കത്തിക്കയറി ഇഷാൻ കിഷൻ (49 പന്തിൽ 101); സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഝാർഖണ്ഡിന് കന്നിക്കിരീടം
text_fieldsപുണെ: വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്‍റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കന്നിക്കിരീടം ചൂടി ഝാർഖണ്ഡ്. ഫൈനലിൽ ഹരിയാനയെ 69 റൺസിനാണ് തോൽപിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഹരിയാന 18.3 ഓവറിൽ 193 റൺസിന് ഓൾ ഔട്ടായി. ഇഷാൻ കിഷൻ 49 പന്തിൽ 101 റൺസെടുത്തു. 10 സിക്സും ആറു ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്‍റിൽ 62 ഇന്നിങ്സുകളിൽനിന്ന് താരം നേടുന്ന അഞ്ചാം സെഞ്ച്വറിയാണിത്. ഇതോടെ ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ ട്വന്‍റി20 ഓപ്പണർ അഭിഷേക് ശർമയുടെ റെക്കോഡിനൊപ്പമെത്തി. ഏതെങ്കിലും ഒരു ട്വന്‍റി20 ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന വിക്കറ്റ് കീപ്പർ ബാറ്ററെന്ന റെക്കോഡും ഇഷാൻ സ്വന്തം പേരിലാക്കി. ടൂർണമെന്‍റിൽ 33 സിക്സുകളാണ് താരം നേടിയത്.
ഐ.പി.എൽ 2018 സീസണിൽ മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി നേടിയ 30 സിക്സുകളെന്ന റെക്കോഡാണ് താരം മറികടന്നത്. ഝാർഖണ്ഡിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് ഇഷാൻ. ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനായി ശ്രമിക്കുന്ന ഇഷാന് ടൂർണമെന്‍റിലെ പ്രകടനം നിർണായകമാകും. ടൂർണമെന്‍റിലെ റൺവേട്ടക്കാരനായ താരം, 10 ഇന്നിങ്സുകളിൽനിന്ന് 57.44 ശരാശരിയിൽ 517 റൺസാണ് അടിച്ചുകൂട്ടിയത്. 2023ൽ ആസ്ട്രേലിയക്കെതിരെയാണ് ഇഷാൻ അവസാനമായി ഇന്ത്യക്കായി ഒരു ട്വന്‍റി20 മത്സരം കളിച്ചത്.
ഝാർഖണ്ഡിനായി കുമാർ കുശാഗ്ര 38 പന്തിൽ 81 റൺസടിച്ചു. അനുകൂൽ റോയ് 20 പന്തിൽ 40ഉം റോബിൻ മിൻസ് 14 പന്തിൽ 31ഉം റൺസെടുത്ത് പുറത്താവാതെ നിന്നു. മറുപടി ബാറ്റിങ്ങിൽ ഹരിയാനക്ക് തുടക്കത്തിലെ പ്രഹരമേറ്റു. ഒരു റണ്ണെടുക്കുന്നതിനിടെ രണ്ടുവിക്കറ്റ് നഷ്ടമായി. അൻകിത് കുമാറും ആശിഷ് സിവാച്ചും പൂജ്യത്തിന് മടങ്ങി. ആർഷ് രംഗ 17 റൺസെടുത്ത് പുറത്തായി. 22 പന്തിൽ 53 റൺസെടുത്ത യശ്വർധൻ ദലാലാണ് ഹരിയാനയുടെ ടോപ് സ്കോറർ. നിഷാന്ത് സിന്ദു (15 പന്തിൽ 31), സാമന്ത് ജാഖർ (17 പന്തിൽ 38) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റു ബാറ്റർമാർക്കൊന്നും തിളങ്ങാനായില്ല. ഒടുവിൽ 193ന് റൺസ് ഇന്നിങ്സ് അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

