‘ഇതെന്താ ഞങ്ങളുടെ ലോഗോയോ?’; ചെന്നൈയിൽ മഞ്ഞക്കടലിനിടയിലെ ലഖ്നോ ആരാധകന്റെ ആവേശം കണ്ട് ഫ്ലിപ്കാർട്ട്
text_fieldsചെന്നൈ: ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയം കഴിഞ്ഞ ദിവസം സാക്ഷിയായത് ഐ.പി.എല്ലിലെ ആവേശകരമായ മത്സരത്തിനൊന്നായിരുന്നു. ആതിഥേയരായ ചെന്നൈ സൂപ്പർ കിങ്സും ലഖ്നോ സൂപ്പർ ജയന്റ്സും തമ്മിലായിരുന്നു പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത് ഋതുരാജ് ഗെയ്ക്‍വാദിന്റെ സെഞ്ച്വറിയുടെയും ശിവം ദുബെയുടെ അതിവേഗ അർധസെഞ്ച്വറിയുടെയും കരുത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 210 റൺസാണടിച്ചത്. എന്നാൽ, മറുപടി ബാറ്റിങ്ങിൽ ഒറ്റയാൾ പോരാട്ടത്തിലൂടെ മാർകസ് സ്റ്റോയിനിസ് ലഖ്നോയെ ആറ് വിക്കറ്റ് ജയത്തിലെത്തിക്കുകയായിരുന്നു.
മത്സരം കണ്ട കാണികളുടെ മുഴുവൻ ശ്രദ്ധ കുറച്ചുസമയം ഒരു ആരാധകനിൽ കേന്ദ്രീകരിച്ചു. സ്റ്റേഡിയത്തിലെ ചെന്നൈ ആരാധകരുടെ മഞ്ഞക്കടലിൽ ലഖ്നോയുടെ നീല ജഴ്സിയണിഞ്ഞ ആരാധകന്റെ ആഹ്ലാദമായിരുന്നു അത്. ലഖ്നോ ജയത്തിലേക്കടുത്തപ്പോൾ നിരാശരായി നിൽക്കുന്ന മഞ്ഞ ജഴ്സിയണിഞ്ഞ ചെന്നൈ ആരാധകർക്ക് നടുവിൽനിന്ന് തുള്ളിച്ചാടുന്ന ആരാധകനെ കാമറകൾ പകർത്തുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.
ആരാധകന്റെ ഈ ആവേശത്തിന് തങ്ങളുടെ ലോഗോയുമായുള്ള സാമ്യം കണ്ടെടുത്തിരിക്കുകയാണ് ഇ-കോമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട്. മഞ്ഞനിറത്തിൽ നീലയിലാണ് ഫ്ലിപ്കാർട്ടിന്റെ ‘എഫ്’ ലോഗോ ഡിസൈൻ ചെയ്തിട്ടുള്ളത്. ‘ഫ്ലിപ്കാർട്ട് ലോഗോ ഇതുപോലിരിക്കും’ എന്ന കുറിപ്പോടെയാണ് ആരാധകന്റെ ആഹ്ലാദം അവർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.

