ഐ.പി.എൽ ലേലം ഡിസംബർ 19ന് ദുബൈയിൽ
text_fieldsന്യൂഡൽഹി: ഈ വർഷത്തെ ഐ.പി.എൽ ലേലം ദുബൈയിൽ നടക്കുമെന്ന് റിപ്പോർട്ട്. ഡിസംബർ 19നായിരിക്കും ലേലം നടക്കുക. നിലനിർത്തിയ കളിക്കാരെ സംബന്ധിക്കുന്ന വിവരങ്ങൾ നവംബർ 26നകം വിവിധ ഫ്രാഞ്ചൈസികൾ ബി.സി.സി.ഐയെ അറിയിക്കണം. നവംബർ 16നകം ഇക്കാര്യം അറിയിക്കണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിർദേശം.
ഇതാദ്യമായാണ് ഐ.പി.എൽ താരലേലം ഇന്ത്യക്ക് പുറത്ത് നടത്തുന്നത്. കഴിഞ്ഞ വർഷം ഇസ്താംബുളിൽ ലേലം നടത്താൻ ബി.സി.സി.ഐക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും എന്നാൽ, പിന്നീട് ഇതിൽ നിന്നും പിന്മാറുകയായിരുന്നു.10 ഫ്രാഞ്ചൈസികൾക്കും ശമ്പളയിനത്തിൽ 100 കോടി രൂപ വരെ ചെലവഴിക്കാം. കഴിഞ്ഞ വർഷം ഇത് 95 കോടിയായിരുന്നു. അഞ്ച് കോടിയുടെ വർധനയാണ് വരുത്തിയിരിക്കുന്നത്.
ഈ വരുന്ന സീസണോടെ കളിക്കാരുടെ മൂന്ന് വർഷത്തെ കരാർ അവസാനിക്കുകയാണ്. അടുത്ത വർഷം മെഗാതാരലേലം നടക്കും. അതേസമയം, കഴിഞ്ഞ സീസണിൽ ലഖ്നോ സൂപ്പർ ജയന്റ്സ് താരമായ വെസ്റ്റ് ഇൻഡീസ് കളിക്കാരൻ റൊമാറിയോ ഷെപേർഡ് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുമെന്ന് ഐ.പി.എൽ ഭരണസമിതി അറിയിച്ചു.

