
ഐ.പി.എൽ: ലഖ്നൗക്കെതിരെ ഗുജറാത്തിന് 164 റൺസ് വിജയലക്ഷ്യം
text_fieldsഐ.പി.എല്ലിലെ 21-ാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റാൻസിന് 164 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 163 റൺസെടുത്തത്. മാർകസ് സ്റ്റോയിനിസിന്റെ അർധ സെഞ്ച്വറിയാണ് കുറഞ്ഞ സ്കോറിലൊതുങ്ങുമായിരുന്ന ലഖ്നോക്ക് തുണയായത്.
ആഞ്ഞടിക്കാതെ ബാറ്റ് ചെയ്ത സ്റ്റോയിനിസ് 43 പന്തുകളിലാണ് 58 റൺസെടുത്തത്. നാല് ഫോറും രണ്ട് സിക്സും താരം പറത്തി. ലഖ്നൗക്കായി നായകൻ കെ.എൽ രാഹുൽ 31 പന്തുകളിൽ 33 റൺസ് നേടി. കൂറ്റനടിക്കാരനായ നികോളാസ് പൂരാനും (22 പന്തുകളിൽ 32) നിരാശപ്പെടുത്തി. മൂന്ന് സിക്സറുകൾ പറത്തിയ താരം പുറത്താകാതെ നിന്നു. ആയുഷ് ബധോനി 11 പന്തുകളിൽ 20 റൺസെടുത്തു.
പേസർ ഉമേഷ് യാദവ് ഗുജറാത്തിനായി മൂന്നോവറിൽ 22 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ദർശൻ നികാണ്ടെ രണ്ടോവറിൽ 21 റൺസ് വഴങ്ങി രണ്ട് പേരെ പുറത്താക്കി. നാലോവറിൽ 28 റൺസ് വഴങ്ങി റാഷിദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
മൂന്ന് കളികളിൽ രണ്ട് ജയവുമായി ലഖ്നൗ നിലവിൽ നാലാം സ്ഥാനത്താണ്. നാല് കളികളിൽ രണ്ട ജയമുള്ള ഗുജറാത്ത് ഏഴാം സ്ഥാനത്താണ്.
