ഐ.പി.എൽ: രണ്ടാം ക്വാളിഫയറിൽ ഇന്ന് മുംബൈയും ഗുജറാത്തും
text_fieldsഹാർദിക് പാണ്ഡ്യയും
രോഹിത് ശർമയും
അഹ്മദാബാദ്: ഞായറാഴ്ചത്തെ ഫൈനലിലേക്ക് എതിരാളികളെത്തേടി ചെന്നൈ സൂപ്പർ കിങ്സ് കാത്തിരിപ്പുണ്ട്. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയർ തോറ്റവരുടെയും ജയിച്ചവരുടെയും പോരാട്ടമാണ്. 14ൽ 10 ലീഗ് മത്സരങ്ങളും ജയിച്ച് ഒന്നാമന്മാരായി പ്ലേ ഓഫിലെത്തിയവരാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. പക്ഷേ ഒന്നാം ക്വാളിഫയറിൽ ചെന്നൈയോട് 15 റൺസിന് പരാജയപ്പെട്ടു. തോൽവികളോടെ തുടങ്ങി ഘട്ടംഘട്ടമായി മുകളിലേക്ക് കയറി അവസാന ലീഗ് മത്സരത്തിലെ ജയത്തിലൂടെ നാലാന്മാരായി കടന്നുകൂടിയവരാണ് മുംബൈ ഇന്ത്യൻസ്.
എലിമിനേറ്ററിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെ വീഴ്ത്തി അവർ പിന്നെയും മുന്നേറി. ഇന്ന് ഗുജറാത്തും മുംബൈയും ഇറങ്ങുന്നത് ഫൈനൽ തേടിയാണ്. ഇന്ത്യൻ ടീമിന്റെ മുൻ നായകനായ എം.എസ്. ധോണിക്കെതിരെ കലാശപ്പോരിൽ പട നയിക്കുക ഇപ്പോഴത്തെ ക്യാപ്റ്റൻ രോഹിത് ശർമയാണോ ഭാവി കപ്പിത്താനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാർദിക് പാണ്ഡ്യയാണോ എന്നറിയാനുള്ള ആകാംക്ഷയിൽ ക്രിക്കറ്റ് പ്രേമികളും.
ലഖ്നോക്കെതിരായ 81 റൺസ് ജയം മുംബൈക്ക് നൽകിയ ആവേശം ചെറുതല്ല. 21 പന്തുകളിൽ അഞ്ച് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് കൊയ്ത ആകാശ് മധ് വാളെന്ന പേസർ വിതച്ച അപകടമാണ് ബൗളർമാരുടെ കാര്യത്തിൽ ഈ സീസണിൽ ആശങ്കയുണ്ടായിരുന്ന രോഹിത് സംഘത്തിന് പ്രതീക്ഷിച്ചതിലും വലിയ വിജയം സമ്മാനിച്ചത്. ബാറ്റർമാരാണ് മുംബൈയുടെ കരുത്ത്. രോഹിതും ഇശാൻ കിഷനും കാമറൂൺ ഗ്രീനും സൂര്യകുമാർ യാദവും ടിം ഡേവിഡുമൊക്കെയടങ്ങിയ നിര.
വെറ്ററൻ ലെഗ്സ്പിന്നർ പിയൂഷ് ചൗളയും പേസർ ജെയൻ ബെറെൻഡോർഫ് വിശ്വാസം കാക്കുന്നുണ്ട്. ശുഭ്മൻ ഗില്ലാണ് ഗുജറാത്ത് ബാറ്റിങ്ങിലെ വജ്രായുധം. ക്യാപ്റ്റൻ പാണ്ഡ്യയും ഡേവിഡ് മില്ലറും റൺസ് കണ്ടെത്താൻ വിഷമിക്കുന്നത് പ്രശ്നമാണ്. പേസർ മുഹമ്മദ് ഷമി നയിക്കുന്നതാണ് ബൗളിങ് ഡിപ്പാർട്മെന്റ്. സ്പിന്നർ റാഷിദ് ഖാൻ ഓൾ റൗണ്ടറുടെ ചുമതല നന്നായി നിർവഹിക്കുന്നുണ്ട്.
സാധ്യത ടീം
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, ഇശാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ടിം ഡേവിഡ്, ഹൃത്വിക് ഷോക്കീൻ, നേഹാൽ വധേര, ക്രിസ് ജോർഡൻ, പിയൂഷ് ചൗള, ജെസൻ ബെറൻഡോർഫ്, ആകാശ് മധ് വാൾ, കുമാർ കാർത്തികേയ.
ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, ഡേവിഡ് മില്ലർ, സായ് സുദർശൻ, അഭിനവ് മനോഹർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, നൂർ അഹമ്മദ്, ജോഷ് ലിറ്റിൽ, യാഷ് ദയാൽ, മോഹിത് ശർമ, മുഹമ്മദ് ഷമി.