കാത്തിരിപ്പിന് വിരാമം; ഐ.പി.എൽ മത്സരക്രമം നാളെ
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിക്ക് ശേഷം ക്രിക്കറ്റ് ഗ്രൗണ്ടിൽ കളിയാരവം ഉയർന്നെങ്കിലും ഇന്ത്യൻ ആരാധകരുടെ കാത്തിരിപ്പ് നീണ്ടിരിക്കുകയായിരുന്നു. ഒരുപാട് കാലം നീട്ടിവെച്ച ശേഷം ഇന്ത്യൻ പ്രീമിയർ ലീഗ് ട്വൻറി20 പൂരത്തിന് ഈ മാസം 19ന് തിരിതെളിയാൻ പോകുകയാണ്.
ആരാധകർ ഏറെ കാലമായി കാത്തിരിക്കുന്ന ഐ.പി.എല്ലിെൻറ 13ാം എഡിഷെൻറ മത്സരക്രമം ഞായറാഴ്ച പുറത്തുവിടും. ചെയർമാൻ ബ്രിജേഷ് പട്ടേലാണ് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ യു.എ.ഇയിലേക്ക് സീസൺ പറിച്ച് നട്ടിരുന്നു. നവംബർ 10 വരെ ദുബായ്, അബൂദബി, ഷാർജ എന്നീ നഗരങ്ങളിലായാണ് ടൂർണമെൻറ് നടക്കുക.
നേരത്തെ തന്നെ യു.എ.ഇയിലെത്തിയ ടീമുകൾ പരിശീലനം തുടങ്ങിക്കഴിഞ്ഞു. കോവിഡ് ഭീഷണി നേരിടുന്ന ചെന്നൈ സൂപ്പർ കിങ്സ് കൂടി വെള്ളിയാഴ്ച പരിശീലനം ആരംഭിച്ചതോടെ ടീമുകൾ അങ്കപ്പുറപ്പാടിലേക്ക് കടന്നിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച രണ്ട് കളിക്കാരടക്കം ചെന്നൈ സ്ക്വാഡിലെ 13 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

