ഇഷിത സഹ്റ; തലശ്ശേരി ക്രിക്കറ്റിന്റെ മുത്ത്
text_fieldsതലശ്ശേരി: ക്രിക്കറ്റ് ഈറ്റില്ലമായ തലശ്ശേരിയിൽ നിന്നും ഒരു താരോദയം -ഇഷിത സഹ്റ. എമിറേറ്റ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ച 14 അംഗ യു.എ.ഇ ടീമിൽ മാറ്റുരക്കാൻ ഇഷിത സഹ്റയുമുണ്ട്. ക്രിക്കറ്റ് കുടുംബത്തിൽ നിന്നുള്ള ഇഷിതയുടെ കടന്നുവരവ് പുതിയ അധ്യയന വർഷത്തിന്റെ സമ്മാനമായി കാണുകയാണ് തലശ്ശേരിക്കാർ. പ്രവാസ ലോകത്ത് നിന്നാണ് തലശ്ശേരിക്കാരിയായ ഈ കൊച്ചുമിടുക്കിയുടെ അരങ്ങേറ്റം. ജൂൺ മൂന്നിന് മലേഷ്യയിൽ ആരംഭിക്കുന്ന ഐ.സി.സി അണ്ടർ 19 വനിത ലോകകപ്പ് യോഗ്യത ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 യു.എ.ഇ ടീമിന് വേണ്ടി പാഡണിയുകയാണ് ഈ പതിനഞ്ചുകാരി. അണ്ടർ 19 ലോക കപ്പിൽ ഇടം കണ്ടെത്തുന്നതിന് വേണ്ടി ഭൂട്ടാൻ, നേപ്പാൾ, മലേഷ്യ, ഖത്തർ തുടങ്ങി ഏഷ്യയിലെ പത്ത് രാഷ്ട്രങ്ങൾ ടൂർണമെന്റിൽ മാറ്റുരക്കുന്നുണ്ട്. തലശ്ശേരി ക്രിക്കറ്റിന് മഹത്തായ സംഭാവനകൾ നൽകിയ തലശ്ശേരി കാട്രാംവള്ളി കുടുംബത്തിൽ നിന്നുള്ള മുൻ രഞ്ജി താരം സി.ടി.കെ. മഷൂദിന്റെ മകളാണ് ഇഷിത സഹ്റ. ദുബൈയിലെ ഇന്ത്യൻ ഹൈസ്കൂൾ വിദ്യാർഥിനിയാണ്.
ബാല്യത്തിൽ തന്നെ ക്രിക്കറ്റിൽ അമിതാവേശം കാണിച്ചിരുന്ന ഇഷിതക്ക് പിതാവാണ് പ്രചോദനം. മകളിലെ താൽപര്യവും കഴിവും തിരിച്ചറിഞ്ഞ പിതാവ് തന്റെ ജ്യേഷ്ഠ സഹോദരനും മുൻ രഞ്ജിതാരം കൂടിയായ സി.ടി.കെ ഉസ്മാൻ കുട്ടിയുടെ പരിശീലനത്തിലായിരുന്നു.
സി.ടി.കെ സഹോദരങ്ങൾ ദുബൈയിൽ നടത്തിവരുന്ന ക്രിക്കറ്റ് പരിശീലനക്കളരിയാണ് ടെലിച്ചറി ക്രിക്കറ്റ് അക്കാദമി. മൂന്ന് വർഷം മുമ്പാണ് ടെലിച്ചറി ക്രിക്കറ്റ് അക്കാദമിയിലൂടെ പരിശീലനം ആരംഭിക്കുന്നത്. അക്കാദമിയുടെ കീഴിലുള്ള ആൺകുട്ടികളുടെ പ്രാക്ടിസ് മത്സരങ്ങളിലും പങ്കെടുക്കുന്ന ഇഷിത സഹ്റ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്.
ചെറിയ സമയം കൊണ്ടുതന്നെ യു.എ.ഇ ടീമിൽ ഇടം കണ്ടെത്തിയതിലുള്ള ആഹ്ലാദത്തിലാണ് എച്ച്.എസ്.ബി.സി ബാങ്ക് ഉദ്യോഗസ്ഥനായ സി.ടി.കെ. മഷൂദും കുടുംബവും. ഉമ്മ ഫാത്തിമത്തുൽ ലുഷാനയും സഹോദരൻ താനിഷ് നാസ്സിറും, ഐഡിൻ റെയ്നുമുൾപ്പെടുന്നതാണ് കുടുംബം. നേരത്തേ യു.എ.ഇ അണ്ടർ 19 ടീമിന് വേണ്ടി പാഡണിഞ്ഞ നഷ് വാൻ നാസിർ സി.ടി.കെ മഷൂദിന്റെ മൂത്ത സഹോദരൻ സി.ടി.കെ. നാസറിന്റെ മകനാണ്.
രഞ്ജി ട്രോഫിയിൽ മുമ്പ് കേരളത്തിനു വേണ്ടി കളിച്ച, ഇപ്പോൾ പോണ്ടിച്ചേരി ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ ഫാബിദ് ഫാറൂഖ് സി.ടി.കെ. മഷൂദിന്റെ സഹോദരൻ സി.ടി.കെ. ഫാറൂഖിന്റെ മകനാണ്.