്ടി മാജിക്
cancel

ബാക്ക്‌വേർഡ് പോയന്റിലേക്ക് പന്ത് തട്ടിയിട്ടാൽ സിംഗിൾ ഉറപ്പാണെന്ന് കരുതിയിരുന്ന ബാറ്റർമാർ മാറിച്ചിന്തിക്കാൻ കാരണക്കാരനായ ഒരു മനുഷ്യനെക്കുറിച്ചാണ്​! പന്ത് ബാറ്റിൽനിന്ന് വിട്ടുപോകുന്ന നിമിഷം അയാൾ നീങ്ങിത്തുടങ്ങും. വലത്തോട്ടാണെങ്കിൽ വലത്തോട്ട്, ഇടത്തോട്ടാണെങ്കിൽ ഇടത്തോട്ട്. നിലത്തുകൂടി പായുന്ന പന്തിന് പിന്നാലെ മിന്നൽ വേഗത്തിൽ കുതിക്കും. ബൗണ്ടറിയിലേക്ക് പോകുമെന്ന് കരുതിയ പന്ത് ഡൈവിലൂടെ തടയും. റണ്ണിനായി ഓടുമ്പോഴും ബാറ്റർ പേടിച്ചിരുന്നു. ചിലപ്പോൾ ബാറ്റർ ക്രീസിലെത്തുന്നതിന് മുമ്പേ ആ പോരാട്ടം അവസാനിച്ചിട്ടുണ്ടാകും! സ്റ്റമ്പ്​ തെറിപ്പിച്ചിട്ടുണ്ടാകും അയാൾ.

90-കളിൽ ബാറ്റർമാർക്ക് ബാക്ക്‌വേർഡ് പോയന്റ് എന്നത് വെറുമൊരു ഫീൽഡിങ് പൊസിഷനായിരുന്നില്ല; അവിടെ കാവൽ നിന്നിരുന്ന ഒരാളുടെ പേരായിരുന്നു പേടി. ജോണ്ടി റോഡ്സ്! ക്രിക്കറ്റിൽ ഫീൽഡിങ് എന്നത് പന്ത് തടയാനുള്ള ജോലി മാത്രമല്ലെന്നും, ഒരു മനുഷ്യന് ഒറ്റയ്ക്ക് മത്സരത്തിന്റെ ഗതി മാറ്റാനാകുമെന്നും ലോകത്തെ ബോധ്യപ്പെടുത്തിയ ദക്ഷിണാഫ്രിക്കൻ വിസ്മയം.

ക്രിക്കറ്റിൽ ബാറ്റിങ്ങിനും ബൗളിങ്ങിനുമൊപ്പം ഫീൽഡിങ്ങിനും നിർണായക സ്ഥാനമുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ താരങ്ങളിൽ മുൻനിരയിലാണ് ഈ ദക്ഷിണാഫ്രിക്കക്കാരൻ. അന്ന് ഫീൽഡിങ് പല ടീമുകൾക്കും ബാറ്റിങ്ങിനും ബൗളിങ്ങിനും ശേഷമുള്ള ഒരു അധിക ഉത്തരവാദിത്തം മാത്രമായിരുന്നെങ്കിൽ, ജോണ്ടി അതിനെ മത്സരത്തിന്റെ ഗതി നിർണയിക്കുന്ന ആയുധമാക്കി മാറ്റി. പ്രത്യേകിച്ച് ബാക്ക്‌വേർഡ് പോയന്റിൽ കാവൽ നിൽക്കുന്ന ജോണ്ടിയെ മറികടന്ന് പന്ത് ബൗണ്ടറിയിലെത്തിക്കുക എന്നത് അക്കാലത്തെ ബാറ്റർമാർക്ക് വലിയ വെല്ലുവിളിയായിരുന്നു. കണ്ടം ക്രിക്കറ്റിലൊക്കെ ടോസ്​ കിട്ടിയാൽ എങ്ങനെയെങ്കിലും ആദ്യം ബാറ്റ്​ ചെയ്ത്​ കഴിഞ്ഞ്​ ഫീൽഡിങ്ങ്​ നിൽക്കാതിരിക്കാൻ ‘റേഷൻകട’യിൽ പോയില്ലെങ്കിൽ അമ്മ വഴക്കുപറയുമെന്ന്​ പറഞ്ഞ്​ മുങ്ങിയവരായിരുന്നു 90സ്​ കിഡ്​സിൽ മിക്കവരും. എന്തിനേറെ പറയുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽപ്പോലും ദീർഘനേരം ബാറ്റ്​ ചെയ്തുകഴിഞ്ഞാൽ പ്രമുഖർ പലരും ഫീൽഡിനിറങ്ങാതെ പവലിയനിൽ റെസ്റ്റ്​ എടുക്കുകയാണ്​ അന്നുമിന്നും പതിവ്​. അപ്പോഴാണ്​ ബാറ്റിങ്ങ്​ കിട്ടിയില്ലെങ്കിലും വേണ്ടില്ല ഫീൽഡ്​ ചെയ്യാനാണ്​ ഇഷ്ടമെന്ന​ ആറ്റിറ്റ്യൂഡുമിട്ട്​ ബാക്ക്​ വേഡ്​ പോയന്‍റിൽ വിരാജിച്ചിരുന്ന ജോണ്ടി റോഡ്​സ്​ വല്ലാത്ത സംഭവം തന്നെയാണെന്ന്​ തെളിയുന്നത്​.


