മാർഷിനും മാർക്രമിനും അർധ സെഞ്ച്വറി, പന്ത് വീണ്ടും ഫ്ലോപ്പ്; ലഖ്നോവിനെതിരെ ഹൈദരാബാദിന് 206 റൺസ് വിജയലക്ഷ്യം
text_fieldsലഖ്നോ: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 206 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു.
ഓപ്പണർമാരായ മിച്ചൽ മാർഷിന്‍റെയും എയ്ഡൻ മാർക്രമിന്‍റെയും അർധ സെഞ്ച്വറിയാണ് ടീം സ്കോർ 200 കടത്തിയത്. മാർഷ് 39 പന്തിൽ നാലു സിക്സും ആറു ഫോറുമടക്കം 65 റൺസെടുത്തു. മാർക്രം 38 പന്തിൽ നാലു വീതം സിക്സും ഫോറുമടക്കം 61 റൺസെടുത്തു. നിക്കോളാസ് പൂരനും തിളങ്ങി, 26 പന്തിൽ 45 റൺസെടുത്ത താരം റണ്ണൗട്ടാകുകയായിരുന്നു. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തിൽ ലഖ്നോവിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 10.3 ഓവറിൽ 115 റൺസാണ് അടിച്ചെടുത്തത്. പവർ പ്ലേയിൽ 69 റൺസ് നേടി. മാർഷിനെ ഇഷാൻ മലിംഗയുടെ കൈകളിലെത്തിച്ച് ഹർഷ് ദുബെയാണ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. നായകൻ ഋഷഭ് പന്ത് ഒരിക്കൽകൂടി നിരാശപ്പെടുത്തി.
ആറു പന്തിൽ ഏഴു റൺസാണ് താരത്തിന്‍റെ സമ്പാദ്യം. പന്തെറിഞ്ഞ മലിംഗ തന്നെ ക്യാച്ചെടുത്താണ് പന്തിനെ മടക്കിയത്. പിന്നാസെ മാർക്രം ഹർഷൽ പട്ടേലിന്‍റെ പന്തിൽ ബൗൾഡായി പുറത്തായതോടെ ടീമിന്‍റെ സ്കോറിങ് വേഗതയും കുറഞ്ഞു. അഞ്ചു പന്തിൽ മൂന്നു റൺസെടുത്ത് ആയുഷ് ബദോനി പുറത്തായി. അബ്ദുൽ സമദ് (ആറു പന്തിൽ മൂന്ന്), ഷാർദൂൽ ഠാക്കൂർ (ഒരു പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ആകാശ് ദീപ് ആറു റൺസുമായും രവി ബിഷ്ണോയി റണ്ണൊന്നും എടുക്കാതെയും പുറത്താകാതെ നിന്നു. ഹൈദരാബാദിനായി മലിംഗ രണ്ടു വിക്കറ്റും ദുബെ, പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ, ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ലഖ്നോവിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങിയത്. ഓസീസ് താരം ട്രാവിസ് ഹെഡ്, ജയ്‌ദേവ് ഉനദ്ഘട്ട് എന്നിവര്‍ കളിക്കുന്നില്ല. ലക്‌നൗവിന് വേണ്ടി വില്ല്യം ഒറൂര്‍ക്കെ ഐ.പി.എല്‍ അരങ്ങേറ്റം കുറിച്ചു.
തോറ്റാൽ ലഖ്നോ പ്ലേ ഓഫ് കാണാതെ പുറത്താകും. ഹൈദരാബാദ് നേരത്തെ പുറത്തായിരുന്നു. ലഖ്നോ ഇന്നത്തെ മത്സരം ഉൾപ്പെടെ ഇനിയുള്ള മൂന്നു മത്സരം ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ മത്സര ഫലം കൂടി ആശ്രയിക്കണം. അവസാന അഞ്ച് കളിയില്‍ നാലിലും തോറ്റതോടെയാണ് ലഖ്നോവിന്റെ വഴികള്‍ ദുര്‍ഘടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

