കപ്പിത്താൻ ബുംറ! ടെസ്റ്റ് ടീം ഓഫ് ദി ഇയർ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ആസ്ട്രേലിയ!
text_fieldsക്രിക്കറ്റ് ആസ്ട്രേലിയ തെരഞ്ഞെടുത്ത ഈ വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ ഇന്ത്യൻ പേസ് ബൗളിങ് സൂപ്പർതാരം ജസ്പ്രീത് ബുംറ. ടീമിന്‍റെ നായകനായാണ് ബുംറയെ ടീമിൽ തെരഞ്ഞെടുത്തത്. ആറ് വ്യത്യസ്ത രാജ്യങ്ങളിലെ താരങ്ങളെ ഉൾപ്പെടുത്തി ഉണ്ടാക്കിയ പ്ലെയിങ് ഇലവനിലെ ഓപ്പണിങ് ബാറ്റർ യശ്വസ്വി ജയ്സ്വാളാണ്. ജോഷ് ഹെയ്സൽവുഡ്, വിക്കറ്റ് കീപ്പർ അലക്സ് കാരി എന്നിവരാണ് ഇലവനിൽ ഉൾപ്പെട്ട ആസ്ട്രേലിയൻ താരങ്ങൾ.
രച്ചിൻ രവീന്ദ്ര, മാറ്റ് ഹെൻറി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ന്യൂസിലാൻഡ് താരങ്ങൾ. ഇംഗ്ലണ്ടിൽ നിന്നും സൂപ്പർ താരം ജോ റൂട്ട്, യുവ പ്രതിഭകളായ ഹാരി ബ്രൂക്ക്, ബെൻ ഡക്കറ്റ് എന്നിങ്ങനെ മൂന്ന് താരങ്ങൾ ഇലവനിൽ ഇടം നേടി. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളിൽ നിന്നുമാണ് മറ്റ് രണ്ട് താരങ്ങൾ. ലങ്കക്കായി ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച കമിന്ദു മെൻഡിസ്, ദക്ഷിണാഫ്രിക്കക്ക് വേണ്ടി സ്പിൻ ബൗളിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേശവ് മഹാരാജ് എന്നിവരാണ് ഇടം നേടിയത്.
ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങി ആസ്ട്രേലിയയിലടക്കം മികച്ച പ്രകടനം പുറത്തെടുത്ത ജയ്സ്വാളെന്ന യുവതാരത്തിന്‍റെ ക്രിക്കറ്റിലേക്കുളള കടന്നുവരവിനാണ് ലോക ക്രിക്കറ്റ് ഈ വർഷം സാക്ഷ്യംവഹിച്ചത്. ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും ജയ്സ്വളാണ്. 36 സിക്സറുകൾ ടെസ്റ്റിൽ അടിച്ച് ഒരു കലണ്ടർ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോഡ് നേടുവാനും അദ്ദേഹത്തിന് സാധിച്ചു. 13 ടെസ്റ്റ് മത്സരം ഈ വർഷം കളിച്ച ബുംറ 14.92 എന്ന അതിശയിപ്പിക്കുന്ന ശരാശരയിൽ 71 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഈ വർഷം എല്ലാ ഫോർമാറ്റിലും ബുംറ മികവ് കാട്ടി. ഇന്ത്യ വിജയിച്ച ട്വന്‍റി-20 ലോകകപ്പിൽ പ്ലെയർ ഓഫ് ദി ടൂർണമെന്‍റായതും ബുംറയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

