
യാത്രയപ്പ് ലഭിക്കാതെ വിരമിച്ചവർ ഇന്ത്യൻ ടീമിനെതിരെ കളിക്കണം; നിർദേശവുമായി ഇർഫാൻ പത്താൻ
text_fieldsന്യൂഡൽഹി: വിരമിച്ച മുൻ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് യാത്രയയപ്പ് മത്സരം ബി.സി.സി.ഐ ഒരുക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെ മറ്റൊരു നിർദേശവുമായി ഇർഫാൻ പത്താൻ. യാത്രയയപ്പ് ലഭിക്കാതെ വിരമിച്ച 11 താരങ്ങളുടെ ടീം ഇപ്പോഴത്തെ ഇന്ത്യൻ ടീമുമായി മത്സരിക്കുകയും ഇതിൽ നിന്നും കിട്ടുന്ന വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്നും ഇർഫാൻ നിർദേശിച്ചു.
തന്നോടൊപ്പം ഗൗതം ഗംഭീർ, വീരേന്ദർ സെവാഗ്, രാഹുൽ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മൺ, യുവരാജ് സിങ്, സുരേഷ് റെയ്ന, എം.എസ്.ധോണി, അജിത് അഗാർക്കർ, സഹീർ ഖാൻ, പ്രഗ്യാൻ ഓജ എന്നിവരടങ്ങിയ ശരിയായ യാത്രയയപ്പ് ലഭിക്കാതെ വിരമിച്ച 11 താരങ്ങളുടെ പേരും പത്താൻ നിർദേശിച്ചു. നിർദേശത്തെ സ്വാഗതം ചെയ്ത് നിരവധിപേർ രംഗത്തെത്തി.
ഇന്ത്യൻ ക്രിക്കറ്റിന് മികച്ച സംഭാവനകൾ നൽകിയ താരങ്ങൾക്ക് യാത്രയയപ്പ് മത്സരം നൽകാതിരുന്നതിൽ ഏറെ വിമർശനങ്ങൾ കേട്ട ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഈ നിർദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണണം.