Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇത് ക്രിക്കറ്റല്ല...’; റെക്കോഡ് ജയത്തിനു പിന്നാലെ നീരസം പ്രകടിപ്പിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ

text_fields
bookmark_border
‘ഇത് ക്രിക്കറ്റല്ല...’; റെക്കോഡ് ജയത്തിനു പിന്നാലെ നീരസം പ്രകടിപ്പിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ
cancel

ഗുവാഹത്തി: നായകൻ ശുഭ്മൻ ഗില്ലിന്‍റെ റെക്കോഡ് ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് വെസ്റ്റിൻഡീസ് മുന്നോട്ടുവെച്ച 405 റൺസ് ഇന്ത്യ മറികടന്നത്. ഗുവാഹത്തിയിലെ ഏകദിനത്തിൽ ആകെ അഞ്ചു സെഞ്ച്വറികളാണ് പിറന്നത്.

വെറ്ററൻ താരം രോഹിത് ശർമക്കു പുറമെ, വിൻഡീസിന്‍റെ മൂന്നു താരങ്ങളും സെഞ്ച്വറി കുറിച്ചു. ഇരു ടീമുകളും ചേർന്ന് നേടിയത് 811 റൺസ്, ഒരു ഏകദിന മത്സരത്തിലെ എക്കാലത്തെയും ഉയർന്ന മൂന്നാമത്തെ ടോട്ടർ. എന്നാൽ, ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ അത്ര തൃപ്തനല്ല. ഗുവാഹത്തിയിൽ നടന്നത് ക്രിക്കറ്റല്ലെന്നാണ് അദ്ദേഹം പറയുന്നത്. ബാറ്റും ബാളും തമ്മിലുള്ള സന്തുലിതമായ പോരാട്ടമാണ് നടക്കേണ്ടതെന്നും ബി.സി.സി.ഐയും സംസ്ഥാന ക്രിക്കറ്റ് ബോർഡുകളും അതിനാണ് അവസരമൊരുക്കേണ്ടതെന്നും ഗംഭീർ മത്സരശേഷം പ്രതികരിച്ചു.

ഗുവാഹത്തിയിലെ റണ്ണൊഴുകുന്ന പിച്ചിൽ ബൗളർമാർക്ക്, പ്രത്യേകിച്ച് പേസർമാർക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പൂർണമായും ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചിൽ പന്തെറിയുന്നത് ഏതൊരു ബൗളർക്കും ശ്രമകരമാണ്. പന്തെറിഞ്ഞവരെല്ലാം ബാറ്റർമാരുടെ ചൂടറിഞ്ഞു. ഇന്ത്യയുടെ എല്ലാ പേസർമാരും ഓവറിൽ ഒമ്പതിലധികം റൺസ് വഴങ്ങി. ആകെ വീഴ്ത്തിയത് മൂന്ന് വിക്കറ്റുകൾ മാത്രം. വെസ്റ്റിൻഡീസിന്റെ നാല് പേസർമാരുടെയും ഇക്കണോമി റേറ്റ് എട്ടിന് മുകളിലാണ്, ഇതിൽ രണ്ടുപേർ ഓവറിൽ 10ലധികം റൺസ് വിട്ടുകൊടുത്തു. നേടിയത് രണ്ട് വിക്കറ്റുകൾ മാത്രം.

‘തുറന്നു പറയുകയാണെങ്കിൽ, ബാറ്റും ബാളും തമ്മിൽ കുറച്ചുകൂടി നല്ലൊരു പോരാട്ടം ഉണ്ടാകണമായിരുന്നു. നമ്മൾ ക്രിക്കറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാൽ ഇത് ക്രിക്കറ്റല്ല, വെറും ബാറ്റിങ് മാത്രമാണ്’ -ഗംഭീർ മത്സരശേഷം പ്രതികരിച്ചു. ‘ഒരു യുവ ബൗളർ ഈ പിച്ചിൽ പന്തെറിയുന്നതും എതിർ ടീം 400 റൺസ് നേടുന്നതും തുടർന്ന് നമ്മൾ അത് ചേസ് ചെയ്യുന്നതും സങ്കൽപ്പിച്ചു നോക്കൂ. വെടിക്കെട്ട് ബാറ്റിങ് കാഴ്ചക്കാർക്കും ബ്രോഡ്കാസ്റ്റർമാർക്കും ആവേശമായിരിക്കും. എന്നാൽ ഒരു യഥാർഥ ക്രിക്കറ്റ് ആരാധകനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ചോദിച്ചാൽ, ബൗളർമാരോട് എനിക്ക് സഹതാപം തോന്നുന്നു’ -ഗംഭീർ കൂട്ടിച്ചേർത്തു.

