ഐ.സി.സിയുടെ മികച്ച ടെസ്റ്റ് താരമായി ജസ്പ്രീത് ബുംറ; ഇന്ത്യൻ പേസർക്ക് ചരിത്രനേട്ടം
text_fieldsജസ്പ്രീത് ബുംറ
ദുബൈ: ഐ.സി.സിയുടെ 2024ലെ മികച്ച ടെസ്റ്റ് താരമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ തെരഞ്ഞെടുത്തു. പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പേസറാണ് ബുംറ. ശ്രീലങ്കയുടെ കമുന്ദു മെൻഡിസ്, ഇംഗ്ലിഷ് താരങ്ങളായ ഹാരി ബ്രൂക്ക്, ജോ റൂട്ട് എന്നിവരെ പിന്തള്ളിയാണ് ബുംറയുടെ പുരസ്കാര നേട്ടം. പോയ വർഷം 13 ടെസ്റ്റിൽ 357 ഓവർ പന്തെറിഞ്ഞ ബുംറ 71 വിക്കറ്റാണ് പിഴുതത്. കലണ്ടർ വർഷം 70ലേറെ വിക്കറ്റ് നേടുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് ബുംറ. കപിൽ ദേവ്, അനിൽ കുംബ്ലെ, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
സ്വന്തം മണ്ണിലും വിദേശ പിച്ചിലും ബുംറ തിളങ്ങിയ വർഷമാണ് കടന്നുപോകുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലേക്ക് ഇന്ത്യ മൂന്നാം തവണയും പ്രവേശിക്കുമെന്ന പ്രതീക്ഷ പകർന്ന ബുംറയുടെ തീപാറുന്ന ബോളിങ് പ്രകടനങ്ങളായിരുന്നു. ന്യൂസീലൻഡിനെതിരായ ഹോം സീരീസും ഓസീസിനെതിരെ ബോർഡർ ഗവാസ്കർ ട്രോഫിയും കൈവിട്ടതോടെയാണ് ഇന്ത്യയുടെ സാധ്യതകൾ അടഞ്ഞത്.
908 റേറ്റിങ് പോയന്റുമായി ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളറാണ് ബുംറ. പോയവർഷം ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ മണ്ണിലായിരുന്നു ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര ജയം. കേപ്ടൗണിൽ എട്ട് പ്രോട്ടീസ് വിക്കറ്റുകളാണ് ബുംറ എറിഞ്ഞിട്ടത്. ഇംഗ്ലണ്ടിനെതിരായ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കിയപ്പോൾ 19 വിക്കറ്റുകൾ ബുംറ പോക്കറ്റിലാക്കി.
ബോർഡർ ഗവാസ്കർ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 32 വിക്കറ്റാണ് ബുംറ നേടിയത്. ഈ പരമ്പരയിൽ, ടെസ്റ്റ് കരിയറിൽ 200 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിടാനും താരത്തിനായി. ഇന്ത്യ വിജയിച്ച പെർത്ത് ടെസ്റ്റിൽ എട്ട് വിക്കറ്റാണ് താരം നേടിയത്. 200ലേറെ വിക്കറ്റ് നേടിയ താരങ്ങളിൽ 20നു താഴെ ബോളിങ് ശരാശരിയുള്ള ഏക താരമെന്ന റെക്കോഡും 31കാരനായ ബുംറയുടെ പേരിലായി. 19.4 ആണ് ബുംറയുടെ ശരാശരി. 3-1 എന്ന നിലയിലാണ് ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യക്ക് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

