പ്ലേഓഫിലേക്ക് രാജസ്ഥാനും; അഞ്ചു വിക്കറ്റിന് ചെന്നൈയെ കീഴടക്കി
text_fieldsചെന്നൈക്കെതിരെ രാജസ്ഥാൻ താരം യശസ്വി ജയ്സ്വാളിന്റെ ബാറ്റിങ്
മുംബൈ: പുതുമുറക്കാർ നേരത്തെയുറപ്പിച്ച േപ്ലഓഫിലേക്ക് മൂന്നാമന്മാരായി രാജസ്ഥാനും. മുഈൻ അലിയുടെ കൂറ്റൻ അടികളും തുണക്കാതെ പോയ ചെന്നൈയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് സഞ്ജുവും സംഘവും അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്.
ആദ്യം ബാറ്റു ചെയ്ത ചെന്നൈക്ക് ലഭിച്ചത് തകർപ്പൻ തുടക്കം. ആദ്യ ആറോവറിൽ പിറന്നത് 75 റൺസ്. എന്നാൽ, അടുത്ത 75 എടുക്കാൻ വേണ്ടിവന്നത് 14 ഓവറും. കൂറ്റൻ അടികളുമായി മുഈൻ അലിയായിരുന്നു ചെന്നൈയുടെ താരം. ഋതുരാജ് ഗെയ്ക്‍വാദ് മടങ്ങിയ ഒഴിവിൽ രണ്ടാം ഓവറിന്റെ തുടക്കത്തിൽ ക്രീസിലെത്തിയ മുഈൻ ട്രെൻറ് ബൗൾട്ടിന്റെ ഒരോവറിൽ പറത്തിയത് 26 റൺസ്.
19 പന്തിൽ അർധ സെഞ്ച്വറി പിന്നിട്ട താരം പക്ഷേ, സ്പിന്നർമാരുടെ ഊഴമെത്തിയപ്പോൾ അൽപം വേഗം കുറച്ചു. കൂടെ കളിച്ചവരാകട്ടെ, അതിവേഗം കൂടാരം കയറുകയോ താളം കണ്ടെത്താനാകാതെ വിയർക്കുകയോ ചെയ്തു. 28 പന്ത് നേരിട്ട് 26 അടിച്ച ധോണി മാത്രമായിരുന്നു അപവാദം.
ഒരു വശത്ത്, സർവനാശവുമായി മുഈൻ അലിയുണ്ടായിട്ടും രാജസ്ഥാനെ രക്ഷിച്ചത് മക്കോയിയും യുസ് വേന്ദ്ര ചഹലും അശ്വിനുമടങ്ങിയ ബൗളിങ് നിര. മക്കോയിയും ചഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അശ്വിൻ ഒന്നും എടുത്തു. ഏറ്റവും കൂടുതൽ തല്ലുകൊണ്ട ബൗൾട്ടിനും കിട്ടി ഒരു വിക്കറ്റ്.
ശരാശരി ടോട്ടലിലേക്ക് ബാറ്റെടുത്ത രാജസ്ഥാനും തുടക്കം പതറി. അർധ സെഞ്ച്വറിയുമായി ഓപണർ യശസ്വി ജയ്സ്വാൾ (58) നൽകിയ തുടക്കം ഒടുവിൽ അശ്വിൻ (34) പൂർത്തിയാക്കുകയായിരുന്നു. സഞ്ജു സാംസൺ 15 ഉം ദേവ്ദത്ത് പടിക്കൽ മൂന്നും റൺസെടുത്ത് മടങ്ങി.