ബുംറ ഐ.സി.സി ക്രിക്കറ്റർ ഓഫ് ദി ഇയർ; പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം
text_fieldsദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. 2024ല്‍ ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളില്‍ നടത്തിയ ഗംഭീര പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് അവാര്‍ഡിന് താരം അർഹനായത്.
പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവും ആദ്യ ഇന്ത്യൻ പേസറുമാണ് ബുംറ. കഴിഞ്ഞ വർഷത്തെ ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ബുംറക്കായിരുന്നു. രാഹുല്‍ ദ്രാവിഡ് (2004ൽ), ഇതിഹാസം സചിൻ തെണ്ടുല്‍ക്കര്‍ (2010), രവിചന്ദ്രന്‍ അശ്വിന്‍ (2016), വിരാട് കോഹ്ലി (2017, 2018) എന്നിവരാണ് പുരസ്കാരം നേടിയ ഇന്ത്യന്‍ താരങ്ങള്‍.
ആസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്, ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരെ മറികടന്നാണ് ബുംറ പുരസ്കാരം നേടിയത്. ടെസ്റ്റ് റാങ്കിങ്ങിൽ നിലവിൽ ഒന്നാമതുള്ള ബുംറ, അതിവേഗത്തിൽ 200 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു.
ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ 900 പോയന്റ് പിന്നിട്ട് ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും ഉയർന്ന റാങ്കിങ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞവർഷം ആദ്യം ഇംഗ്ലണ്ടിനെതിരെയും ഒടുവിൽ ഓസീസിനെതിരെയും താരത്തിന്റെ പ്രകടനമാണ് മികച്ച നേട്ടങ്ങളിലേക്ക് ബുംറയെ എത്തിച്ചത്.
പോയ വർഷത്തെ ഐ.സി.സി ടെസ്റ്റ് ടീമിലും താരം ഇടംപിടിച്ചു. അമേരിക്കയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ 15 വിക്കറ്റുമായി ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ടൂർണമെന്റിലെ താരവും മറ്റാരുമായിരുന്നില്ല. 20ൽ താഴെ ശരാശരിയുമായി ഏറ്റവും വേഗം ടെസ്റ്റിൽ 200 വിക്കറ്റ് തികക്കുന്ന ഇന്ത്യൻ താരമായതും കഴിഞ്ഞ വർഷമാണ്. ടെസ്റ്റിൽ 13 കളികളിൽ 14.92 ശരാശരിയിൽ 71 വിക്കറ്റ് സ്വന്തമാക്കി.
ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മാസ്റ്റർ ക്ലാസ് പ്രകടനം ടീമിന്റെ തോൽവിയിലും ശ്രദ്ധേയമായി. താരം ഉജ്വല പ്രകടനവുമായി നിറഞ്ഞാടിയിട്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

