ഇനി ടെസ്റ്റ് വിൻഡോ; ഇന്ത്യ-വിൻഡീസ് ഒന്നാം ടെസ്റ്റ് നാളെ മുതൽ അഹ്മദാബാദിൽ
text_fieldsഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ
അഹ്മദാബാദ്: ഏഷ്യ കപ്പ് വിവാദങ്ങൾ ഫൈനലിന് ശേഷവും തുടരവെ ഇന്ത്യൻ ക്രിക്കറ്റ് ടീം പുതിയ ദൗത്യത്തിലേക്ക്. വെസ്റ്റിൻഡീസിനെതിരായ രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് വ്യാഴാഴ്ച അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആരംഭിക്കും. രോഹിത് ശർമക്ക് ശേഷം നായകനായെത്തിയ ശുഭ്മൻ ഗില്ലിന് കീഴിൽ ഇംഗ്ലണ്ട് പര്യടനം മികച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസം ആതിഥേയർക്ക് കൈമുതലായുണ്ട്. പ്രതാപകാലത്തെ കരീബിയൻ സംഘത്തിന്റെ നിഴൽ മാത്രമാണ് നിലവിലെ ടീം എന്നതിനാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവുമെന്നാണ് പ്രതീക്ഷ.
ചൊവ്വാഴ്ച പരിശീലനത്തിനിറങ്ങിയപ്പോൾ ഏഷ്യ കപ്പ് സംഘത്തിലുണ്ടായിരുന്ന പേസർ ജസ്പ്രീത് ബുംറ, ഓൾ റൗണ്ടർ അക്ഷർ പട്ടേൽ, സ്പിന്നർ കുൽദീപ് യാദവ് എന്നിവർ വിശ്രമത്തിലായിരുന്നു. ദുബൈയിൽനിന്ന് തിരിച്ചെത്തിയതിന് പിന്നാലെ ക്യാപ്റ്റൻ ഗില്ലും പരിശീലകൻ ഗൗതം ഗംഭീറും ടീമിനൊപ്പം ചേർന്നു. ട്വന്റി20 ടീമിലില്ലാതിരുന്ന പേസർമാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറൽ, ഓപണർ കെ.എൽ. രാഹുൽ, മധ്യനിര ബാറ്റർമാരായ മലയാളി താരം ദേവ്ദത്ത് പടിക്കൽ, സായ് സുദർശൻ, ഓൾ റൗണ്ടർ നിതീഷ് കുമാർ തുടങ്ങിയവർ ഇന്ത്യൻ എ ടീമിനായി ആസ്ട്രേലിയ എ സംഘത്തിനെതിരെ പരിശീലന മത്സരം കളിച്ച് തയാറെടുത്തിട്ടുണ്ട്.
ഓപണർമാരായി രാഹുലും യശസ്വി ജയ്സ്വാളും തുടരും. പിന്നെ ഗില്ലും സായി സുദർശനും വിക്കറ്റ് കീപ്പറെന്ന നിലയിൽ ജുറലും ബാറ്റിങ് നിരയിൽ ഇടമുറപ്പിച്ചിട്ടുണ്ട്. അധിക ബാറ്ററായി ദേവ്ദത്തിനെ ഉൾപ്പെടുത്തുമോ ഓൾ റൗണ്ടർ നിതീഷിന് അവസരം നൽകുമോയെന്ന കാര്യത്തിൽ ആകാംക്ഷ ബാക്കി. സ്പെഷലിസ്റ്റ് ഓൾ റൗണ്ടറായി പുതിയ ഉപനായകൻ രവീന്ദ്ര ജദേജയുണ്ട്. പേസ് ബൗളിങ്ങിൽ ബുംറക്കൊപ്പം സിറാജിന് തന്നെയായിരിക്കും മുൻഗണന. കുൽദീപും പ്ലേയിങ് ഇലവനിലുണ്ടാവാനാണ് സാധ്യത. ടെസ്റ്റായതിനാൽ സ്പിൻ ഓൾ റൗണ്ടർമാരിൽ ഒരുപടിക്ക് മുന്നിലാണ് വാഷിങ്ടൺ സുന്ദറിന്റെ സ്ഥാനം.
ഓൾ റൗണ്ടർ റോസ്റ്റൻ ചേസ് നയിക്കുന്ന വിൻഡീസ് ടീമിലെ മിക്ക താരങ്ങളും കരീബിയൻ പ്രീമിയർ ലീഗിന്റെ തിരക്കുകൾ കഴിഞ്ഞാണ് ഇന്ത്യയിലേക്ക് പറന്നത്. ബാറ്റിങ്ങിൽ ജോൺ കാംബെൽ, ബ്രാൻഡൻ കിങ്, വിക്കറ്റ് കീപ്പർ ഷായ് ഹോപ്, ബൗളിങ്ങിൽ പേസർ ജെയ്ഡൻ, സ്പിന്നർ ജോമൽ വരിക്കൻ തുടങ്ങിയ പ്രതിഭകളുണ്ട്.
ടീം ഇവരിൽനിന്ന്
ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജദേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, എൻ. ജഗദീശൻ, പ്രസിദ്ധ് കൃഷ്ണ.
വെസ്റ്റിൻഡീസ്: റോസ്റ്റൺ ചേസ് (ക്യാപ്റ്റൻ), കെവ്ലോൺ ആൻഡേഴ്സൺ, ടാഗനറൈൻ ചന്ദർപോൾ, അലിക്ക് അത്തനാസെ, ജോൺ കാംബെൽ, ബ്രാൻഡൻ കിങ്, ജസ്റ്റിൻ ഗ്രീവ്സ്, ഷായ് ഹോപ്, ടെവിൻ ഇംലാച്ച്, ജോമൽ വരിക്കൻ, ആൻഡേഴ്സൺ ഫിലിപ് ഖാരി പിയറി, ജെയ്ഡൻ സീൽസ്, ജൊഹാൻ ലെയ്ൻ, ജെഡിയ ബ്ലേഡ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