ബ്രിസ്ബെയ്നിൽ പിറന്ന ആ പറക്കും ചിത്രം

1992 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരം. ബ്രിസ്ബെയ്നിലെ മൈതാനത്ത് മഴ കളിയുടെ ഗണിതം തന്നെ മാറ്റിയിരുന്നു. 36 ഓവറിൽ 194 റൺസായിരുന്നു പാകിസ്താന്റെ പുതുക്കിയ വിജയലക്ഷ്യം. ക്രീസിൽ പാകിസ്ഥാന്റെ ഭാവി പ്രതീക്ഷയായ ഇൻസമാം ഉൾ ഹഖും ക്യാപ്റ്റൻ ഇമ്രാൻ ഖാനും. ബ്രയാൻ മക്മില്ലൻ എറിഞ്ഞ പന്ത് ഇൻസമാമിന്റെ പാഡിൽ തട്ടി പോയന്റിലേക്ക് ഉരുളുന്നു. റണ്ണിനായി ഇൻസമാം ക്രീസ് വിട്ടിറങ്ങി. എന്നാൽ ഇമ്രാൻ ഖാൻ റണ്ണിന് വിസമ്മതിച്ചു. അപകടം മണത്ത ഇൻസമാം തിരിഞ്ഞോടി. പക്ഷേ, ബാക്ക്‌വേഡ് പോയന്റിൽ പതുങ്ങിയിരുന്ന ഒരു ചെറുപ്പക്കാരൻ അപ്പോഴേക്കും പന്ത് കൈയിലൊതുക്കിയിരുന്നു. സ്റ്റമ്പിലേക്ക് എറിയാൻ നിൽക്കാതെ, പന്തുമായി അയാൾ വായുവിലേക്ക് ഒരു 'സൂപ്പർമാൻ' ഡൈവ് നടത്തി. മണ്ണിൽ തൊടാതെ വായുവിൽ പറന്നുയർന്ന അയാൾ സ്റ്റമ്പുകൾ തെറിപ്പിക്കുമ്പോൾ, ഇൻസമാം വരക്കപ്പുറമായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ റണ്ണൗട്ട് ദൃശ്യങ്ങളിലൊന്നായി ആ ചിത്രം മാറി.

അന്ന് ദക്ഷിണാഫ്രിക്ക 20 റൺസിന് ജയിച്ചെങ്കിലും മത്സരത്തിന്റെ ഫലത്തേക്കാൾ ആരാധകരുടെ മനസ്സിൽ പതിഞ്ഞത് ആ പറക്കും മനുഷ്യനായിരുന്നു. ഒരു ഫീൽഡർക്ക് എന്തൊക്കെ ചെയ്യാനാകുമെന്നതിന്റെ പുതിയ നിർവചനമായിരുന്നു ആ നിമിഷം.

