ചെപ്പോക്കിൽ കറക്കിവീഴ്ത്തണം
text_fieldsമുഹമ്മദ് ഷമി
ചെന്നൈ: ഇളമുറക്കാർ കരുത്തുകാട്ടിയ ഒന്നാം ട്വന്റി20യിലെ തകർപ്പൻ ജയം നൽകിയ ആവേശം തുടരാൻ ടീം ഇന്ത്യ ഇന്ന് ചെപ്പോക്കിൽ. വെറ്ററൻ പേസർ മുഹമ്മദ് ഷമിയുടെ ഫിറ്റ്നസ് ആധികൾ തുടരുന്നതിനിടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ നേരത്തേ മേൽക്കൈ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇറങ്ങുന്നത്. രാത്രി ഏഴുമണിക്കാണ് മത്സരം. അഭിഷേകിന്റെ മാരക ബാറ്റിങ് കരുത്താക്കി ഈഡൻ ഗാർഡൻസിൽ ആദ്യ ട്വന്റി20 ഏഴു വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു. ഷമി കളിക്കുമെന്ന പ്രതീക്ഷ പകർന്ന് നെറ്റ്സിൽ ഏറെനേരം പരിശീലനം നടത്തിയിരുന്നെങ്കിലും അവസാനനിമിഷം ആദ്യ ഇലവനിൽനിന്ന് പുറത്താകുകയായിരുന്നു. ഇന്നും ഇറങ്ങണമെങ്കിൽ ഫിറ്റ്നസ് കടമ്പ പിന്നിടണം. ഷമിയുടെ അഭാവം വെല്ലുവിളിയാകുമെന്ന് തോന്നിച്ച മത്സരത്തിൽ പകരക്കാരൻ അർഷ്ദീപ് മികച്ച പ്രകടനം പുറത്തെടുത്തത് ആശ്വാസം നൽകുന്നതാണ്. സ്പിന്നർ വരുൺ ചക്രവർത്തികൂടി ചേർന്ന് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടാണ് അതിവേഗം ആതിഥേയർ വിജയതീരമണഞ്ഞത്.
ഈഡൻ ഗാർഡൻസ് സ്പിന്നിനും പേസിനും ഒരുപോലെ അനുഗുണമാണെങ്കിൽ സ്പിന്നർമാരെ തുണക്കുന്നതാണ് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം. വരുൺ ചക്രവർത്തിക്ക് പുറമെ ഉപനായകൻ അക്സർ പട്ടേലും രവി ബിഷ്ണോയിയും ചേർന്നതാണ് ഇന്ത്യൻ സ്പിൻ ത്രയം. ഇംഗ്ലീഷ് ഇലവനിൽ ആദിൽ റാശിദും ലിയാം ലിവിങ്സ്റ്റോണുമുണ്ടാകും.
അഭിഷേക്- സഞ്ജു കൂട്ടുകെട്ട്
കഴിഞ്ഞ കളിയിൽ ജൊഫ്ര ആർച്ചറൊഴികെ ആരെയും വെറുതെവിടാതെ പ്രഹരിച്ച അഭിഷേകും ഏറെയൊന്നും നീണ്ടുനിന്നില്ലെങ്കിലും വെടിക്കെട്ടുമായി വിരുന്നൂട്ടിയ സഞ്ജു സാംസണും ഇവിടെയും ഇന്ത്യൻ ബാറ്റിങ്ങിനെ നയിക്കുന്നവരാകുമെന്നാണ് കണക്കുകൂട്ടൽ. ഓപണിങ്ങിൽ അഭിഷേകും സഞ്ജുവും ചേർന്ന കൂട്ടുകെട്ടിൽ ഇരുവരും ഒന്നിച്ചില്ലെങ്കിൽ ഒരാളെങ്കിലും ബാറ്റിങ്ങിന്റെ നെടുംതൂണാകണം. ആദ്യ ട്വന്റി20യിൽ 230 ശരാശരിയിലായിരുന്നു അഭിഷേകിന്റെ ബാറ്റിങ്. മറുവശത്ത്, കഴിഞ്ഞ ആറ് ഇന്നിങ്സുകളിൽ മൂന്ന് സെഞ്ച്വറിയടിച്ചാണ് സഞ്ജുവിന്റെ നിൽപ്. ഇടംകൈയൻ- വലംകൈയൻ ജോടികളെന്ന സവിശേഷതയുമുണ്ട്. ഫിൽ സാൾട്ടും ബെൻ ഡക്കറ്റും ചേർന്ന ഇംഗ്ലീഷ് ഓപണിങ് കൂട്ടുകെട്ട് കഴിഞ്ഞ കളിയിൽ അതിവേഗം പിരിഞ്ഞിരുന്നു.
ടീമിൽ ഇത്തവണ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന. ഷമി തിരിച്ചുവന്നാൽ നിതീഷ് കുമാർ റെഡ്ഡി പുറത്താകും. ഇംഗ്ലണ്ട് സ്പിന്നറായ റിഹാൻ അഹ്മദിനെയും ഉൾപ്പെടുത്തിയേക്കും. കഴിഞ്ഞ കളിയിൽ സഞ്ജു നന്നായി പ്രഹരിച്ച ഗുസ് അറ്റ്കിൻസണ് പകരം പേസർ ബ്രൈഡൻ കാർസ് എത്തിയേക്കും. ജേക്കബ് ബെഥൽ രോഗബാധയെതുടർന്ന് വിശ്രമത്തിലായതിനാൽ ജാമി സ്മിത്തും ഇറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

