ഹെൽമെറ്റിന് ഏറുകൊണ്ട് തലക്ക് പരിക്ക്; ഇഷാൻ കിഷൻ ആശുപത്രിയിൽ
text_fieldsധരംശാല: ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി20 മത്സരത്തിനിടെ ഹെൽമെറ്റിന് ഏറുകൊണ്ട് തലക്ക് പരിക്കേറ്റ ഇഷാൻ കിഷനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീലങ്കൻ പേസർ ലഹിരു കുമാരയുടെ മണിക്കൂറിൽ 146 കി.മീ വേഗതയിൽ വന്ന പന്ത് ഹെൽമറ്റിൽ കൊണ്ടാണ് വിക്കറ്റ് കീപ്പർ ബാറ്റർക്ക് പരിക്കേറ്റത്. ഇന്ത്യൻ ഇന്നിങ്സിന്റെ നാലാം ഓവറിൽ കുമാരയുടെ പന്ത് പുൾഷോട്ട് കളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഫിസിയോയുടെ ഉപദേശം സ്വീകരിക്കാതെ കിഷൻ കളി തുടർന്നെങ്കിലും ആറാം ഓവറിൽ കുമാരയുടെ തന്നെ പന്തിൽ 16 റൺസുമായി മടങ്ങി. രണ്ടാം വിക്കറ്റിൽ കിഷനും അയ്യരും ചേർന്ന് 35 റൺസ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
ഫീൽഡിങ്ങിനിടെ തള്ളവിരലിന് പരിക്കേറ്റ ലങ്കൻ ബാറ്റർ ദിനേഷ് ചണ്ഡിമലും കാംഗ്രയിലെ ആശുപത്രിയിൽ ചികിത്സ തേടി. ഇഷാൻ കിഷന്റെ സി.ടി സ്കാൻ നടത്തിയതായും നിരീക്ഷണത്തിൽ കഴിയുകയാണെന്നും ഡോ. ശുഭം പറഞ്ഞു.
ശനിയാഴ്ച നടന്ന രണ്ടാം ട്വന്റി20യിൽ ലങ്കയെ ഏഴുവിക്കറ്റിന് തകർത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ശ്രീലങ്ക ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം ശ്രേയസ് അയ്യർ (74 നോട്ടൗട്ട്), രവീന്ദ്ര ജദേജ (18 പന്തിൽ 45 നോട്ടൗട്ട്), സഞ്ജു സാംസൺ (39) എന്നിവരുടെ കിടിലൻ ബാറ്റിങ് മികവിൽ ഇന്ത്യ അനായാസം മറികടന്നു.