സാധാരണ ഫീൽഡർമാർ ദൂരെനിന്ന് പന്ത് വലിച്ചെറിഞ്ഞ് സ്റ്റമ്പ് കൊള്ളിക്കാൻ ശ്രമിക്കുമ്പോൾ, ജോണ്ടി റോഡ്സ് മറ്റൊരു ‘ഭ്രാന്തൻ’ വഴിയാണ് തിരഞ്ഞെടുത്തത്. പന്തുമായിത്തന്നെ ഒരു മിന്നൽപ്പിണർ പോലെ കുതിച്ചെത്തി നേരിട്ട് സ്റ്റമ്പിലേക്ക് ഇടിച്ചുകയറുക! ആ നിമിഷം ഇൻസമാമിന്റെ മനസ്സിൽ എന്താണ് സംഭവിച്ചതെന്ന് ചിന്തിച്ചുനോക്കൂ: എറിഞ്ഞുകൊള്ളിക്കാൻ നോക്കുന്നതിനിടയിൽ പന്ത് പിഴച്ചാലോ എന്ന് കരുതി ക്രീസിലേക്ക് പതുക്കെ നീങ്ങുന്ന ബാറ്റർക്ക് മുന്നിലേക്ക്, ആകാശത്തുനിന്ന് ഇരയെ റാഞ്ചാൻ താഴ്ന്നിറങ്ങുന്ന ഒരു ഇരപിടിയൻ പക്ഷിയുടെ വേഗതയിലും ചീറ്റപ്പുലിയുടെ അപ്രതീക്ഷിത കുതിപ്പിലുമാണ് ജോണ്ടി പാഞ്ഞെത്തിയത്! ക്രീസിൽ സുരക്ഷിതനെന്ന് കരുതിയിരുന്ന ഇൻസമാമിന്റെ പ്രതീക്ഷകളെ ഒരൊറ്റ നിമിഷത്തിൽ തകർത്തെറിഞ്ഞ ആ പറക്കും കുതിപ്പ്, ക്രിക്കറ്റിന്റെ ചരിത്രത്തിൽ എതിരാളികളുടെ മനസ്സിൽ ജോണ്ടി വിതച്ച ഭയത്തിന്റെയും അമ്പരപ്പിന്റെയും ഏറ്റവും വലിയ സാക്ഷ്യപത്രമായിരുന്നു.

അഞ്ച് ക്യാച്ചുകൾ; മുംബൈയിൽ പിറന്ന ചരിത്രം

1993 നവംബർ 14. ഹീറോ കപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരം. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 40 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് ആകെ 180 റൺസ്. ഡാരിൽ കള്ളിനാലിന്റെ 70 റൺസിനൊപ്പം 42 പന്തിൽ 40 റൺസുമായി ജോണ്ടിയും മികച്ച പിന്തുണ നൽകി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന്റെ നിരയിൽ ബ്രയാൻ ലാറയും ഡെസ്മണ്ട് ഹെയ്ൻസും ഫിൽ സിമ്മൺസും കാൾ ഹൂപ്പറുമൊക്കെയുണ്ട്. എന്നാൽ അന്ന് അവരെ കാത്തിരുന്നത് ബാറ്റുകൊണ്ടുള്ള പോരാട്ടം മാത്രമായിരുന്നില്ല. ഫീൽഡിൽ ജോണ്ടിയുടെ മറ്റൊരു വിസ്മയം കൂടിയുണ്ടായിരുന്നു.

ലാറ, ഹെയ്ൻസ്, സിമ്മൺസ്, ജിമ്മി ആഡംസ്, ആൻഡേഴ്സൺ കംമിൻസ് എന്നിവരെല്ലാം ജോണ്ടിയുടെ കൈകളിലെത്തിയ ക്യാച്ചുകളിലൂടെ പുറത്തായി. ഒരു ഏകദിനത്തിൽ വിക്കറ്റ് കീപ്പറല്ലാത്ത ഫീൽഡർ അഞ്ച് ക്യാച്ചുകൾ നേടുന്ന ചരിത്രനേട്ടമായിരുന്നു അത്. ആ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് പുരസ്കാരവും ജോണ്ടിക്കായിരുന്നു. വെസ്റ്റ് ഇൻഡീസ് 139 റൺസിന് പുറത്തായപ്പോൾ ദക്ഷിണാഫ്രിക്ക 41 റൺസിന്റെ അവിശ്വസനീയ വിജയമാണ്​ സ്വന്തമാക്കിയത്​.


