ഒടുവിൽ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി ഇഷാൻ; ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തി താരം
text_fieldsവിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ഇടവേളക്കുശേഷം മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. ഡി.വൈ പാട്ടിൽ ട്വന്‍റി20 കപ്പിലാണ് താരം കളിക്കാനിറങ്ങിയത്.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പരമ്പരക്കിടെയാണ് മാനസിക സമ്മർദം ചൂണ്ടിക്കാട്ടി താരം ക്രിക്കറ്റിൽനിന്ന് അവധിയെടുക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി20 പരമ്പരയിൽനിന്ന് വിട്ടുനിന്ന ഇഷാൻ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കുന്നില്ല. ദേശീയ ടീമിൽ മടങ്ങിയെത്താൻ രഞ്ജി ട്രോഫി കളിക്കണമെന്ന് താരത്തിന് ബി.സി.സി.ഐയും പരിശീലകൻ രാഹുൽ ദ്രാവിഡും നിർദേശം നൽകിയിരുന്നു. എന്നാൽ, മുന്നറിയിപ്പ് അവഗണിച്ച താരം ഹാർദിക് പാണ്ഡ്യക്കൊപ്പം ഐ.പി.എല്ലിനായി പരിശീലനം നടത്തുന്നത് വലിയ വിമർശനത്തിനിടയാക്കി.
ഹാർദിക്കിനൊപ്പം ജിമ്മിൽ നിൽക്കുന്ന ചിത്രവും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. വിവാദങ്ങൾക്കിടെയാണ് ഒടുവിൽ ക്രിക്കറ്റിലേക്ക് താരം മടങ്ങിയെത്തിയത്. എന്നാൽ, ആദ്യ മത്സരത്തിൽ താരം ആരാധകരെ നിരാശപ്പെടുത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്കു വേണ്ടി ബാറ്റിങ്ങിനിറങ്ങിയ കിഷൻ 12 പന്തിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം 19 റൺസെടുത്ത് പുറത്തായി. നവി മുംബൈയിൽ റൂട്ട് മൊബൈൽ ലിമിറ്റഡിനെതിരെ നടന്ന മത്സരത്തിൽ 89 റൺസിന് കിഷന്‍റെ ടീം പരാജയപ്പെട്ടു.
മാക്സ് വെൽ സ്വാമിനാഥന്‍റെ പന്തിൽ വമ്പനടിക്കു ശ്രമിച്ച താരം മിഡ്-ഓഫിൽ ക്യാച്ച് നൽകിയാണ് പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത റൂട്ട് മൊബൈൽ 20 ഓവറിൽ എട്ടു വിക്കറ്റിന് 192 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ റിസർവ് ബാങ്ക് ടീം 16.3 ഓവറിൽ 103 റൺസിന് പുറത്തായി. ബദ്രെ അലമിന്‍റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇഷാന്‍റെ ടീമിനെ തകർത്തത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് താരമാണ് കിഷൻ. മാർച്ച് 24ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇത്തവണ പുതിയ നായകൻ ഹാർദിക്കിന്‍റെ കീഴിലാണ് കളിക്കാനിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

