ചരിത്ര നേട്ടത്തിൽ ജിതേഷ് ശർമ, മറികടന്നത് ധോണിയുടെ റെക്കോഡ്, ആദ്യതാരം...
text_fieldsലഖനോ: ഐ.പി.എല്ലിൽ ഒമ്പതു വർഷത്തിനുശേഷമാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ക്വാളിഫയർ പോരാട്ടത്തിന് യോഗ്യത നേടുന്നത്. നിർണായകമായ അവസാന ലീഗ് റൗണ്ട് മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനെ ആറു വിക്കറ്റിന് തോൽപിച്ചാണ് ആർ.സി.ബി പോയന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. മെയ് 29ന് നടക്കുന്ന ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്സുമായി ഏറ്റുമുട്ടും.
ജയിക്കുന്നവർ ഫൈനലിലേക്ക്. തോൽക്കുന്ന ടീം രണ്ടാം ക്വാളിഫയറിൽ എലിമിനേറ്റർ ജയിച്ചെത്തുന്ന ടീമുമായി ഏറ്റുമുട്ടും. അവസാന ഓവറുകളിൽ താൽക്കാലിക നായകനും വിക്കറ്റ് കീപ്പറുമായ ജിതേഷ് ശർമ നടത്തിയ വെടിക്കെട്ട് ഇന്നിങ്സാണ് ടീമിന്‍റെ ജയത്തിൽ നിർണായകമായത്. 33 പന്തിൽ ആറു സിക്സും എട്ടു ഫോറുമടക്കം 85 റൺസെടുത്ത് ജിതേഷ് പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നോവിന് നായകൻ ഋഷഭ് പന്തിന്‍റെ തകർപ്പൻ സെഞ്ച്വറിയാണ് വമ്പൻ സ്കോർ സമ്മാനിച്ചത്. പന്ത് 61 പന്തിൽ 118 റൺസെടുത്തു. ടീം 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആർ.സി.ബിക്ക് ഓപ്പണർമാരായ ഫിൽ സാൾട്ടും (30) വിരാട് കോഹ്ലിയും (54) മികച്ച തുടക്കം നൽകി.
ഒന്നാം വിക്കറ്റിൽ ഇരുവരും 5.4 ഓവറിൽ 61 റൺസെടുത്തു. പിന്നാലെ ടീം 12 ഓവറിൽ നാലു വിക്കറ്റിന് 123 റൺസ് എന്ന നിലയിലേക്ക് വീണു. തോൽവി തുറിച്ചുനോക്കുന്നതിനിടെ മായങ്ക് അഗർവാളും ജിതേഷ് ശർമയും നടത്തിയ അപരാജിത പോരാട്ടമാണ് ടീമിനെ ജയിപ്പിച്ചത്. 23 പന്തിൽ 41 റൺസാണ് മായങ്കിന്‍റെ സമ്പാദ്യം. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ജിതേഷ് ശർമ ചരിത്ര റെക്കോഡും സ്വന്തമാക്കി. ഐ.പി.എല്ലിൽ റൺ പിന്തുടർന്ന് ജയിക്കുന്ന മത്സരത്തിൽ ആറാം നമ്പറിലോ, അതിനുതാഴെയോ ബാറ്റിങ്ങിനിറങ്ങി ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ജിതേഷ് കുറിച്ചത്. വെറ്ററൻ താരം എം.എസ്. ധോണിയുടെ റെക്കോഡാണ് താരം മറികടന്നത്. 2018 ഐ.പി.എല്ലിൽ ആർ.സി.ബിക്കെതിരെ 34 പന്തിൽ ധോണി 70 റൺസ് നേടിയിരുന്നു.
കൂടാതെ, 2022 ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ആന്ദ്രെ റസ്സൽ മുംബൈ ഇന്ത്യൻസിനെതിരെ 31 പന്തിൽ 70 റൺസും 2017ൽ മുംബൈക്കായി കീരൺ പൊള്ളാർഡ് ആർ.സി.ബിക്കെതിരെ 47 പന്തിൽ 70 റൺസും നേടിയിരുന്നു. ജയത്തോടെ ആർ.സി.ബി മറ്റൊരു അപൂർവ റെക്കോഡ് കൂടി സ്വന്തമാക്കി. ഒരു സീസണിൽ മുഴുവൻ എവേ മത്സരങ്ങളും ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡാണ് കോഹ്ലിയും സംഘവും സ്വന്തമാക്കിയത്. നേരത്തെ, കെ.കെ.ആറും മുംബൈയും എട്ടു എവേ മത്സരങ്ങളിൽ ഏഴെണ്ണത്തിൽ ജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

