ഒടുവിൽ അതും നേടി ജോ റൂട്ട്! ഓസീസ് മണ്ണിൽ ഇംഗ്ലീഷ് താരത്തിന് കന്നി സെഞ്ച്വറി
text_fieldsബ്രിസ്ബേൻ: ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോഡുകൾ ഓരോന്നായി മറികടക്കുമ്പോഴും ഇംഗ്ലീഷ് താരം ജോ റൂട്ടിന്‍റെ കരിയറിൽ ആസ്ട്രേലിയൻ മണ്ണിൽ ഒരു സെഞ്ച്വറി എന്നത് സ്വപ്നമായി തുടരുകയായിരന്നു. ഒടുവിൽ ആ പേരുദോഷവും താരം മാറ്റി. ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു ഓസീസ് മണ്ണിലെ കന്നി സെഞ്ച്വറി താരം കുറിച്ചത്. പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബാൾ ടെസ്റ്റിന്‍റെ ഒന്നാം ദിനത്തിലാണ് താരം നേട്ടം കൈവരിച്ചത്.
ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇംഗ്ലണ്ട് 74 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തിട്ടുണ്ട്. 202 പന്തിൽ 135 റൺസുമായി ജോ റൂട്ടും 26 പന്തിൽ 32 റൺസുമായി ജൊഫ്ര ആർച്ചറുമാണ് ക്രീസിൽ. റൂട്ടിന്‍റെ സെഞ്ച്വറിയാണ് സന്ദർശകരുടെ സ്കോർ 300 കടത്തിയത്. താരത്തിന്‍റെ ടെസ്റ്റ് കരിയറിലെ 40ാം സെഞ്ച്വറിയാണിത്. 159 ടെസ്റ്റ് കളിച്ച താരം 291ാം ഇന്നിങ്സിലാണ് ഓസീസ് മണ്ണിൽ ആദ്യമായി ഒരു സെഞ്ച്വറി കുറിക്കുന്നത്. ആഷസ് പരമ്പരയിലെ താരത്തിന്‍റെ അഞ്ചാം സെഞ്ച്വറിയും. മുമ്പുള്ള നാലു സെഞ്ച്വറികളും നേടിയത് സ്വന്തം നാട്ടിലായിരുന്നു. 2021ൽ ബ്രിസ്ബേനിൽ നേടിയ 89 റൺസായിരുന്നു ഇതിനു മുമ്പുള്ള റൂട്ടിന്‍റെ ഓസീസ് മണ്ണിലെ ഏറ്റവും ഉയർന്ന സ്കോർ. ടെസ്റ്റ് ക്രിക്കറ്റിൽ 40 സെഞ്ച്വറികളെന്ന നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം താരമാണ് റൂട്ട്.
സചിൻ തെണ്ടുൽക്കർ (51 സെഞ്ച്വറി), ജാക്വസ് കല്ലീസ് (45), റിക്കി പോണ്ടിങ് (41) എന്നിവരാണ് മറ്റു താരങ്ങൾ. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് ആറു വിക്കറ്റ് വീഴ്ത്തി. ഗാബയിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തകർച്ചയോടെയാണ് തുടങ്ങിയത്. അഞ്ചു റൺസെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകൾ നഷ്ടമായി. റണ്ണൊന്നും എടുക്കാതെ ബെൻ ഡക്കറ്റും ഓലീ പോപ്പും പുറത്തായി. മിച്ചൽ സ്റ്റാർക്കാണ് രണ്ടു വിക്കറ്റുകളു വീഴ്ത്തിയത്. മൂന്നാം വിക്കറ്റിൽ സാക് ക്രോളിയും റൂട്ടും നിലയുറപ്പിച്ചതോടെ ടീം നൂറു കടന്നു. അർധ സെഞ്ച്വറി നേടിയ ക്രോളിയെ (93 പന്തിൽ 76) മൈക്കൽ നെസെർ മടക്കി. ഹാരി ബ്രൂക്ക് (33 പന്തിൽ 31), ബെൻ സ്റ്റോക്സ് (49 പന്തിൽ 19), ജമീ സ്മിത്ത് (പൂജ്യം), വിൽ ജാക്സ് (31 പന്തിൽ 19), ഗസ് അറ്റ്കിൻസൺ (മൂന്നു പന്തിൽ നാല്), ബ്രൈഡൻ കാർസെ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
19 ഓവറിൽ 71 റൺസ് വഴങ്ങിയാണ് സ്റ്റാർക്ക് ആറു വിക്കറ്റ് സ്വന്തമാക്കിയത്. അഞ്ച് മത്സര പരമ്പരയിൽ 1-0ത്തിന് മുന്നിലാണ് ആതിഥേയരായ ഓസീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

