ഇന്ത്യക്ക് തിരിച്ചടി; ശ്രീലങ്കക്കെതിരായ ടെസ്റ്റിൽ ജസ്പ്രീത് ബുംറ കളിക്കില്ല; ഫിറ്റ്നെസ് വീണ്ടെടുക്കാനാകാതെ താരം; പകരം ജമ്മു കശ്മീർ താരം?
text_fieldsജസ്പ്രീത് ബുംറ
മുംബൈ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, ഇന്ത്യൻ ടീമിന് തിരിച്ചടി, സൂപ്പർ പേസർ ജസ്പ്രീത് ബുംറ കളിക്കില്ല. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജസ്പ്രീത് ബുംറ കഴിഞ്ഞദിവസം പ്രഖ്യാപിച്ച 15 അംഗ ടീമിലിടം നേടിയെങ്കിലും ഫിറ്റ്നെസ് തെളിയിക്കണമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. എന്നാൽ, ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ നടത്തിയ പ്രാഥമിക പരിശോധനക്കു ശേഷവും ബുംറയുടെ ഇടതുകാലിന് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. താരത്തെ ധൃതിപിടിച്ച് കളിപ്പിക്കേണ്ടതില്ലെന്നാണ് ബി.സി.സി.ഐ തീരുമാനം. ബുംറ ഫിറ്റ്‌നസ് ടെസ്റ്റ് പാസായെന്നും ശ്രീലങ്കയിൽ നടക്കുന്ന പരമ്പരയിൽ കളിക്കാൻ സജ്ജനാണെന്നും രണ്ട് ദിവസം മുമ്പ് പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഞായറാഴ്ച ടൈംസ് ഓഫ് ഇന്ത്യപുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം വരാനിരിക്കുന്ന പരമ്പര ബുംറക്ക് നഷ്ടമാകും എന്നാണ്.
ബുംറയെ ധൃതിപിടിച്ച് വീണ്ടും ക്രിക്കറ്റിലേക്ക് കൊണ്ടുവരുന്നത് സുരക്ഷിതമല്ല. പൂർണമായി സുഖം പ്രാപിച്ച ശേഷം മാത്രം മടങ്ങിയെത്തിയാൽ മതിയെന്നാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്ന നിർദേശം. "മുൻകാലങ്ങളിൽ താരങ്ങളെ ധൃതിപിടിച്ച് ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരികയും അവർക്ക് വീണ്ടും പരിക്കേൽക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ആ റിസ്ക് ഇനി എടുക്കാനാവില്ല, പ്രത്യേകിച്ച് ബുംറയുടെ കാര്യത്തിൽ. അതിനാൽ പൂർണ രോഗമുക്തി മാത്രമാണ് നിലവിലെ ലക്ഷ്യം. ഈ വർഷം ഇനിയും ഒരുപാട് ക്രിക്കറ്റ് മത്സരങ്ങൾ ബാക്കിയുണ്ട്. ഏഷ്യൻ ഗെയിംസ്, ന്യൂസിലാൻഡ് പര്യടനം, അടുത്ത വർഷം ആദ്യം നടക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫി എന്നിവ വരാനിരിക്കുന്നുണ്ട്" -ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വരും ദിവസങ്ങളിൽ ബുംറക്ക് പകരക്കാരനെ ബി.സി.സി.ഐ പ്രഖ്യാപിക്കും. രണ്ട് മത്സര പരമ്പരക്കുള്ള ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡിൽ ബുംറക്ക് പകരം ജമ്മു കശ്മീർ ഫാസ്റ്റ് ബൗളർ ആഖിബ് നബിക്കാണ് കൂടുതൽ സാധ്യത. ആഖിബ് ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടില്ലെങ്കിലും രഞ്ജി ട്രോഫിയിൽ തന്റെ ബൗളിങ് പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ബാരാമുള്ളയിൽ നിന്നുള്ള ഈ ഫാസ്റ്റ് ബൗളർ 2025-26 പതിപ്പ് രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായിരുന്നു. ജമ്മു കശ്മീരിന് കന്നി രഞ്ജി ട്രോഫി കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ബുംറയെ കൂടാതെ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ എന്നിവരാണ് ടീമിലുള്ളത്. ബുംറയുടെ അഭാവത്തിൽ പ്രസിദ്ധ് കൃഷ്ണയായിരിക്കും ഇന്ത്യയുടെ പേസ് ആക്രമണത്തിൽ സിറാജിനൊപ്പം പന്ത് പങ്കിടാൻ സാധ്യത. വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടീമിലേക്ക് മടങ്ങിയെത്തിയതാണ് ശ്രദ്ധേയം. കൂടാതെ, സ്പിൻ ബോളിങ് ഓൾറൗണ്ടറായ സരന്‍ഷ് ജെയിന് ഇന്ത്യൻ ടീമിലേക്ക് ആദ്യമായി വിളിയെത്തി.
ആഗസ്റ്റ് 15 മുതൽ 19 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടാം മത്സരം കൊളംബോയിൽ ആഗസ്റ്റ് 23 മുതൽ 27 വരെ നടക്കും. പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ ടീം ആഗസ്റ്റ് ഏഴു മുതൽ കൊളംബോയിൽ നാല് ദിവസത്തെ പരിശീലന മത്സരം കളിക്കും.
ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സായ് സുദർശൻ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, മാനവ് സുതർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സരൻഷ് ജെയിൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