ബാറ്റുകൊണ്ടും മറുപടി; നെയ്‌റോബിയിലെ 121

ഫീൽഡിങ്ങിലെ മികവിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ജോണ്ടിയുടെ പ്രതിഭ. മികച്ച മധ്യനിര ബാറ്ററെന്ന നിലയിലും അദ്ദേഹം ദക്ഷിണാഫ്രിക്കയ്ക്ക് വലിയ സംഭാവന നൽകി.

1996 സെപ്റ്റംബർ 29-ന് നെയ്‌റോബിയിൽ പാകിസ്താനെതിരെ നടന്ന മത്സരമാണ് അതിനൊരു ഉദാഹരണം. വസീം അക്രവും വഖാർ യൂനിസും ഉൾപ്പെട്ട അതി ഗംഭീര ബൗളിങ് നിരയ്ക്കെതിരെ ജോണ്ടി നേടിയത് 114 പന്തിൽ 121 റൺസ്. പന്ത്രണ്ട് ഫോറുകൾ ഉൾപ്പെട്ട ആ ഇന്നിങ്സ് പാകിസ്താനെതിരായ ദക്ഷിണാഫ്രിക്കയുടെ 62 റൺസ് വിജയത്തിൽ നിർണായകമായി. കൗതുകരമായ ട്വിസ്റ്റ്​ അന്ന് അദ്ദേഹം പുറത്തായത് റണ്ണൗട്ടിലൂടെയായിരുന്നു എന്നതാണ്​.

1998-ൽ ലോർഡ്‌സിലും ജോണ്ടി തന്റെ ബാറ്റിങ് മികവ് തെളിയിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ 117 റൺസായിരുന്നു സമ്പാദ്യം. ഹാൻസി ക്രോണ്യക്കൊപ്പം അഞ്ചാം വിക്കറ്റിൽ 184 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അദ്ദേഹം ദക്ഷിണാഫ്രിക്കയെ 360 എന്ന മികച്ച സ്കോറിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഒടുവിൽ ദക്ഷിണാഫ്രിക്ക പത്ത് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. ടെസ്റ്റ് കരിയറിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ഇതുതന്നെയാണ്.


കണക്കുകൾ പറയുന്ന ജോണ്ടി മാജിക്ക്​

ജോണ്ടി റോഡ്സ്​ സമ്പൂർണ ഓൾറൗണ്ടർ പട്ടികയിലേ ഇല്ലാത്ത ഒരാളാണ്​. അന്താരാഷ്ട്ര ക്രിക്കറ്റിൽ അദ്ദേഹം ബൗൾ ചെയ്തിട്ടുണ്ടെങ്കിലും ടെസ്റ്റിലോ ഏകദിനത്തിലോ വിക്കറ്റ് നേടാനായിട്ടില്ല. എന്നാൽ ബാറ്റിങ്ങിലും ഫീൽഡിങ്ങിലുമുള്ള സംഭാവനകളാണ്​ അദ്ദേഹത്തെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വിലപ്പെട്ട താരങ്ങളിലൊരാളാക്കിയത്​. പ്ര​​ത്യേകിച്ച്​ ഫീൽഡിങ്ങ്​ പാടവം.

