ഐ.പി.എൽ: വിദേശ താരങ്ങളുടെ ലഭ്യതയിൽ അനിശ്ചിതത്വം, അന്താരാഷ്ട്ര മത്സരങ്ങളുള്ളവർക്ക് പ്ലേ ഓഫ് നഷ്ടമാവും
text_fieldsമുംബൈ: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിനിടെ നിർത്തിവെച്ച ഐ.പി.എൽ മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കവെ ടീമുകൾ പരിശീലനം തുടങ്ങി. എന്നാൽ, നാട്ടിലേക്ക് മടങ്ങിയ പല താരങ്ങളുടെയും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അന്താരാഷ്ട്ര സൈക്കിൾ മേയ് അവസാന വാരം ആരംഭിക്കുന്നത് ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക കളിക്കാരുടെ ലഭ്യതയെ ബാധിക്കും. മേയ് 25ന് നടത്തേണ്ടിയിരുന്ന ഐ.പി.എൽ ഫൈനൽ പുതുക്കിയ തീയതി പ്രകാരം ജൂൺ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് ടീമുകളുടെ താളം തെറ്റിക്കും. ഇംഗ്ലണ്ട്-വെസ്റ്റിൻഡീസ് ഏകദിന പരമ്പര മേയ് 29ന് തുടങ്ങും. ജൂൺ 11ന് ആസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലും തുടങ്ങും. കളിക്കാർക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്നും ലോക ടെസ്റ്റ് ഫൈനലിന് മുമ്പായി ടീമിനൊപ്പം ചേരണമെന്നുമാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് നിർദേശം. പിന്മാറുന്ന താരങ്ങൾക്ക് പകരക്കാരെ ഉൾപ്പെടുത്താൻ ഫ്രാഞ്ചൈസികൾക്ക് ബി.സി.സി.ഐ അനുമതി നൽകിയിട്ടുണ്ട്.
പഞ്ചാബ് കിങ്സ്
സേവ്യർ ബാർട്ട്ലെറ്റ്, മിച്ചൽ ഓവൻ (ഇരുവരും ആസ്ട്രേലിയ) അസ്മത്തുല്ല ഉമർസായി (അഫ്ഗാനിസ്താൻ), മാർക്കോ ജാൻസെൻ (ദക്ഷിണാഫ്രിക്ക)എന്നീ വിദേശ കളിക്കാർ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് സ്ഥിരീകരിച്ചതായി ഇ.എസ്.പി.എൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, മാർക്കസ് സ്റ്റോയ്നിസ്, ജോഷ് ഇൻഗ്ലിസ്, ആരോൺ ഹാർഡി (മൂവരും ആസ്ട്രേലിയ) എന്നിവരുടെ ലഭ്യതയെക്കുറിച്ച് വിവരമൊന്നുമില്ല.
റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു
ആർ.സി.ബി താരങ്ങളായ ജോഷ് ഹേസൽവുഡ് (ആസ്ട്രേലിയ), ജേക്കബ് ബെഥേൽ (ഇംഗ്ലണ്ട്), റൊമാരിയോ ഷെപ്പേർഡ് (വെസ്റ്റിൻഡീസ്), ലുങ്കി എൻഗിഡി (ദക്ഷിണാഫ്രിക്ക) എന്നിവർക്ക് അന്താരാഷ്ട്ര ഡ്യൂട്ടിയുണ്ട്. ബെഥേലിനും ഷെപ്പേർഡിനും ഏകദിന പരമ്പര 29ന് തുടങ്ങുമെന്നതിനാൽ പ്ലേ ഓഫ് നഷ്ടമാവുമെന്നുറപ്പാണ്. ഫിൽ സാൾട്ടും ലിയാം ലിവിങ്സ്റ്റണും ഇംഗ്ലണ്ടിന്റെ വൈറ്റ് ബാൾ ടീമിൽ ഇടം നേടിയിട്ടില്ല. ശേഷിക്കുന്ന മുഴുവൻ മത്സരങ്ങൾക്കും ഇരുവരും ലഭ്യമാകാൻ സാധ്യതയുണ്ട്.
മുംബൈ ഇന്ത്യൻസ്
മുംബൈയുടെ എല്ലാ വിദേശ കളിക്കാരും ടീമിൽ വീണ്ടും ചേരാൻ ഒരുങ്ങുകയാണ്. എന്നിരുന്നാലും, യോഗ്യത നേടിയാൽ അന്താരാഷ്ട്ര മത്സരങ്ങൾ കാരണം വിൽ ജാക്സും (ഇംഗ്ലണ്ട്) കോർബിൻ ബോഷും റയാൻ റിക്കിൾട്ടനും (ഇരുവരും ദക്ഷിണാഫ്രിക്ക) പ്ലേ ഓഫിൽ കളിക്കാൻ സാധ്യതയില്ല. അഫ്ഗാൻ സ്പിന്നർ മുജീബുർറഹ്മാൻ ശേഷിക്കുന്ന മത്സരങ്ങൾക്കുണ്ടാവും.
