ദ്രാവിഡിനെ മറികടന്നു; റൂട്ടിന് മുന്നിൽ ഇനി സച്ചിനും പോണ്ടിങ്ങും മാത്രം
text_fieldsലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിലെ റൺ വേട്ട തുടർന്ന് ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയുടെ മൂന്നാം ദിനത്തിൽ സ്കോർബോർഡ് ഉയർത്തികൊണ്ട് റൂട്ട് കുതിച്ചത് സചിൻ ടെണ്ടുൽക്കറും റിക്കി പോണ്ടിങ്ങും അലങ്കരിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തിലേക്ക്. ഒന്നാം ഇന്നിങ്സിലെ 56ാം ഓവറിൽ മുഹമ്മദ് സിറാജിനെ സിംഗിൾ പായിച്ച് സ്കോർ 31ലെത്തിച്ചതിനു പിന്നാലെയായിരുന്നു ചരിത്ര നിമിഷം. ടെസ്റ്റ് റൺ 13,290 (നോട്ടൗട്ട്) ലെത്തിച്ചപ്പോൾ ഇതിഹാസ താരങ്ങളായ ജാക് കാലിസിനെയും, രാഹുൽ ദ്രാവിഡിനെയും മറികടന്ന് മൂന്നാമനായി.
13288റൺസായിരുന്നു രാഹുൽ ദ്രാവിഡിന്റെ നേട്ടം. 13,289 റൺസുമായി ദക്ഷിണാഫ്രിക്കൻ ലെജൻഡ് ജാക് കാലിസ് തൊട്ടു മുന്നിൽ. ഇരുവരുടെയും റെക്കോഡുകൾ ഒരു ഓവറിൽ മറികടന്ന് റൂട്ട് ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടയിൽ പുതിയ റൂട്ട് വെട്ടിത്തെളിയിച്ചു.
ഒന്നാമതുള്ള സച്ചിൻ ടെണ്ടുൽക്കറിലെത്താൻ (15,921) ഇനിയുമേറെ ദൂരം താണ്ടണം. എന്നാൽ, രണ്ടാമതുള്ള റിക്കി പോണ്ടിങ്ങിനെ (13,378) അധികം വൈകാതെ തന്നെ റൂട്ടിന് മറികടക്കാൻ സാധിക്കും.
200 ടെസ് മത്സരങ്ങളിൽ നിന്ന് 329 ഇന്നിങ്ങ്സുകളുടെ അകമ്പടിയിലാണ് സച്ചിൻ ടെണ്ടുൽകറിന്റെ റെക്കോഡ് റൺ നേട്ടമെങ്കിൽ, പോണ്ടിങ് ഇത് 168 ടെസ്റ്റിലും 287 ഇന്നിങ്സിലുമായാണ് വെട്ടിപ്പിടിച്ചത്. ഇവർക്കെല്ലം ഭീഷണിയായി കുതിക്കുന്ന ജോ റൂട്ടിന് 157 ടെസ്റ്റുകളും 286 ഇന്നിങ്സുകളും മാത്രമേ 13000ത്തിലെത്താൻ വേണ്ടി വന്നുള്ളൂ.
ഇതോടൊപ്പം ഓൾഡ് ട്രഫോഡിൽ 1000 ടെസ്റ്റ് റൺസ് തികച്ച താരവുമായി അദ്ദേഹം.
നാലാം ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 358ന് മറുപടി ബാറ്റ് വീശുന്നു ഇംഗ്ലണ്ട് ഒടുവിലെ റിപ്പോർട്ട് പ്രകാരം രണ്ടിന് 293 റൺസ് എന്ന നിലയിലാണ്. ഓപണർ സാക് ക്രോളി (84), ബെൻ ഡക്കറ്റ് (94) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഓലി പോപ് (57), ജോ റൂട്ട് (41) എന്നിവർ ക്രീസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