52 ടെസ്റ്റുകളിൽനിന്ന് 2,532 റൺസും 245 ഏകദിനങ്ങളിൽനിന്ന് 5,935 റൺസുമാണ് സമ്പാദ്യം. ഏകദിനത്തിൽ രണ്ട് സെഞ്ച്വറികളും 33 അർധസെഞ്ച്വറികളും നേടി. 105 ക്യാച്ചുകൾ ഏകദിനത്തിലും 34 ക്യാച്ചുകൾ ടെസ്റ്റിലും സ്വന്തമാക്കി. വിക്കറ്റുകൾക്കിടയിലെ വേഗമേറിയ ഓട്ടവും റിവേഴ്സ് സ്വീപ്പ് പോലുള്ള വ്യത്യസ്ത ഷോട്ടുകളും അദ്ദേഹത്തിന്റെ ബാറ്റിങ്ങിനും പ്രത്യേകത നൽകി.

അപ്രതീക്ഷിതമായി അവസാനിച്ച ലോകകപ്പ് സ്വപ്നം

2003 ഫെബ്രുവരി 12-ന് കെനിയക്കെതിരെ പോച്ചെഫ്സ്ട്രൂമിൽ നടന്ന ഏകദിനമായിരുന്നു ജോണ്ടി റോഡ്സിന്റെ കരിയറിലെ അവസാന മത്സരം. ഒരു ലോകകപ്പ് കൂടി കളിക്കാമെന്ന പ്രതീക്ഷയുമായി എത്തിയ താരത്തിന് ആ മത്സരം സമ്മാനിച്ചത് നിരാശയായിരുന്നു. ഫീൽഡിങ്ങിനിടെയുണ്ടായ കൈയിലെ പരിക്ക് അദ്ദേഹത്തെ 2003 ലോകകപ്പിൽനിന്ന് തന്നെ പുറത്താക്കി. അവസാന ടെസ്റ്റ് മത്സരം 2000 ആഗസ്റ്റ് 10-ന് കൊളംബോയിൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു. ആ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 54 റൺസ് നേടിയായിരുന്നു ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞത്.
2003 ലോകകപ്പിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞെങ്കിലും ജോണ്ടി കളിയിൽനിന്ന് അകന്നില്ല. പരിശീലക വേഷത്തിൽ പുതിയ തലമുറയിലെ താരങ്ങളെ വാർത്തെടുക്കുന്നതിലേക്ക് അദ്ദേഹം കടന്നു. മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ് തുടങ്ങിയ ഐ.പി.എൽ ടീമുകൾക്കൊപ്പം ഫീൽഡിങ് പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.


മകൾക്ക് പേരിട്ടു: 'ഇന്ത്യ'!

ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ അടുപ്പം ക്രിക്കറ്റ് മൈതാനത്തും ഒതുങ്ങുന്നില്ല. 2015-ൽ മുംബൈയിൽ ജനിച്ച മകൾക്ക് 'ഇന്ത്യ' എന്ന പേരിട്ടതും ശ്രദ്ധേയമായി. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തോടുള്ള ഇഷ്ടമാണ് ആ പേരിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.പിതൃത്വ അവധിയുമായി ബന്ധപ്പെട്ടും ജോണ്ടിക്ക് പറയാനൊരു അനുഭവമുണ്ട്. 2000-ൽ ആദ്യ കുഞ്ഞിന്റെ ജനനസമയത്ത് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യ പര്യടനത്തിൽ പങ്കെടുക്കാതെ ഭാര്യക്കൊപ്പം കഴിയാനാണ് അദ്ദേഹം തീരുമാനിച്ചത്. പിന്നീട് ഒരു അഭിമുഖത്തിൽ പിതൃത്വ അവധി ആവശ്യപ്പെട്ട അനുഭവവും അദ്ദേഹം പങ്കുവെച്ചിരുന്നു.ഇന്ന് ക്രിക്കറ്റിൽ മികച്ച ക്യാച്ചുകളും ഡൈവുകളും റണ്ണൗട്ടുകളും പതിവ് കാഴ്ചകളാണ്. താരങ്ങളുടെ ഫിറ്റ്നസ് നിലവാരവും ഫീൽഡിങ് പരിശീലന രീതികളും ഒരുപാട് മാറി. എങ്കിലും ഒരു അസാധാരണ ക്യാച്ച് കാണുമ്പോൾ കമന്റേറ്റർമാരുടെ നാവിൽ അറിയാതെ എത്തുന്നൊരു വിശേഷണമുണ്ട്- ഇതാരിത്​ 'ജോണ്ടി റോഡ്​സോ?'. ഇപ്പോഴും നാട്ടിൻപുറങ്ങളിലും ടർഫുകളിലുമുൾപ്പടെയുള്ള കളിയിൽ ആരെങ്കിലും ഒരു പറക്കും ക്യാച്ചെടുത്താൽ കിട്ടുന്ന വിശേഷണം ‘ഇവനാരെടാ, ജോണ്ടി റോഡ്​സോ?' എന്നുതന്നെയാണ്​.
അതാണ് ഈ മനുഷ്യൻ കളിയിലേക്ക് കൊണ്ടുവന്ന മാറ്റത്തിന്റെ ഏറ്റവും വലിയ അടയാളം. ഒരു ബൗണ്ടറി തടയുന്നതും ഒരു റണ്ണൗട്ട് സൃഷ്ടിക്കുന്നതും ഒരു ക്യാച്ച് സ്വന്തമാക്കുന്നതും മത്സരത്തിന്റെ ഫലം മാറ്റുമെന്ന് അദ്ദേഹം തെളിയിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ലോകം സൂപ്പർതാരങ്ങളെ വാഴ്ത്തിയപ്പോൾ ഫീൽഡിങ്ങിലും ഒരാൾക്ക് ഇതിഹാസമാകാമെന്ന് കാണിച്ചുകൊടുത്തു.


ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ബാറ്റർ ആരെന്ന കാര്യത്തിൽ തർക്കമുണ്ടാകാം. മികച്ച ബൗളർ ആരെന്നതിലും പല പേരുകൾ ഉയർന്നേക്കാം. എന്നാൽ എക്കാലത്തെയും മികച്ച ഫീൽഡർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുള്ള ആളെ കണ്ടെത്തിയാൽ മതിയാകും, കാരണം ഒന്നാമന്‍റെ സിംഹാസനം ജോണ്ടി എന്നേ സ്വന്തമാക്കിയിരുന്നു.

അന്നൊക്കെ കളി കഴിഞ്ഞ് പിറ്റേന്ന് രാവിലെ പത്രം നിവർത്തുമ്പോൾ, തലേന്ന് വായുവിൽ പറന്ന ആ മനുഷ്യന്‍റെ ഫോട്ടോക്കൊപ്പം അച്ചടിച്ചുവന്ന വരികളിൽ പോലും ആ ആവേശം അലയടിച്ചിട്ടുണ്ടാകും; ഒരു പെട്ടി ടിവിയുടെ മുന്നിലിരുന്ന് ശ്വാസമടക്കിപ്പിടിച്ചിരുന്ന കുട്ടിക്കാലങ്ങളിലായിരുന്നു അതിന്റെ യഥാർത്ഥ മാജിക്! കറന്റ് പോകുമ്പോൾ നെഞ്ചിടിപ്പോടെ നോക്കിയിരുന്ന ആ സ്ക്രീനിൽ, ജോണ്ടി റോഡ്സ് വായുവിലേക്ക് കുതിച്ചുചാടുമ്പോൾ മുറിക്കുള്ളിൽ ഉയർന്ന ആരവങ്ങൾ ഇന്നും കാതിലുള്ളവരുണ്ടാകും. പുതിയ താരങ്ങൾ വന്നു, റെക്കോഡുകൾ പലതും പഴങ്കഥയായി. കാലത്തിന്റെ കാവ്യനീതി പോലെ ജോണ്ടിയും ‘പറക്കും ലോകത്തു’നിന്നും കളി മതിയാക്കി. പക്ഷേ, ഫീൽഡിങ്ങിന് ആദ്യമായി ഒരു 'സൂപ്പർഹീറോ' മുഖം നൽകിയ ആ ദക്ഷിണാഫ്രിക്കക്കാരനും, അയാൾ സമ്മാനിച്ച ആ കുട്ടിക്കാല ത്രില്ലും ക്രിക്കറ്റ് ഓർമകളിൽ എന്നും മായാതെ കിടക്കും!

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jonty Rhodes: The Fielding Legend
Next Story