ഐ.പി.എൽ പ്ലേഓഫ്; ആദ്യ ക്വാളിഫയറിൽ ഇന്ന് ഗുജറാത്തും രാജസ്ഥാനും
text_fieldsകൊൽക്കത്ത: ഐ.പി.എൽ പ്ലേഓഫ് മത്സരങ്ങൾ ചൊവ്വാഴ്ച തുടങ്ങുന്നു. പോയന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും ആദ്യ ക്വാളിഫയറിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾക്ക് നേരിട്ട് ഫൈനൽ പ്രവേശനം ലഭിക്കും. ബുധനാഴ്ചയാണ് ലഖ്നോ സൂപ്പർ ജയന്റ്സ്-ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് എലിമിനേറ്റർ മത്സരം. ഇതിലെ വിജയികളെ ആദ്യ ക്വാളിഫയറിലെ പരാജിതർ 27ന് രണ്ടാം ക്വാളിഫയറിൽ നേരിടും. ഒന്നും രണ്ടും ക്വാളിഫയറിലെ വിജയികൾ 29ന് ഫൈനലിൽ ഏറ്റുമുട്ടും.
ഐ.പി.എല്ലിലെ 15ാം സീസണിൽ പുതുമുഖങ്ങളാണ് കെ.എൽ. രാഹുൽ നയിക്കുന്ന ലഖ്നോയും ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായ ഗുജറാത്തും. ഗുജറാത്ത് 14ൽ 10ഉം ജയിച്ച് 20 പോയന്റോടെ ഒന്നാമന്മാരായി. ലഖ്നോയും റൺറേറ്റ് ആനുകൂല്യത്തിൽ രണ്ടാം സ്ഥാനത്തുള്ള സഞ്ജു സാംസണിന്റെ രാജസ്ഥാനും ഒമ്പതു വീതം മത്സരങ്ങൾ ജയിച്ച് 18 പോയന്റ് നേടി. ഫാഫ് ഡുപ്ലസിസിന്റെ നായകത്വത്തിൽ ഇറങ്ങിയ ബാംഗ്ലൂരിന് എട്ടു കളിയിലെ ജയവുമായി 16 പോയന്റാണുള്ളത്. നിലവിലെ ജേതാക്കളായ ചെന്നൈ എട്ടു പോയന്റോടെ ഒമ്പതാമതാണ്. മുൻ ജേതാക്കളായ മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് ടീമുകൾക്കും പഞ്ചാബിനും ഡൽഹിക്കും പ്ലേഓഫിലേക്ക് പ്രവേശിക്കാനായില്ല. 12 സീസൺ കളിച്ച് ഒമ്പതു തവണയും ഫൈനലിലെത്തിയ ടീമാണ് ചെന്നൈ. ഇതിൽ നാലിൽ കിരീടം ചൂടി. മുംബൈയാവട്ടെ ആറു ഫൈനലിൽ അഞ്ചിലും കപ്പടിച്ചു. ഇക്കുറി പത്താം സ്ഥാനത്തായി മുംബൈ.