ഗുജറാത്ത് ടൈറ്റൻസ്
ജോസ് ബട്ലറും (ഇംഗ്ലണ്ട്) ജെറാൾഡ് കോറ്റ്സിയും (ദക്ഷിണാഫ്രിക്ക) ടൈറ്റൻസ് ക്യാമ്പിൽ തിരിച്ചെത്തും. മറ്റു വിദേശ താരങ്ങളായ കാഗിസോ റബാദ (ദക്ഷിണാഫ്രിക്ക), ഷെർഫെയ്ൻ റഥർഫോർഡ് (വെസ്റ്റിൻഡീസ്), റാഷിദ് ഖാൻ, കരീം ജന്നത്ത് (അഫ്ഗാനിസ്താൻ) എന്നിവർ ഇന്ത്യയിൽ തുടരുകയാണ്. ബട്ട്ലർക്കും റഥർഫോർഡിനും പ്ലേ ഓഫ് നഷ്ടമാവും. റബാദക്ക് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ എൻ.ഒ.സിയും ലഭിക്കണം.
സൺറൈസേഴ്സ് ഹൈദരാബാദ്
പ്ലേ ഓഫിലെത്താതെ സൺറൈസേഴ്സ് പുറത്തായെങ്കിലും ആസ്ട്രേലിയക്കാരായ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ട്രാവിസ് ഹെഡും പുനരാരംഭത്തിനായി തിരിച്ചെത്തും. ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസന്റെ വരവും പ്രതീക്ഷിക്കുന്നു. ശ്രീലങ്കയിൽനിന്ന് ഇഷാൻ മലിംഗ, കമിന്ദു മെൻഡിസ്, പ്രോട്ടീസിന്റെ വിയാൻ മുൾഡർ എന്നിവർ തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല. മുൾഡർ ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
ചെന്നൈ സൂപ്പർ കിങ്സ്
നൂർ അഹമ്മദ് (അഫ്ഗാനിസ്താൻ), ഡെവാൾഡ് ബ്രൂയിസ് (ദക്ഷിണാഫ്രിക്ക), മതീഷ പതിരന (ശ്രീലങ്ക), ഡെവൺ കോൺവേ (ന്യൂസിലൻഡ്) എന്നിവരെല്ലാം വീണ്ടും സി.എസ്.കെയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ന്യൂസിലൻഡ് താരം റചിൻ രവീന്ദ്രയുടെ തിരിച്ചുവരവ് സംബന്ധിച്ച് വ്യക്തതയില്ല. ഇംഗ്ലണ്ടിൽനിന്ന് സാം കറൻ വീണ്ടുമെത്തിയേക്കും. അതേസമയം, ഏകദിന പരമ്പരക്കൊരുങ്ങുന്ന ഇംഗ്ലീഷ് താരം ജാമി ഓവർട്ടൻ ഇനി വരില്ല.
ഡൽഹി കാപിറ്റൽസ്
ആസ്ട്രേലിയൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം പേസർ മിച്ചൽ സ്റ്റാർക്ക് തിരിച്ചെത്താനിടയില്ല. വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് ഓസീസ് താരം ജേക് ഫ്രേസർ മക്ഗുർക്ക് ടീമിൽ നിന്ന് പിൻവാങ്ങിയതോടെ പകരക്കാരനായി ബംഗ്ലാദേശ് താരം മുസ്തഫിസുർറഹ്മാനുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. ബാക്കിയുള്ളവരെല്ലാം വരും ദിവസങ്ങളിൽ ടീമിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഇവരിൽ ട്രിസ്റ്റൻ സ്റ്റബ്സ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് ടീമിൽ അംഗമാണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, റോവ്മാൻ പവൽ (മൂവരും വെസ്റ്റിൻഡീസ്), ക്വിന്റൺ ഡി കോക്ക് (ദക്ഷിണാഫ്രിക്ക), റഹ്മാനുല്ല ഗുർബാസ് (അഫ്ഗാനിസ്താൻ) എന്നിവർ വീണ്ടും കെ.കെ.ആർ ടീമിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ടിന്റെ മുഈൻ അലി, ആസ്ട്രേലിയയുടെ സ്പെൻസർ ജോൺസൺ എന്നിവരുടെ ലഭ്യത വ്യക്തമല്ല.
ലഖ്നോ സൂപ്പർ ജയന്റ്സ്
ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർകറം ഒഴികെ ലഖ്നോയുടെ എല്ലാ വിദേശ കളിക്കാരും തിരിച്ചെത്താൻ സാധ്യതയുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ടീമിൽ അംഗമാണ് മാർകറം. നിക്കോളാസ് പുരാൻ, ഷമർ ജോസഫ് (ഇരുവരും വെസ്റ്റിൻഡീസ്), മിച്ചൽ മാർഷ് (ആസ്ട്രേലിയ), മാത്യു ബ്രീസ്കെ, ഡേവിഡ് മില്ലർ (ഇരുവരും ദക്ഷിണാഫ്രിക്ക) എന്നിവരാണ് മറ്റു വിദേശികൾ. ഷമറിനും ദേശീയ ഡ്യൂട്ടിയുണ്ട്.
രാജസ്ഥാൻ റോയൽസ്
രാജസ്ഥാൻ ഇതിനകം പ്ലേ ഓഫിലെത്താതെ പുറത്തായതിനാൽ വിദേശ കളിക്കാർ ശേഷിക്കുന്ന മത്സരങ്ങൾ ഒഴിവാക്കാനാണ് സാധ്യത. ഇംഗ്ലീഷ് പേസർ ജോഫ്ര ആർചർ വെസ്റ്റിൻഡീസിനെതിരായ പരമ്പരക്ക് ഒരുങ്ങുകയാണ്. വിൻഡീസ് ബാറ്റർ ഷിമ്രോൺ ഹിറ്റ്മെയർ തിരിച്ചെത്തില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ബൗളിങ് കോച്ച് ഷെയിൻ ബോണ്ടും വിട്ടുനിൽക്കുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

