Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കിയുടെ മിടുക്കൻ; കെ.സി.എല്ലിൽ ജോബിൻ ജോബിക്ക് സെഞ്ച്വറി

text_fields
bookmark_border
ഇടുക്കിയുടെ മിടുക്കൻ; കെ.സി.എല്ലിൽ ജോബിൻ ജോബിക്ക് സെഞ്ച്വറി
cancel

തൊടുപുഴ: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇടുക്കിയുടെ അഭിമാനമുയർത്തി യുവതാരം ജോബിൻ ജോബിയുടെ വെടിക്കെട്ട് സെഞ്ച്വറി. കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) കൊച്ചി ബ്ലൂ ടൈഗേഴ്സിനായി പാഡണിഞ്ഞ തൊടുപുഴക്കാരൻ ആലപ്പി റിപ്പിൾസിനെതിരെ പുറത്താകാതെ നേടിയത് 51 പന്തിൽ 109 റൺസ്.

ജോബിന്റെ മാസ്മരിക ഇന്നിങ്സ് മികവിൽ കൊച്ചി പടുത്തുയർത്തിയത് 242 റൺസ്. പോയന്റ് പട്ടികയിൽ രണ്ടാമതുള്ള ആലപ്പിക്കെതിരെ കൊച്ചിയുടെ ഒമ്പതാം മത്സരത്തിലായിരുന്നു ഓപ്പണറായെത്തിയ ജോബിന്റെ സംഹാര താണ്ഡവം. തുടക്കത്തിൽ നിലയുറപ്പിച്ച് കളിച്ച് 32 പന്തിൽ അർധസെഞ്ച്വറി പിന്നിട്ട താരം പിന്നീട് ഗിയർ മാറ്റി. തുടർന്നുള്ള 50 റൺസെടുക്കാൻ ഈ പത്തൊമ്പതുകാരന് വേണ്ടി വന്നത് വെറും 16 പന്തുകൾ മാത്രമാണ്! അവസാന ഓവറിലെ രണ്ടാം പന്തിൽ അതിമനോഹരമായി ജോബിൻ തന്റെ സെഞ്ച്വറി പൂർത്തിയാക്കി.

ആലപ്പിയുടെ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ജോബിൻ 10 തവണയാണ് പന്ത് അതിർത്തി കടത്തി ഗാലറിയിലെത്തിച്ചത്. അഞ്ചു ബൗണ്ടറികളും നേടി. കെ.സി.എല്ലിൽ ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോഡും ഇതോടെ ഈ ഇടുക്കിക്കാരന്റെ പേരിലായി. അഴകും ആക്രമണോത്സുകതയും ഒത്തുചേർന്നതായിരുന്നു ആ ബാറ്റിങ്. ഗ്രൗണ്ടിന്റെ ഏതു ഭാഗത്തേക്കും അനായാസം ഷോട്ടുകൾ പായിക്കാനുള്ള ജോബിന്റെ മികവിന് മുന്നിൽ ആലപ്പി ബൗളർമാർ നിഷ്പ്രഭരായി.

തൊടുപുഴയുടെയും ഇടുക്കിയുടെയും ക്രിക്കറ്റ് മോഹങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് ജോബിന്റെ ഈ നേട്ടം. കാഞ്ഞിരമറ്റം പെണ്ടനാത്ത്‌ വീട്ടിൽ ജോബിയുടെയും മഞ്ജുവിന്റെയും മകനാണ് ജോബിൻ. ഇരുവരും സർക്കാർ ഉദ്യോഗസ്ഥരാണ്. റോബിൻ ആണ് സഹോദരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jobin Jobi scores a century in KCL
Next Story