രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
text_fieldsജയ്പൂർ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന് പത്താം തോൽവി സമ്മാനിച്ച പഞ്ചാബ് കിങ്സ് പ്ലേ ഓഫിൽ ഇടമുറപ്പിച്ചു. പത്ത് റൺസിനായിരുന്നു കിങ്സിന്റെ ജയം. ടോസ് നേടി ആദ്യം ബാറ്റുചെയ്ത സന്ദർശകർ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ ഇന്നിങ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 209 റൺസിൽ അവസാനിച്ചു. പഞ്ചാബിനായി നേഹൽ വധേരയും (70) ശശാങ്ക് സിങ്ങും (59 നോട്ടൗട്ട്) രാജസ്ഥാൻ നിരയിൽ യശസ്വി ജയ്സ്വാളും (50) ധ്രുവ് ജുറെലും (53) അർധ ശതകങ്ങൾ നേടി. പരിക്ക് ഭേദമായി തിരിച്ചെത്തിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന്റെ സംഭാവന 20 റൺസായിരുന്നു. പഞ്ചാബിന് വേണ്ടി നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഹർപ്രീത് ബ്രാറാണ് പ്ലെയർ ഓഫ് ദ മാച്ച്.
തകർച്ചയോടെയായിരുന്നു പഞ്ചാബിന്റെ തുടക്കം. ഓപണർമാരായ പ്രിയാൻഷ് ആര്യയെ (9) പ്രഭ്സിമ്രാൻ സിങ്ങിനെയും (21) തുഷാർ ദേശ്പാണ്ഡെയും മിച്ചൽ ഓവനെ (0) ക്വെന മഫാകെയും മടക്കി. സിമ്രാനെയും ഓവനെയും വിക്കറ്റിന് പിറകിൽ സഞ്ജു ക്യാച്ചെടുത്തു. 3.1 ഓവറിൽ മൂന്ന് വിക്കറ്റിന് 34 റൺസെന്ന നിലയിലായ ടീമിനെ വധേരയും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്ന് കരകയറ്റി. 25 പന്തിൽ 31 റൺസെടുത്ത ശ്രേയസ് 11ാം ഓവറിൽ റയാൻ പരാഗിന് വിക്കറ്റ് സമ്മാനിക്കുമ്പോൾ സ്കോർ 100 കടന്നിരുന്നു.
37 പന്തിൽ അഞ്ച് വീതം ഫോറും സിക്സുമടക്കം 70 റൺസടിച്ച വധേരയെ 16ാം ഓവറിൽ ആകാശ് മധ്വാളിന്റെ പന്തിൽ ഷിമ്രോൺ ഹെറ്റ്മെയർ പിടികൂടി. സ്കോർ അഞ്ചിന് 159. അവസാന ഓവറുകളിൽ ശശാങ്ക്-അസ്മത്തുല്ല ഉമർസായി സഖ്യം കത്തിക്കയറിയതോടെ സ്കോർ 200 കടന്നു. 30 പന്തിലായിരുന്നു ശശാങ്കിന്റെ 59. ഉമർസായി ഒമ്പത് പന്തിൽ 21 റൺസുമായി പുറത്താവാതെ നിന്നു. ദേശ്പാണ്ഡെ രണ്ടും മഫാകെയും പരാഗും മധ്വാളും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിൽ ജയ്സ്വാളും കൗമാരക്കാരൻ വൈഭവ് സൂര്യവംശിയും കത്തിക്കയറിയതോടെ രാജസ്ഥാൻ സ്കോർ ബോർഡിന് മിന്നൽ വേഗം. നാല് വീതം ഫോറും സിക്സുമടക്കം 15 പന്തിൽ 40 റൺസടിച്ച വൈഭവ് ബ്രാർ എറിഞ്ഞ അഞ്ചാം ഓവറിൽ സേവ്യർ ബാർട്ട് ലെറ്റിന് ക്യാച്ച് നൽകുമ്പോൾ സ്കോർ 76. ഒമ്പതാം ഓവറിൽ ജയ്സ്വാളും ബ്രാറിന് വിക്കറ്റ് സമ്മാനിച്ചു. ഒമ്പത് ഫോറും ഒരു സിക്സുമടക്കം 25 പന്തിലാണ് ജയ്സ്വാൾ അർധ ശതകം കുറിച്ചത്. 16 പന്തിൽ 20 റൺസ് ചേർത്ത സഞ്ജുവിന്റെ പോരാട്ടത്തിന് 11ാം ഓവറിൽ ഉമർസായി അന്ത്യമിട്ടു. മാർകോ ജാൻസെന് ക്യാച്ച്.
114ൽ മൂന്ന് വിക്കറ്റ് വീണു. പരാഗിനെ (13) ബ്രാർ ബൗൾഡാക്കി. ഹെറ്റ്മെയർ (11) ഉമർസായിക്ക് വിക്കറ്റ് നൽകി. ഒരറ്റത്ത് മിന്നിയ ജുറെലിന്റെ പ്രകടനം പ്രതീക്ഷ നൽകിയെങ്കിലും കൈവിട്ടു. ജാൻസെൻ എറിഞ്ഞ അവസാന ഓവറിൽ രാജസ്ഥാന് ആവശ്യം 22 റൺസായിരുന്നു. 31 പന്തിൽ 53 റൺസ് നേടിയ ജുറെൽ കൂറ്റനടിക്ക് ശ്രമിച്ച് ഓവന്റെ കൈകളിലൊതുങ്ങി. തൊട്ടടുത്ത പന്തിൽ വാനിന്ദു ഹസരംഗയും (0) മടങ്ങുമ്പോൾ സഞ്ജുവും സംഘവും തോൽവി ഉറപ്പിച്ചിരുന്നു. ജാൻസെനും ഉമർസായിയും രണ്ട് വീതം വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

