‘കളിക്കാനിറക്കാതെ മാറ്റിനിർത്തി, കരിയർ ഇല്ലാതാക്കിയത് ധോണി’; ആരോപണവുമായി ഇർഫാൻ പത്താൻ
text_fieldsതന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചത് മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയാണെന്ന ഗുരുതര ആരോപണവുമായി മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ രംഗത്ത്. 2003ൽ കൗമാര പ്രായത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ഇർഫാൻ പത്താനെ ക്രിക്കറ്റ് നിരീക്ഷകർ ഇതിഹാസ താരമായ വസീം അക്രം ഉൾപ്പെടെയുള്ള ബൗളർമാരുമായി താരതമ്യം ചെയ്തിരുന്നു. ബാറ്റിങ്ങിലും മികവ് പുലർത്തിയതോടെ, മുൻ ക്യാപ്റ്റൻ കപിൽ ദേവുമായും ഇർഫാനെ താരതമ്യം ചെയ്തു. 2009 മുതലാണ് കരിയറിൽ വെല്ലുവിളി ഉയർന്നത്. പലപ്പോഴും ടീമിൽ സ്ഥാനം നഷ്ടപ്പെട്ടപ്പോൾ, മൂത്ത സഹോദരൻ യൂസഫ് പത്താൻ മധ്യനിരയിലെ കരുത്തനായി നിലകൊണ്ടു. തന്നെ ടീമിൽനിന്ന് മാറ്റിനിർത്താനുള്ള തീരുമാനം ധോണിയുടേതായിരുന്നുവെന്ന് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുകയാണ് താരം.
“2009ൽ അന്നത്തെ കോച്ച് ഗാരി കേസ്റ്റൻ, ഞാൻ നന്നായി കളിക്കുന്നുണ്ടെങ്കിലും അതിലും മികച്ചത് യൂസഫിന്‍റെ കളിയാണെന്നും അദ്ദേഹത്തെ ടീമിൽ നിലനിർത്താനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. അന്ന് ഞങ്ങൾ ന്യൂസിലൻഡിലായിരുന്നു. അതിനു മുമ്പ് ശ്രീലങ്കക്കെതിരെയുള്ള ഒരു മത്സരം തോറ്റിടത്തുനിന്ന് തിരികെ പിടിച്ചത് ഞാനും യൂസഫും ചേർന്നാണ്. ഏഴു വിക്കറ്റ് നഷ്ടപ്പെട്ട്, ജയിക്കാൻ 28 പന്തിൽ 60 റൺസ് വേണമെന്നിരിക്കെയാണ് ഞങ്ങൾ മത്സരം തിരിച്ചത്.
എന്നാൽ പിന്നീട് ഒരു വർഷത്തോളം എനിക്ക് പുറത്തിരിക്കേണ്ടി വന്നു. മറ്റേതെങ്കിലും താരമായിരുന്നെങ്കിൽ അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല. ന്യൂസിലാൻഡിലെ അഞ്ച് മത്സരങ്ങളിലും എനിക്ക് പുറത്തിരിക്കേണ്ടിവന്നു. എന്തുകൊണ്ട് അവസരം നൽകുന്നില്ലെന്നും എന്ത് മാറ്റമാണ് വരുത്തേണ്ടതെന്നും ന്യൂസിലൻഡിൽ വെച്ച് കേസ്റ്റനോട് ചോദിച്ചു. രണ്ട് കാരണങ്ങളാണ് അദ്ദേഹം പറഞ്ഞത്. ചില കാര്യങ്ങൾ അദ്ദേഹത്തിന്‍റെ കൈകളിലല്ല എന്നായിരുന്നു ആദ്യത്തേത്. തീരുമാനം എടുക്കുന്നത് ആരെന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകിയില്ല. എന്നാൽ പ്ലേയിങ് ഇലവൻ തീരുമാനിക്കുന്നത് ക്യാപ്റ്റനാണ്.
അപ്പോഴത് ധോണിയുടെ തീരുമാനമായിരുന്നു, ഇർഫാനെ ഇപ്പോൾ ആവശ്യമില്ല. അദ്ദേഹത്തിന്‍റെ തീരുമാനം ശരിയോ തെറ്റോ എന്ന് പറയാൻ ഞാൻ ആളല്ല. ഓരോ ക്യാപ്റ്റനും ഓരോ രീതിയുണ്ടാകും. എന്നാൽ സ്ക്വാഡിലുണ്ടെങ്കിൽ കളിക്കാനാണ് നമ്മൾ നോക്കുക. കളിക്കണമെന്ന് ഞാനും ആഗ്രഹിച്ചു. ഏഴാം നമ്പരിൽ ബാറ്റിങ് ഓൾറൗണ്ടർക്കാണ് പ്രാധാന്യം നൽകുന്നതെന്നായിരുന്നു കേസ്റ്റൻ രണ്ടാമത്തെ കാരണമായി പറഞ്ഞത്. യൂസഫ് ബാറ്റിങ് ഓൾറൗണ്ടറും ഞാൻ ബൗളിങ് ഓൾറൗണ്ടറുമാണ്. ഞങ്ങൾ രണ്ടാൾക്കും കളിക്കാമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. എന്നാൽ അവസരം നിഷേധിക്കപ്പെട്ടു” -ഇർഫാൻ പറഞ്ഞു.
2006ലെ കറാച്ചി ടെസ്റ്റിൽ പാകിസ്താനെതിരെ ഇർഫാൻ ആദ്യ ഓവറിൽ നേടിയ ഹാട്രിക് വിക്കറ്റ് ഇന്ത്യൻ ക്രിക്കറ്റിൽ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂർവ നേട്ടമാണ്. 2007ലെ ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ജയത്തിൽ ഇർഫാന്‍റെ സ്പെൽ നിർണായകമായിരുന്നു. 2009 മുതൽ മൂന്ന് വർഷത്തോളം ടീമിലിടം നേടാൻ ഇർഫാനായില്ല. 2012ൽ തിരിച്ചുവന്നപ്പോഴേക്കും ഭുവനേശ്വർ കുമാറും ഇഷാന്ത് ശർമയും ഉൾപ്പെടെ പുതിയ ബൗളിങ് നിര ഇന്ത്യക്കുണ്ടായിരുന്നു. പിന്നീട് 12 മത്സരങ്ങളിൽ മാത്രമാണ് താരം കളത്തിലിറങ്ങിയത്. 2020ൽ വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ 29 ടെസ്റ്റ്, 120 ഏകദിന, 24 ട്വന്‍റി20 മത്സരങ്ങളിൽനിന്നായി 301 അന്താരാഷ്ട്ര വിക്കറ്റുകളാണ് ഇർഫാൻ ഇന്ത്യക്കായി നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

