ഐ.പി.എൽ എലിമിനേറ്റർ; ഗുജറാത്ത് ടൈറ്റൻസ് Vs മുംബൈ ഇന്ത്യൻസ്
text_fieldsമുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുംറ പരിശീലനത്തിൽ
മുല്ലൻപുർ (പഞ്ചാബ്): കന്നി സീസണിൽത്തന്നെ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലെത്തിച്ച നായകനാണ് ഹാർദിക് പാണ്ഡ്യ. അദ്ദേഹമിപ്പോൾ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാണ്. ഗുജറാത്തിനെ നയിക്കുന്നതാവട്ടെ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. തീർന്നില്ല, സ്ഥാനമൊഴിഞ്ഞ ടെസ്റ്റ് നായകൻ രോഹിത് ശർമ, നിലവിലെ ട്വന്റി20 കപ്പിത്താൻ സൂര്യകുമാർ യാദവ് തുടങ്ങിയവർ ഉൾപ്പെടുന്നതാണ് മുംബൈ ടീം.
ഐ.പി.എൽ എലിമിനേറ്ററിൽ വെള്ളിയാഴ്ച ഗുജറാത്തിനെ മുംബൈ നേരിടുമ്പോൾ അതികായർ തമ്മിലെ നേർക്കുനേർ പോരാട്ടം കാണാം. തോൽക്കുന്നവർക്ക് മടങ്ങാം. ജയിക്കുന്നവർക്ക് ഫൈനലിലെത്താൻ രണ്ടാം ക്വാളിഫയർ എന്ന കടമ്പ ബാക്കിയുണ്ട്.
പോയന്റ് പട്ടികയിൽ യഥാക്രമം മൂന്നും നാലും സ്ഥാനക്കാരാണ് ഗുജറാത്തും മുംബൈയും. ടീം നിലവിൽവന്ന 2022 മുതൽ ആദ്യ രണ്ട് സീസണുകളിൽ ടൈറ്റൻസ് ഫൈനലിലെത്തിയിരുന്നു. 2022ൽ ചാമ്പ്യന്മാരും 2023ൽ റണ്ണറപ്പുമായി. ഗില്ലിന് കീഴിൽ കഴിഞ്ഞ വർഷം പക്ഷേ, എട്ടാം സ്ഥാനമായിരുന്നു.
ഇക്കുറി തോൽവിയോടെ തുടങ്ങി പിന്നീട് വിജയവഴിയിലെത്തിയ ടീം തുടർ ജയങ്ങളുമായി ഒന്നാംസ്ഥാനത്തേക്ക് വരെ കയറിയിരുന്നു. റൺവേട്ടയിൽ മുൻനിരയിൽ തുടർന്ന് ഓറഞ്ച് ക്യാപ്പിന് ശക്തമായി രംഗത്തുള്ള സായി സുദർശനും ഗില്ലുമടങ്ങിയ ഓപണിങ് ജോടി നിലവിലെ സീസണിൽ ഏറ്റവും അപകടകാരികളാണ്.
ഇംഗ്ലീഷ് ബാറ്റർ ജോസ് ബട്ട്ലറും ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദയും ദേശീയ ദൗത്യത്തിനായി മടങ്ങിയത് തിരിച്ചടിയാവും. വിക്കറ്റ് വേട്ടയിൽ മുൻനിരയിലുള്ള പേസർ പ്രസിദ്ധ് കൃഷ്ണയാണ് ബൗളിങ്ങിലെ പ്രധാന ആയുധം.
മറുതലക്കൽ മറാഠക്കാർ താര സമ്പന്നമാണെങ്കിലും നാല് വർഷമായി കിരീടങ്ങളൊന്നുമില്ല. കഴിഞ്ഞ തവണ പോയന്റ് പട്ടികയിൽ ഏറ്റവും അടിയിലായിരുന്നു ഹാർദിക്കും സംഘവും. രോഹിത്തും സൂര്യയും തിലക് വർമയുമെല്ലാമടങ്ങുന്നതാണ് മുംബൈ ബാറ്റിങ് നിര.
ബൗളിങ്ങിൽ കരുത്തരായ ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട് തുടങ്ങിയവരുണ്ട്. ദക്ഷിണാഫ്രിക്കൻ ബാറ്റർ റയാൻ റിക്കിൾട്ടൺ, ഓൾ റൗണ്ടർ കോർബിൻ ബോഷ്, ഇംഗ്ലീഷ് ബാറ്റിങ് ഓൾ റൗണ്ടർ വിൽ ജാക്സ് എന്നിവരുടെ അസാന്നിധ്യം ടീമിനെ ബാധിക്കുമോയെന്ന് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

