
ഐ.പി.എൽ മെഗാ താരലേലം; ബാംഗ്ലൂർ നിലനിർത്തുക ഈ രണ്ട് താരങ്ങളെ
text_fieldsഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസണിലേക്കുള്ള മെഗാ താരലേലം നടക്കാനിരിക്കെ തങ്ങളുടെ ഇഷ്ട ടീമുകൾ നിലനിർത്തുന്ന താരങ്ങളേതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. അതിനിടെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിൽ ഒന്നായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്തിയേക്കാവുന്ന രണ്ട് താരങ്ങളേതെന്ന് പുറത്തുവിട്ടിരിക്കുകയാണ് എൻ.ഡി.ടി.വി
മുൻ നായകൻ വിരാട് കോഹ്ലിയെയും ഓസീസിന്‍റെ വെടിക്കെട്ട് താരവും ആർ.സി.ബിയുടെ കുന്തമുനയുമായിരുന്ന ഗ്ലെൻ മാക്സ്വെല്ലിനെയുമാണ് ഫ്രാഞ്ചൈസി നിലനിർത്തുന്നത്. അതേസമയം, നാലുപേരെ നിലനിർത്താൻ അവസരമുള്ള ടീം അവശേഷിക്കുന്ന രണ്ടുപേർ ആരൊക്കെയാണെന്ന് തീരുമാനിച്ചിട്ടില്ല.
ഐപിഎൽ എട്ടാം സീസണിന് ശേഷം കോഹ്‌ലി ആർസിബി നായകസ്ഥാനം രാജിവച്ചിരുന്നു. എന്നാൽ, ഫ്രാഞ്ചൈസി ഇതുവരെ അവരുടെ പുതിയ നായകനെ പ്രഖ്യാപിച്ചിട്ടില്ല. 33 കാരനായ കോഹ്‌ലിയാണ് ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമായുള്ള താരം. കഴിഞ്ഞ സീസണിൽ താരം 405 റൺസാണ് ആർ.സി.ബിക്ക് വേണ്ടി അടിച്ചുകൂട്ടിയത്. ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞതോടെ ഇനി ടീമിന്‍റെ ബാറ്റിങ് നിരയെ നയിക്കുന്നതിനാകും താരം ശ്രദ്ധകൊടുക്കുക.