‘ഹിറ്റ്’മെയർ ഷോ; ഗുജറാത്തിനെതിരെ മൂന്ന് വിക്കറ്റ് ജയവുമായി രാജസ്ഥാൻ
text_fields26 പന്തുകളിൽ 56 റൺസുമായി ഷിംറോൺ ഹെത്മയർ ആറാടിയപ്പോൾ, ഗുജറാത്തിനെതിരെ അവസാന ഓവറിൽ നാല് പന്തുകൾ ബാക്കി നിൽക്കെ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ആതിഥേയർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 178 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്റെ തുടക്കം പതർച്ചയോടെ ആയിരുന്നു.
പത്തോവറിൽ 55-4 എന്ന നിലയിലായിരുന്ന ടീമിനെ നായകൻ സഞ്ജു സാംസൺ ഒറ്റക്ക് പൊരുതിയാണ് മുന്നോട്ട് നീക്കിയത്. എന്നാൽ, സ്കോർ 114ൽ നിൽക്കെ താരം നൂർ അഹ്മദിന്റെ പന്തിൽ പുറത്തായി. തുടർന്ന് ഹെത്മയർ രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. അഞ്ച് കൂറ്റൻ സിക്സറുകളും രണ്ട് ഫോറുകളുമാണ് താരം അടിച്ചുകൂട്ടിയത്. സഞ്ജു 32 പന്തുകളിൽ 60 റൺസ് എടുത്തു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റേന്തിയ ഗുജറാത്ത് ടൈറ്റാൻസിന് വണ്ടേി ഷുഭ്മാൻ ഗില്ലും (45) ഡേവിഡ് മില്ലറുമാണ് (46) മികച്ച പ്രകടനം പുറത്തെടുത്ത്. ഗിൽ പുറത്താവുമ്പോൾ 15.2 ഓവറിൽ 121-4 എന്ന നിലയിലായിരുന്ന ഗുജറാത്തിനെ അഭിനവാണ് മാന്യമായ സ്കോറിലേക്ക് നയിച്ചത്. നായകൻ ഹർദിക് പാണ്ഡ്യ 19 പന്തുകളിൽ 28 റൺസും അഭിനവ് മനോഹർ 13 പന്തുകളിൽ 27 റൺസുമെടുത്തു. എന്നാൽ, സ്കോർ 166ൽ നിൽക്കെ ആദം സാംപയുടെ പന്തിൽ അഭിനവ് പുറത്തായതോടെ തുടരെ വിക്കറ്റുകൾ വീഴുകയായിരുന്നു. രാജസ്ഥാന് വേണ്ടി സന്ദീപ് ശർമ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