ഇത്തരം പിച്ചുകൾ ഒരുക്കുന്നത് ബൗളർമാരോട് കാണിക്കുന്ന നിതികേടാണ്. അതിനാൽ ബൗളർമാർക്ക് കുറച്ചെങ്കിലും അനുകൂലമായ പിച്ചൊരുക്കേണ്ടിയിരുന്നു. അരങ്ങേറ്റക്കാരനായ ആഖിബ് നബിയായിരുന്നു ഇതിന്റെ ഇരകളിൽ ഒരാൾ. 8.5 ഓവറിൽ വിക്കറ്റൊന്നും നേടാതെ 84 റൺസാണ് നബി വഴങ്ങിയത്. ഇത്തരം സാഹചര്യങ്ങളിൽ ബൗളർമാരുടെ പേരിനൊപ്പമുള്ള അക്കങ്ങൾ നോക്കിയല്ല, മറിച്ച് അവർ പ്ലാനുകൾ എത്രത്തോളം നടപ്പിലാക്കി എന്ന് നോക്കിയാണ് അവരെ വിലയിരുത്തേണ്ടതെന്നും ഗംഭീർ വിശദീകരിച്ചു.

എട്ടു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയത്തിനൊപ്പം പരമ്പരയും ഇന്ത്യ സ്വന്തമാക്കി. വിൻഡ് കുറിച്ച 405/7 റൺസ് ലക്ഷ്യം 43.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. 117 പന്തിൽ 200 കടന്ന ഗിൽ ഏകദിനത്തിലെ അതിവേഗ ഇരട്ട സെഞ്ച്വറിയെന്ന റെക്കോഡും സ്വന്തം പേരിൽ കുറിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസാണ് റൺ ഷോക്ക് തിരികൊളുത്തിയത്. ഓപണർ ജോൺ കാംബെലിൽ (68 പന്തിൽ 101) തുടങ്ങിയ റൺ വേട്ട, ക്യാപ്റ്റൻ ഷായ് ഹോപും (94 പന്തിൽ 104), ആമിർ ജാങ്കോയും (77 പന്തിൽ 114) ചേർന്ന് പൂർത്തിയാക്കി.

കേസി കാർട്ടി (9) നേരത്തെ പുറത്തായെങ്കിലും പിന്നാലെ, കാംബെലും ഹോപും ചേർന്നാണ് സ്കോർ പടുത്തുയർത്തിയത്. 147ലെത്തിയപ്പോഴാണ് കാംബെൽ പുറത്തായത്. മൂന്നാം വിക്കറ്റിൽ ഷായ് ഹോപിന് കൂട്ടായി ക്രിസ്ഗെയ്‍ലിന്റെ പിൻഗാമി ആമിർ ജാങ്കോ വന്നതോടെ റൺവേട്ടക്ക് വേഗം കൂടി. ഇന്ത്യൻ നിരയിൽ രഞ്ജി ട്രോഫിയിലെ സൂപ്പർതാരം കശ്മീരിന്റെ ആക്വിബ് നബിക്ക് അരങ്ങേറ്റ മത്സരം ദുസ്വപ്നം പോലെയായി. 8.5 ഓവർ എറിഞ്ഞ ആക്വിബ് 84 റൺസാണ് വഴങ്ങിയത്. പ്രസിദ്ദ് കൃഷ്ണ, ഗുർണൂർ ബ്രാർ, നമൻ ധിർ, ജദേജ, കുൽദീപ് ഉൾപ്പെടെ പന്തെടുത്തവരെല്ലാം റൺവഴങ്ങി ക്ഷീണിച്ചു.

405 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് തുടക്കം തന്നെ ടോപ് ഗിയറിൽ പിടിച്ചു. വിൻഡീസ് ബൗളർമാരെ അടിമുടി പ്രഹരിച്ചുകൊണ്ട് രോഹിതാണ് തുടങ്ങിയത്. പിന്നാലെ ഗില്ലും ഏറ്റെടുത്തു. 27ാം ഓവറിൽ സ്കോർ 255ലെത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. സചിൻ-ഗാംഗുലി ഓപണിങ് ജോടിയുടെ പേരിലുള്ള ഇന്ത്യയുടെ റെക്കോഡ് സ്കോർ മൂന്ന് റൺസകലെ നഷ്ടം. പിന്നാലെ ക്രീസിലെത്തിയ വിരാട് കോഹ്‍ലി 19പന്തിൽ 29 റൺസുമായി മടങ്ങി. അതിനിടെ, 29 ഓവറിൽ ടീം ടോട്ടൽ 300 കടന്നിരുന്നു. ഋതുരാജ് ഗെയ്ക്‍വാദിനെ കൂട്ടുപിടിച്ച് ഗിൽ ഇരട്ട സെഞ്ച്വറിയിലേക്ക് ഗിയർ മാറ്റിയതോടെ സ്കോർ ബോർഡ് അതിവേഗത്തിൽ ചലിച്ചു. ഷായ് ഹോപ് ബൗളിങ്ങിൽ പരീക്ഷണങ്ങൾക്ക് മുതിർന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ 117 പന്തിൽ ഗിൽ തന്റെ രണ്ടാം ഇരട്ട സെഞ്ച്വറിയും, പിന്നാലെ ഇന്ത്യയുടെ പരമ്പര വിജയവും പിറന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘It was not cricket’: Gautam Gambhir slams lifeless Guwahati pitch
Next Story