ജദേജക്കും സെഞ്ച്വറി; ഇന്ത്യക്ക് മികച്ച സ്കോർ
text_fieldsബിർമിങ്ഹാം: എതിർ ടീം ബൗളിങ്ങിനെ ആദ്യം ബാറ്റുകൊണ്ട് നിഷ്പ്രഭമാക്കി, പിന്നെ പന്തെടുത്ത് സ്വരൂപം കാട്ടി...ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറയുടെ വാഴ്ചയായിരുന്നു. രവീന്ദ്ര ജദേജയുടെ കരിയറിലെ മൂന്നാം ശതകം കണ്ട ദിവസം പല തവണ മഴ രസം കൊല്ലിയായി. ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോർ 416 റൺസിൽ അവസാനിച്ചു. ചായക്ക് പിരിയുമ്പോൾ ആതിഥേയർ മൂന്ന് വിക്കറ്റിന് 60 റൺസെന്ന നിലയിൽ. നേരത്തേ, ഒരോവറിൽ 35 റൺസെന്ന ലോക റെക്കോഡിലേക്ക് സ്റ്റുവർട്ട് ബ്രോഡിനെ അടിച്ചുപരത്തിയ ബുംറ, ഇംഗ്ലീഷുകാരുടെ മൂന്ന് വിക്കറ്റും വീഴ്ത്തി ബൗളിങ്ങിലും തിളങ്ങി. 356 റൺസ് പിറകിലാണ് ഇംഗ്ലണ്ടിപ്പോൾ. ജെയിംസ് ആൻഡേഴ്സൻ ഇന്ത്യയുടെ അഞ്ച് വിക്കറ്റും പിഴുതു.
ഏഴിന് 338 എന്ന നിലയിലാണ് ഇന്ത്യ ശനിയാഴ്ച ബാറ്റിങ് പുനരാരംഭിച്ചത്. 83 റൺസുമായി ജദേജയും അക്കൗണ്ട് തുറക്കാതെ മുഹമ്മദ് ഷമിയുമായിരുന്നു ക്രീസിൽ. നേരിട്ട 183ാം പന്തിൽ ജദേജ ശതകം പൂർത്തിയാക്കി. 16 റൺസെടുത്ത് ഷമി മടങ്ങി. സ്കോർ എട്ടിന് 371. ഇന്ത്യ അഞ്ചിന് 98 എന്ന നിലയിൽ പതറുമ്പോൾ ഋഷഭ് പന്തിനൊപ്പം രക്ഷാദൗത്യം വിജയകരമായി നിർവഹിച്ച ജദേജ (104) സ്കോർ 375ലാണ് ആൻഡേഴ്സന്റെ പന്തിൽ ബൗൾഡാവുന്നത്. അവസാന വിക്കറ്റിൽ മുഹമ്മദ് സിറാജിനെ സാക്ഷിയാക്കിയായിരുന്നു ബുംറയുടെ താണ്ഡവം.
സിറാജ് രണ്ട് റൺസിൽ ആൻഡേഴ്സന് അഞ്ചാം വിക്കറ്റ് നൽകുമ്പോൾ ബുംറ 16 പന്തിൽ 31 റൺസുമായി ക്രീസിലുണ്ടായിരുന്നു. ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങി 16ലെത്തിയപ്പോൾ അലക്സ് ലീസിനെ (ആറ്) ബുംറ ബൗൾഡാക്കി. പിന്നാലെ മഴയും. ഇതേ സ്കോറിൽ ലഞ്ചിന് പിരിഞ്ഞു. കളി പുനരാരംഭിച്ച് അധികം കഴിയും മുമ്പെ മറ്റൊരു ഓപണർ സാക് ക്ലോളിയെയും (ഒമ്പത്) ബുംറ പുറത്താക്കി. ശുഭ്മാൻ ഗില്ലിന് ക്യാച്ച്. ഇംഗ്ലണ്ട് രണ്ടിന് 31ൽ നിൽക്കെ വീണ്ടും മഴ. ബാറ്റിങ് പുനരാരംഭിച്ച് സ്കോർ 44ലെത്തിയപ്പോൾ ഒലീ പോപ്പിനെ (10) ശ്രേയസ്സ് അയ്യരുടെ കൈകളിലെത്തിച്ച് ബുംറ പിന്നെയും ക്ഷതമേൽപിച്ചു. മഴയെത്തുടർന്ന് ചായക്ക് പിരിയുമ്പോൾ ജോ റൂട്ടും (19) ജോണി ബെയർസ്റ്റോയുമാണ് (ആറ്) ക്രീസിൽ.