കോഹ്ലിക്കും പടിക്കലിനും ഫിഫ്റ്റി, റോയലായി ആർ.സി.ബി; പഞ്ചാബ് തോൽവി ഏഴു വിക്കറ്റിന്
text_fieldsമുല്ലൻപൂർ: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് അനായാസ ജയം. സൂപ്പർതാരം വിരാട് കോഹ്ലിയുടെയും ദേവ്ദത്ത് പടിക്കലിന്‍റെയും അർധ സെഞ്ച്വറി മികവിൽ ഏഴു വിക്കറ്റിനാണ് ബംഗളൂരുവിന്‍റെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാഞ്ചാബ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ബംഗളൂരു 18.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. അർധ സെഞ്ച്വറിയുമായി കോഹ്ലി പുറത്താകാതെ നിന്നു. 54 പന്തിൽ ഒരു സിക്സും ഏഴു ഫോറുമടക്കം 73 റൺസെടുത്തു. 35 പന്തിൽ നാലു സിക്സും അഞ്ചു ഫോറുമടക്കം 61 റൺസെടുത്താണ് പടിക്കൽ പുറത്തായത്.
ആദ്യ ഓവറിൽ തന്നെ ഫിൽ സാൾട്ടിനെ (മൂന്നു പന്തിൽ ഒന്ന്) അർഷ്ദീപ് സിങ് പുറത്താക്കിയെങ്കിലും കോഹ്ലിയും പടിക്കലും ക്രീസിൽ നിലയുറപ്പിച്ചു. ശ്രദ്ധയോടെ ബാറ്റുവീശി ഇരുവരും ടീം സ്കോർ നൂറുകടത്തി. 59 പന്തിൽ 103 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്. പിന്നാലെ ഹർപ്രീത് ബ്രാറിന്‍റെ പന്തിൽ വധേരക്ക് ക്യാച്ച് നൽകി പടിക്കൽ പുറത്തായി. നായകൻ രജത് പട്ടീദാർ 13 പന്തിൽ 12 റൺസെടുത്ത് പുറത്താകുമ്പോൾ ടീമിന്‍റെ ലക്ഷ്യം 20 പന്തിൽ 15 റൺസായിരുന്നു.
സിക്സ് പറത്തിയാണ് ജിതേഷ് ശർമ ടീമിനെ വിജയത്തിലെത്തിച്ചത്. താരം എട്ടു പന്തിൽ 11 റൺസെടുത്തു. പഞ്ചാബിനായി അർഷ്ദീപ്, ഹർപ്രീത് ബ്രാർ, യുസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ,
ബംഗളൂരുവിന്‍റെ കണിശമായ ബൗളിങ്ങാണ് പഞ്ചാബ് ബാറ്റർമാരെ പിടിച്ചുകെട്ടിയത്. ഓപ്പണർ പ്രഭ്സിംറാൻ സിങ്ങാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. 17 പന്തിൽ ഒരു സിക്സും അഞ്ചു ഫോറുമടക്കം 33 റൺസെടുത്താണ് താരം പുറത്തായത്. 33 പന്തിൽ 31 റൺസുമായി ശശാങ്ക് സിങ് പുറത്താകാതെ നിന്നു. പ്രിയാൻഷ് ആര്യ (15 പന്തിൽ 22), ജോഷ് ഇംഗ്ലിഷ് (17 പന്തിൽ 29) എന്നിവരാണ് മറ്റു സ്കോറർമാർ.
ഓപ്പണർമാരായ പ്രിയാൻഷും പ്രഭ്സിംറാനും ടീമിന് മികച്ച തുടക്കം നൽകിയിരുന്നു. 4.2 ഓവറിൽ 42 റൺസാണ് ഇരുവരും അടിച്ചെടുത്തത്. ഇരുവരെയും ടീം ഡേവിഡിന്‍റെ കൈയിലെത്തിച്ച് ക്രുണാൽ പാണ്ഡ്യയാണ് മത്സരം ബംഗളൂരുവിന്‍റെ കൈയിലെത്തിച്ചത്. നായകൻ ശ്രേയസ് അയ്യർ 10 പന്തിൽ ആറു റൺസുമായി നിരാശപ്പെടുത്തി. റൊമാരിയോ ഷെപ്പേർഡിന്‍റെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച താരത്തെ ക്രുണാൽ പാണ്ഡ്യ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി.
കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടതോടെ ടീമിന്‍റെ സ്കോറിങ്ങിന്‍റെ വേഗതയും കുറഞ്ഞു. നെഹാൽ വധേര (ആറു പന്തിൽ അഞ്ച്), മാർകസ് സ്റ്റോയിനിസ് (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ബംഗളൂരുവിനായി സുയാഷ് ശർമയും രണ്ടു വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

